Janayugom Online
Kanam thrissur

സംഘപരിവാര്‍ കലാപത്തില്‍ എന്‍ എസ് എസിനും ഉത്തരവാദിത്തം: കാനം

Web Desk
Posted on January 06, 2019, 9:25 pm
എഐവൈഎഫ് നവോത്ഥാന സംരക്ഷണ യാത്രകളുടെ സമാപനം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: ശബരിമല ഹര്‍ത്താലിന്റെ മറവില്‍ കേരളത്തിന്റെ തെരുവുകളില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട കലാപങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് എന്‍ എസ് എസിന് ഒഴിഞ്ഞു മാറാനാകില്ല എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ സാഹചര്യത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനെന്ന് പറയുന്ന ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് കലാപത്തില്‍ ഉത്തരവാദിത്വമുണ്ട്. സമദൂരത്തിലാണ് ഞങ്ങള്‍ എന്നു പറയുന്ന അദ്ദേഹം സംഘപരിവാര്‍ കലാപത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ഇത്തരമൊരു സമദൂരം എങ്ങനെ സ്വന്തം അണികളെയെങ്കിലും വിശ്വസിപ്പിക്കാനാകുമെന്ന് അദ്ദേഹം ചിന്തിക്കണം. എഐവൈഎഫ് നവോത്ഥാന സംരക്ഷണ യാത്രകളുടെ സമാപനം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം.

ഹര്‍ത്താലിന്റെ പേരില്‍ മൂന്ന് ദിവസം കേരളത്തിലങ്ങോളമിങ്ങോളം നടന്ന അക്രമങ്ങളില്‍ നാല്‍പതിനായിരത്തോളം പേര്‍ക്കെതിരെയാണ്. പോലീസ് കേസെടുത്തത്. നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ബോംബെറിയുന്ന ദൃശ്യം പോലീസ് പുറത്തു വിട്ടത് കേരളം കണ്ടു. വിശ്വാസത്തിന്റെ പേരില്‍ കലാപമുണ്ടാക്കുന്നത് ആരാണെന്ന് വ്യക്തമായിട്ടും സുകുമാരന്‍ നായര്‍ പറയുന്ന സമദൂരം എന്താണെന്ന് ജനത്തിന് ബോധ്യപ്പെട്ടതാണ്.
വിശ്വസികളെന്നും അവിശ്വാസികളെന്നും ജനങ്ങളെ വേര്‍തിരിച്ച് കലാപമുണ്ടാക്കാനുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കണം. വിശ്വാസം എന്നത് വ്യക്തിപരമാണ്. അത് സാമൂഹികമാണെന്ന് വരുത്തിതീര്‍ത്ത് വേര്‍തിരിവുണ്ടാക്കാനാണ് കലാപകാരികള്‍ ശ്രമിക്കുന്നത്. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പൗരന് സ്വാതന്ത്രം നല്‍കുന്ന ഭരണഘടനയാണ് നമ്മുടേത്. രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്തുന്നതാണ് ഭരണഘടനയുടെ തത്വങ്ങള്‍. പലപ്പോഴും ഭരണവര്‍ഗത്തിന്റെ വര്‍ഗതാല്‍പര്യങ്ങളെ സംരക്ഷിക്കുന്നത് എന്ന് തോന്നിക്കുമെങ്കിലും ഭൂരിപക്ഷത്തിന്റെ അവകാശത്തെ അംഗീകരിക്കുന്നു.
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെച്ചൊല്ലി കോടതിയില്‍ പോയത് ആര്‍എസ്എസും അതുമായി ബന്ധപ്പെട്ടവരുമാണ്. സ്ത്രീ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത് എന്ന് ആര്‍എസ്എസ് ദേശീയ നേതൃത്വം ശബരിമല വിധിയെ കുറിച്ച് പ്രസ്താാവനയിറക്കുകയും ചെയ്തു. എന്നിട്ടും കേരളത്തില്‍ ചേരിതിരിവുണ്ടാക്കി മുതലെടുപ്പു നടക്കാനുള്ള ഇരട്ടത്താപ്പുമായാണ് അവരുടെ നീക്കം.
സംസ്ഥാനത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് അതിലും നാണംകെട്ട അവസ്ഥയിലാണ്. മതേതരത്വത്തിനും നവേത്ഥാന സമരത്തിനും മുമ്പില്‍ നിന്ന പാരമ്പര്യമുള്ള ആ പാര്‍ട്ടിയുടെ ഇന്നത്തെ സംസ്ഥാന നേതാക്കള്‍ സംഘപരിവാരിന്റെ നയങ്ങള്‍ പിന്‍ന്തുടര്‍ന്ന് കലാപത്തിന് കൂട്ടുനിന്നു. പണ്ടൊക്കെ പറഞ്ഞിരുന്നത് കോണ്‍ഗ്രസ്സിന്റെ ബി ടീമാണ് ബിജെപി എന്നാണ്. ഇപ്പോള്‍ ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ് മാറി. ശബരിമല വിഷയത്തില്‍ ദേശീയ നേതൃത്വം താക്കീത് ചെയ്തതോടെ ഞങ്ങള്‍ നിയമ നിര്‍മ്മാണം ആവശ്യപ്പെടും എന്നഅഴകൊഴമ്പന്‍ നയത്തിലായിരിക്കുകയാണ് ചെന്നിത്തലയും കൂട്ടരും-കാനം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.