19 April 2024, Friday

ലൈറ്റ് മെട്രോ പദ്ധതി പരിഷ്കരിക്കും ?

കെ രംഗനാഥ്
തിരുവനന്തപുരം
October 7, 2021 9:29 pm

ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പാക്കാന്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ പൊളിച്ചെഴുതും. ഇതനുസരിച്ച് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ ലൈനിന്റെ ഗതിയിലും മാറ്റമുണ്ടാകും.മെട്രോ റയില്‍ നിര്‍മ്മാണത്തില്‍ അവസാനവാക്കെന്ന് മുദ്രകുത്തിയ മെട്രോമാന്റെ യാഥാര്‍ത്ഥ്യബോധമില്ലാത്ത കണക്കുകൂട്ടലുകളാണ് നിര്‍ദ്ദിഷ്ട തലസ്ഥാന, കോഴിക്കോട് ലൈറ്റ്മെട്രോ പദ്ധതികള്‍ അഴിച്ചുപണിയാന്‍ വഴിതുറക്കുന്നതെന്ന് ഈ പദ്ധതിയുടെ ചുമതലയുള്ള കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ വൃത്തങ്ങളില്‍ നിന്നറിവായി. മെട്രോമാന്‍ നിര്‍മ്മിച്ച കൊച്ചി മെട്രോയുടെ ദുര്‍ഗതിയാണ് പത്തുവര്‍ഷം മുമ്പ് അദ്ദേഹം തയാറാക്കിയ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകള്‍ക്കും സംഭവിക്കാന്‍ പോകുന്നതെന്ന ആശങ്കയുമുണ്ട്. പ്രതിദിനം 4.5 ലക്ഷം യാത്രക്കാരാണ് കൊച്ചി മെട്രോയില്‍ സഞ്ചരിക്കുകയെന്നായിരുന്നു ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്. എന്നാല്‍ പദ്ധതി മൂന്നുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ദിനംപ്രതി പതിനായിരം യാത്രക്കാരെപ്പോലും കിട്ടാതെ വലയുന്ന കൊച്ചി മെട്രോ ഇതിനകം 500 കോടി രൂപയുടെ നഷ്ടം വാരിക്കൂട്ടിക്കഴിഞ്ഞു. 

4500 കോടി രൂപ സംസ്ഥാനത്തെ ബാങ്കുകളില്‍ നിന്നും ഫ്രഞ്ച് ധനകാര്യ ഏജന്‍സിയിലും നിന്നെടുത്ത വായ്പ ജനുവരി മുതല്‍ തിരിച്ചടയ്ക്കാനും കഴിയില്ല. കാലക്രമേണ കൊച്ചി മെട്രോ തന്നെ ജപ്തിയിലാകുമെന്ന ആശങ്കയും ബാക്കി. തലസ്ഥാന മെട്രോയുടെയും കോഴിക്കോട് മെട്രോയുടേയും സഞ്ചാരപഥ നിര്‍ണയവും അശാസ്ത്രീയമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദ്യഘട്ടത്തില്‍ മൂന്നരലക്ഷവും രണ്ടാം ഘട്ടത്തില്‍ മൂന്നു ലക്ഷവും യാത്രക്കാരാണ് പ്രതിദിനമുണ്ടാകുന്നതെന്ന മെട്രോമാന്റെ കണക്കും സംശയാസ്പദമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കോഴിക്കോട് ലൈറ്റ് മെട്രോ തുടങ്ങി ആദ്യവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 80 കോടിയെങ്കിലും നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്.
കോഴിക്കോട് പദ്ധതിക്ക് ചെലവ് 2,773 കോടിയെങ്കില്‍ തലസ്ഥാന മെട്രോയ്ക്ക് 4,573 കോടിയാണ് ചെലവ്. ആദ്യഘട്ടത്തില്‍ മാത്രം ഇത്രയും തുക ചെലവഴിച്ച് പള്ളിപ്പുറം ടെക്നോസിറ്റി മുതല്‍ കരമന വരെയുള്ള 21.4 കിലോമീറ്റര്‍ ലൈറ്റ് മെട്രോ പാതയാണിടുക. 22 സ്റ്റേഷനുകളില്‍ നിന്നായി പ്രതിദിനം 3.8 ലക്ഷം യാത്രക്കാരാണുണ്ടാവുക എന്ന മെട്രോമാന്റെ കണക്കില്‍ വിദഗ്ധര്‍ അത്ഭുതം പ്രകടിപ്പിക്കുന്നു. പല സ്റ്റേഷനുകളും തമ്മില്‍ അര കിലോമീറ്റര്‍ പോലും അകലമില്ല.

പദ്ധതി മേഖലയില്‍ നൂറുകണക്കിന് സിറ്റി സര്‍വീസ് ബസുകളുമുണ്ട്. മെട്രോയുടെ രണ്ടു സ്റ്റേഷനുകള്‍ക്കിടയ്ക്ക് ബസുകള്‍ക്ക് രണ്ടും മൂന്നും സ്റ്റോപ്പുകളുമുള്ളതിനാല്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ജനം ബസുകളെയാണ് ആശ്രയിക്കുക. കഴക്കൂട്ടം, ശ്രീകാര്യം വഴി ബസ് സര്‍വീസുകളുടെ ബാഹുല്യമാണ്. ഇതിനാല്‍ ഈ ഭാഗത്ത് യാത്രാക്ലേശം തെല്ലുമില്ല. ഇതെല്ലാംകൊണ്ട് കഴക്കൂട്ടം, കാര്യവട്ടം, ശ്രീകാര്യം വഴി മെട്രോ പാത നീളുന്നത് ലാഭകരമാവില്ല. അതേസമയം കഴക്കൂട്ടത്തു നിന്നും ടെക്നോപാര്‍ക്കിന്റെ പ്രധാന കവാടം വഴി ലൈറ്റ് മെട്രോയുടെ അലൈന്‍മെന്റ് മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു. കഴക്കൂട്ടം — കാരോട് ബൈപ്പാസില്‍ ചാക്കവരെ മെട്രോ ലൈനിന്റെ പാത മാറ്റിയാല്‍ ആയിനത്തില്‍ മാത്രം 500 കോടി രൂപ ലാഭിക്കാം. ജനസാന്ദ്രതയില്ലാത്ത ഈ മേഖലയില്‍ സര്‍ക്കാര്‍ പുറമ്പോക്കടക്കം ആവശ്യമായ ഭൂമി കുറഞ്ഞവിലയ്ക്ക് ഏറ്റെടുക്കുകയും ചെയ്യാം. ഈ ഘടകങ്ങളാണ് മെട്രോമാന്റെ കാലഹരണപ്പെട്ട പദ്ധതി പൊളിച്ചെഴുതാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
eng­lish summary;The reports sub­mit­ted by Metro­man E Sreed­ha­ran to imple­ment the Light Metro projects will be scrapped
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.