പി എ വാസുദേവൻ

കാഴ്ച

May 01, 2021, 4:15 am

കര്‍ഷക പ്രക്ഷോഭത്തിന്റെ ബാക്കിഭാഗങ്ങള്‍

Janayugom Online

ർഷകരുടെ മഹാസംഘർഷം തുടങ്ങിയിട്ട് മാസങ്ങളായി. ഡൽഹിയെ ചുറ്റി ആയിരക്കണക്കിന് കർഷകർ കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ ബില്ലുകൾ പിൻവലിക്കാനും തങ്ങൾക്ക് ന്യായമായ ജീവിത സാഹചര്യമുണ്ടാക്കാനും നടത്തുന്ന മഹാപ്രക്ഷോഭം സർക്കാർ കുറ്റകരമായ അനാസ്ഥയിലൂടെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. നാടിനെ ഊട്ടുന്നവരെ തണുപ്പിനും മഴയ്ക്കും തള്ളി കോർപ്പറേറ്റുകൾക്കായി ഭരണം നടത്തുന്നവരെ ഇനിയും അതിനനുവദിച്ചുകൂടാ. കർഷകരുടെ ശേഷി താനേ നശിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. അന്നദാതാക്കളെ നാശത്തിലേക്കു വലിച്ചെറിയാമെന്ന ധാരണയുടെ ഭ്രാന്ത് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോൾ സർക്കാർ കുറ്റകരമായ മൗനത്തിലാണ്.

അതിനിടയിൽ വീണ്ടും കർഷകദ്രോഹ നടപടികൾ അവർ നടപ്പിലാക്കുന്നു. കോവിഡ് വ്യാപനം നടന്നപ്പോൾ നബാർഡ് കുറച്ചു പണം ചെലവിട്ടിരുന്നു. കാർഷിക ചെറുകിട സംരംഭ മേഖലകളെ സംരക്ഷിക്കാനായിരുന്നു അത്. ഏതാണ്ട് 2500 കോടി രൂപയാണ് കേരളത്തിൽ ചെലവഴിച്ചത്. ഇപ്പോൾ കോവിഡിന്റെ രണ്ടാം വരവ് ശക്തമായിട്ടും ഈ പണം തിരിച്ചുപിടിക്കാനാണ് നബാർഡ് വൃത്തങ്ങൾ ശ്രമിക്കുന്നത്. കോവിഡിൽ തളരുന്ന ഗ്രാമീണ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ‘സ്പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി’ എന്ന വകുപ്പിൽ ആർബിഐ നിർദ്ദേശപ്രകാരമാണ് വായ്പ. സഹകരണ – ഗ്രാമീണ ബാങ്കുകൾ വഴിയാണ് വായ്പ നല്കിയതും. മെയ് നാലിനകം പണം തിരിച്ചടയ്ക്കണമെന്നതാണ് കർഷകർ നേരിടുന്ന ഒരു വൻ പ്രതിസന്ധി. ഭക്ഷ്യോല്പാദനം കൂട്ടാൻ സർക്കാർ പ്രഖ്യാപിച്ച ‘സുഭിക്ഷ കേരളം’ പദ്ധതിയിലെ കാർഷിക പ്രവർത്തനങ്ങൾക്കും ഇതിൽ നിന്നാണ് വായ്പ അനുവദിച്ചത്.

ഈ ജനവിരുദ്ധ ബില്ലുകൾ നീക്കം ചെയ്യുക മാത്രമല്ല, ഉത്തരേന്ത്യയിൽ നടക്കുന്ന മഹാ പ്രക്ഷോഭത്തിന്റെ ലക്ഷ്യം. ഈ സമരത്തിന്റെ പശ്ചാത്തലത്തിൽ കാർഷികരംഗത്തെക്കുറിച്ച് സവിശേഷമായ ഏറെ പഠനങ്ങൾ വന്നുകഴിഞ്ഞു. അവയിൽ ഉയർന്നുവന്ന ചില കാര്യങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കോവിഡ് പ്രതിസന്ധിയെക്കാൾ വലിയ പ്രതിസന്ധിയാകും കാർഷിക മേഖലയിലുണ്ടാവുക. കോവിഡ് പ്രതിസന്ധി കൂടുതൽ വഷളാവാതിരുന്നത് കർഷകർ അക്ഷീണ പരിശ്രമത്തിലൂടെ ഉല്പാദനം വർധിപ്പിച്ച് ഭക്ഷ്യപ്രശ്നം പരിഹരിച്ചതുകൊണ്ടാണ്. ഭക്ഷ്യ ഉല്പാദനവും ഫലവത്തായ പൊതുവിതരണവുമാണ് കഴിഞ്ഞ ഒരു വർഷത്തെ കോവിഡ് മഹാമാരി താങ്ങാൻ നമ്മെ സഹായിച്ചതെന്നത് അനുഭവമാണ്.

