ഐഎഎസ് ഉദ്യോഗസ്ഥരുടെ രാജി സിവില്‍ സര്‍വീസില്‍ ആശങ്ക സൃഷ്ടിക്കുന്നു

Web Desk
Posted on September 08, 2019, 10:09 pm

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ രാജി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ധനകാര്യ സെക്രട്ടറിയായിരുന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗ് മോഡി സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു. വ്യക്തമായ കാരണംകൂടാതെ ഊര്‍ജ്ജവകുപ്പിലേക്ക് സ്ഥലംമാറ്റിയതിലും ധനകാര്യ സെക്രട്ടറിയായിരിക്കെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസുമായി പലകാര്യങ്ങളിലും ഗാര്‍ഗ് അഭിപ്രായ ഭിന്നത പ്രകടപ്പിച്ചിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ രാജിവച്ചിരുന്നു. ജനാധിപത്യത്തിന്റെ ആധാരശിലകള്‍പോലും തകര്‍ക്കുന്ന സമയത്ത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി തുടരുന്നതില്‍ അര്‍ഥമില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനായ എസ് ശശികാന്ത് സെന്തില്‍ രാജിവച്ചു. നിതി ആയോഗില്‍ നിന്നും വൈര്യനിര്യാതന ബുദ്ധിയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനത്തേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് കൈലാഷ് മിത്തല്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥനും രാജിവച്ചിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി രാജിവയ്ക്കുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നതായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവിലെ ഭരണസംവിധാനത്തിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചാണ് രണ്ട് ഉദ്യോഗസ്ഥര്‍ രാജിവച്ചത്. ഇത് മറ്റുള്ളവരില്‍ ആത്മവിശ്വസം കുറയ്ക്കുന്നതിന് കാരണമാകുമെന്നാണ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ടി രഘുനന്ദന്‍ വ്യക്തമാക്കിയത്.
ഇപ്പോഴത്തെ രാജികള്‍ കേന്ദ്ര സര്‍ക്കാരും ഐഎഎസ് അസോസിയേഷനും ഗൗരവത്തിലെടുക്കണമെന്ന് പഞ്ചാബ് കേഡറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ കെ ബി എസ് സിന്ധു പ്രതികരിച്ചു. പലപ്പോഴും സ്വകാര്യ മേഖലയില്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തുന്നതിനാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ രാജിവയ്ക്കുന്നത്. എന്നാല്‍ ദേശീയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ഇപ്പോഴത്തെ രാജി. ഇത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും സിന്ധു വ്യക്തമാക്കി.
ഈ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തേണ്ട ഐഎഎസ് അസോസിയേഷന്‍ ഇപ്പോള്‍ നട്ടെല്ലില്ലാത്ത അവസ്ഥയിലാണ്. ഉദ്യോഗസ്ഥരുടെ രാജി സംബന്ധിച്ച് പ്രതികരിക്കാന്‍ ഐഎഎസ് അസോസിയേഷന്‍ ഇനിയും തയ്യാറായിട്ടില്ല.