1980 കളിൽ പ്രധാന വിളകളുടെ ഉല്പാദനത്തിലുണ്ടായ വർധന കാർഷികരംഗത്തെ ലാഭം വർധിപ്പിച്ചു. എന്നാൽ 1980 മധ്യത്തോടെ നെല്ല്, ഗോതമ്പ് എന്നീ കൃഷികളിൽ യന്ത്രവല്ക്കരണവും രാസവള പ്രയോഗവും വർധിച്ചതോടെ കാർഷികരംഗത്തെ തൊഴിൽ കുറയുകയും കുറേ കുടുംബങ്ങൾ ജോലിക്കു പുറത്താവുകയും ചെയ്തു. പ്രാദേശിക തൊഴിലവസരങ്ങൾ ഈ രംഗത്ത് നഷ്ടപ്പെട്ടതോടെ മറ്റു തൊഴിൽ സാധ്യതകൾ ഇല്ലാത്തതിനാൽ ഗ്രാമീണദുരിതം വർധിച്ചു. കർഷക കുടുംബങ്ങളുടെ സാമ്പത്തിക ദാരിദ്ര്യം ആരംഭിക്കുന്നതിന്റെ കഥയിവിടെ തുടങ്ങുന്നു. ഈ ഘട്ടത്തിൽ വളർച്ചാ സിദ്ധാന്തങ്ങൾ പ്രകാരം ‘നോൺ ഫാം’ തൊഴിലുകൾ സൃഷ്ടിക്കപ്പെടണം. ഇന്ത്യയിൽ അത് വേണ്ടത്ര ഉണ്ടാവാത്തതുകൊണ്ട് ഗ്രാമീണ ദാരിദ്ര്യം അസാധാരണമാംവിധം വർധിച്ചു. ഗ്രാമീണമേഖല യന്ത്രവൽകൃതമാകുമ്പോഴുണ്ടാവുന്ന അധിക തൊഴിൽ ദ്വീതീയ, തൃതീയ മേഖലകളിൽ ചെന്നെത്തണം. അതിനു തക്ക ആസൂത്രണവും ഉണ്ടായില്ല.

കർഷകരുടെ പ്രശ്നങ്ങൾ വിപുലവും അഗാധവുമാണെന്നും കേന്ദ്ര സർക്കാരിന്റെ ആത്മാർത്ഥമായ ശ്രമങ്ങൾ ആവശ്യമാണെന്നതിന്റെ സൂചനയുമാണിത്. ഗൗരവതരമായൊരു സമീപനം ഇക്കാര്യത്തിൽ കേന്ദ്രം നടത്തിയിട്ടില്ല. ഈ കർഷക സമരം വന്നിട്ടും സർക്കാർ മർക്കടമുഷ്ടി പിടിച്ച് ബിൽ നടപ്പിലാക്കുമെന്നു പറയുകയല്ലതെ ആത്മാർത്ഥമായൊരു പരിഹാരശ്രമം നടത്തിയിട്ടുമില്ല. 1990 കളിൽ ആഗോളീകരണം കാർഷികോല്പന്ന വിലയും ആഗോള വിപണിയുമായി ബന്ധിപ്പിച്ചു. ഇക്കാലത്തുതന്നെ ഫാം സബ്സിഡി കുറയ്ക്കൽ, അതിയന്ത്രവല്ക്കരണം, രാസവളത്തിന്റെ ആധിപത്യം തുടങ്ങിയവ ഉല്പാദന ചെലവ് വർധിപ്പിച്ച് കർഷകരുടെ ലാഭം കുറച്ചു. പുറന്തള്ളപ്പെട്ട കർഷക തൊഴിലാളികൾക്ക് കോർപ്പറേറ്റ് ആധിപത്യമുള്ള ഉല്പാദന വ്യവസ്ഥയിൽ തൊഴിൽ കണ്ടെത്താനുമായില്ല. ഒപ്പംതന്നെ വരുമാനം നഷ്ടപ്പെട്ട ഗ്രാമീണ കുടുംബങ്ങൾക്ക് നല്കിയിരുന്ന സാമൂഹിക ക്ഷേമപദ്ധതികൾ സർക്കാർ വെട്ടിക്കുറച്ചു. വിദ്യാഭ്യാസം, ആരോഗ്യം എന്നിവ സാധാരണക്കാർക്ക് ലഭ്യമല്ലാത്തത്ര വിലകൂടിയതുമായി.

കർഷകരുടെ ദുരിതത്തിന്റെ ആന്തരിക ചിത്രമിതാണ്. ഇതിന്റെയൊക്കെ ദുരിതവുമായി കഴിഞ്ഞുകൂടുമ്പോഴാണ് ജനദ്രോഹപരമായ മറ്റു മൂന്നു ബില്ലുകൾ കർഷകരുമായോ ഇരു സഭകളിലെ പ്രതിനിധികളുമായോ ചർച്ചചെയ്യാതെ, വോട്ടിനിടാതെ പാസാക്കിയത്. അവരുടെ പ്രാദേശിക ചന്തകളുടെ സുരക്ഷിതത്വം ഇല്ലാതാക്കി, താങ്ങുവിലയും നിഷേധിച്ചു. ഇതാണ് സമരകാരണം. 1980 മുതൽ കർഷക ആത്മഹത്യകൾ വർധിച്ചുവരികയാണ്. പഞ്ചാബിലെ കർഷക ആത്മഹത്യകളിൽ 79 ശതമാനവും കടം കാരണമാണ്. ഈ മൂന്നു ബില്ലുകൾ വന്നശേഷം കർഷക ആത്മഹത്യകളുടെ എണ്ണം വളരെ കൂടിയതായി പഠനങ്ങൾ പറയുന്നു. നേരത്തെ തന്നെ ഉണ്ടായിരുന്ന രൂക്ഷമായ പ്രശ്നങ്ങൾക്കിടയിൽ ഈ ബില്ലുകൾ മറ്റൊരു വലിയ ആഘാതമാണ് സൃഷ്ടിച്ചത്. സമരം രൂക്ഷമാവാൻ കാരണം മറ്റൊന്നുമല്ല. പഞ്ചാബിലെ കർഷക കുടുംബങ്ങളിൽ നടന്ന സർവെ അതിദയനീയ ചിത്രമാണ് തരുന്നത്. ആത്മഹത്യകൾ പല കുടുംബങ്ങളിലെയും ഏക ആശ്രയമാണ് ഇല്ലാതാക്കിയത്. കുട്ടികൾ പണമില്ലാതെ സ്കൂൾ വിട്ടുപോയി. കല്യാണങ്ങൾ, ചികിത്സകൾ എന്നിവ മുടങ്ങി. തകർന്ന കുടുംബങ്ങളുമായി ബന്ധപ്പെടാനാഗ്രഹിക്കാത്തതുകൊണ്ടാണ് വിവാഹങ്ങൾ മിക്കതും മുടങ്ങിയത്.

പഞ്ചാബ് സർക്കാർ അത്തരം കുടുംബങ്ങൾക്ക് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരത്തിന് വ്യവസ്ഥയാക്കിയിട്ടുണ്ടെങ്കിലും പലർക്കും അത് കിട്ടുന്നില്ല. മിക്ക കുടുംബങ്ങളുടെയും കടബാധ്യത സ്വകാര്യ ഇടപാടുകാരുമായാണ് എന്നതാണ് കാരണം. കടം സംബന്ധിച്ച തെളിവുകൾ നല്കാൻ അവർക്ക് സാധിക്കുന്നില്ല. ദീർഘകാല ദുരിതങ്ങളും കടബാധ്യതകളും മിക്ക കർഷക കുടുംബങ്ങളിലും അസാധാരണമായ അസ്വാസ്ഥ്യങ്ങളുണ്ടാക്കിയിട്ടുണ്ട്. മാനസിക പ്രശ്നങ്ങളും കർഷകർക്കിടയിൽ കുറവല്ല.

കേന്ദ്ര സർക്കാരിന്റെ വകതിരിവുകെട്ട മൂന്നു ബില്ലുകളും അതിനെതിരെ കർഷകരുടെ മുന്നേറ്റവും മാത്രമല്ല ഇത്. കർഷകരുടെ പ്രശ്നം അതിന്റെ സമഗ്രതയിൽ തന്നെ കണ്ടെത്താനാണ് ശ്രമങ്ങൾ വേണ്ടത്. അതിന് കേന്ദ്ര സർക്കാർ വിശാലമായൊരു കമ്മിറ്റി ഉണ്ടാക്കി, അവരുടെ പഠനത്തിനുമേൽ അനുഭാവപൂർണമായ നടപടികൾ കൈക്കൊള്ളണം. നാം അറിഞ്ഞതിലും അഗാധവും സങ്കീർണവുമായ പ്രശ്നങ്ങൾ കർഷകർക്കുണ്ട്. അവ അവഗണിച്ച് ഈ മഹാ സമരത്തെ ഇല്ലാതാക്കാമെന്നാണ് കേന്ദ്ര സർക്കാരിന്റെ തന്ത്രം. അപ്പോഴും കർഷകരംഗത്തെ പ്രശ്നങ്ങളോ? അവ അവഗണിക്കാനാവുമോ. അങ്ങനെ വന്നാൽ കടുത്ത ഭക്ഷ്യക്ഷാമം വരുമ്പോൾ നാമെന്തുചെയ്യും. അതുകൊണ്ട് ഈ സമരത്തെ അവഗണിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നത് വിനാശകരമായ ഭാവിഫലങ്ങൾ ഉണ്ടാക്കും. ഉടനെ സമരക്കാരുമായി സംസാരിക്കണം. സർക്കാരിന്റെ ധിക്കാരവും മർക്കടമുഷ്ടിയും അയയണം. പ്രാദേശിക ചന്തകളുടെ ആശ്വാസം കർഷകർക്ക് ലഭിക്കണം. താങ്ങുവില നിയമപരമായി ഉറപ്പിക്കണം. ഈ സമരം തകർന്നാൽ നാടിന്റെ സമ്പദ്ഘടനയാണ് തകരുക. ഉടനെ പരിഹാരത്തിനായി ഹ്രസ്വകാല ‑ദീർഘകാല പരിപാടികൾ തുടങ്ങണം. ഹ്രസ്വകാല നടപടികളിൽ പ്രധാനം ഉടൻ കടാശ്വാസവും ഇരകളുടെ കുടുംബങ്ങൾക്കുള്ള ആശ്വാസ നടപടികളുമാണ്. ദീർഘകാല നടപടികളിൽ പ്രധാനം കാർഷികരംഗത്തെ സ്ഥൂല പ്രശ്നങ്ങളെയും വികസന പ്രശ്നങ്ങളെയും അഭിമുഖീകരിക്കുക എന്നതാണ്. ഇപ്പോഴത്തെ കർഷകരുടെ വേതനം അപര്യാപ്തമാണ്. വിലക്കയറ്റത്തിനനുഗുണമായി അത് പുതുക്കണം. കർഷകരുടെ ഭൂമിക്കുമേലുള്ള അവകാശം സുരക്ഷിതമാക്കണം. ‘ഇൻപുട്ട്‘കൾക്ക് സബ്സിഡി നല്കി, ചെറുകിട കർഷകരെ സംരക്ഷിക്കണം. സർക്കാരിന്റെ നിക്ഷേപം കൃഷിയിൽ വർധിപ്പിക്കാനുള്ള സ്ഥാപന സംവിധാനമൊരുക്കണം.

മൂന്നു ബില്ലുകളിലേക്കും, അതിനുമേലുള്ള സർക്കാരിന്റെ ദുരഭിമാനത്തിലേക്കും, അതിനെതിരെ മാത്രമുള്ള പ്രക്ഷോഭവുമായി മാത്രം ഇതിനെ കാണരുത്. ഈ പ്രക്ഷോഭം തളർന്നുകൂട.