8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 2, 2024
September 1, 2024
August 29, 2024
August 27, 2024
August 26, 2024
August 25, 2024
August 25, 2024
August 16, 2024
August 16, 2024
July 28, 2024

തന്റെയൊരു സിനിമ കലാ ലോകത്തിന് സമർപ്പിക്കാൻ കഴിയാതെ ലെസ്‍ലി ഡി ഹാരിയുടെ മടക്കം

Janayugom Webdesk
കോഴിക്കോട്
July 19, 2024 9:18 pm

ലെസ്‍ലി ഡി ഹാരിയുടെ മടക്കം തന്റെയൊരു സിനിമ കലാ ലോകത്തിന് സമർപ്പിക്കാൻ കഴിയാതെ ലെസ്‍ലി ഡി ഹാരിയുടെ മടക്കം. വയനാടൻ ജീവിതങ്ങൾ അഭ്രപാളികളിൽ പകർത്തി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ചേളന്നൂർ പാലത്ത് സ്വദേശിയായ തൃക്കൈപറമ്പത്ത് ലെസ്‍ലി ഡി ഹാരി ഏറെ ആഗ്രഹിച്ചിരുന്നു. വയനാട്ടിൽ സിനിമ ചിത്രീകരിക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയായിരുന്നു. ‘മാച്ചൻ’ എന്ന് പേരിട്ടിരുന്ന ഈ ചിത്രത്തിന് വേണ്ടി വർഷങ്ങളായുള്ള ഓട്ടത്തിലായിരുന്നു അദ്ദേഹം. സൗഹൃദങ്ങളെ ഹൃദയത്തോട് ചേർത്തുവെക്കുന്ന അദ്ദേഹത്തിന് സിനിമയിലേക്കുള്ള യാത്ര സാധ്യമാവുമായിരുന്നെങ്കിലും നടക്കാതെ പോയ സ്വപ്നമായി ‘മാച്ചൻ’ മാറി. ലെസ് ലിക്ക് മുമ്പിൽ സൗഹൃദങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നത് വിസ്മയക്കാഴ്ചയാണ്. ഇഷ്ടപ്പെടുന്നവരോടൊക്കെ അദ്ദേഹം കലഹിച്ചിട്ടുണ്ടാകും. തന്റെ പക്ഷം ശരിയാണെന്ന് വാശിയോടെ പറഞ്ഞിട്ടുണ്ടാകും. പക്ഷെ ഒരാളെപ്പോലും അദ്ദേഹം കൈവിട്ടിരുന്നില്ല. സർഗാത്മക പ്രവർത്തനങ്ങളിലൂടെ സുഹൃദ് വലയത്തെ വിപുലപ്പടുത്താനും അതു മുറിഞ്ഞുപോകാതെ കാക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ചിത്രകാരൻ, ശിൽപി, നാടക പ്രവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. നാടകത്തിൽ രചയിതാവായും സംവിധായകനായും അഭിനേതാവായും പ്രവർത്തിച്ചു. ഓരോ നാടകവും അദ്ദേഹത്തിന് ഓരോ ജീവിതമായിരുന്നു. ചിലപ്പോളത് പ്രതിഷേധവും പ്രതിരോധവുമായി മാറി. യുവകലാസാഹിതി കക്കോടി മണ്ഡലം വൈസ് പ്രസിഡന്റായും സിപിഐ ചേളന്നൂർ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചുവരികെയാണ് അകാലത്തിൽ വലിയ സ്വപ്നങ്ങൾ ബാക്കിവെച്ച് ലെസ്‍ലി യാത്രയാവുന്നത്. വയനാട്ടിൽ താമസിച്ചിരുന്ന കാലത്ത് യുവകലാസാഹിതിയുടെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോടൻ കളിത്തട്ട്, നന്മ, ചില്ല കോട്ടൂളി, കേരള സർവ്വകലാസംഘം, തിരൂർ തുഞ്ചൻ കലാ കൂട്ടായ്മ എന്നിവയുടെ പ്രവർത്തനങ്ങളിലും പങ്കാളിയായും നേതൃത്വപരമായും പ്രവർത്തിച്ചു. നിരവധി ഷോർട്ട് ഫിലിമുകളും സംഗീത ആൽബങ്ങളും സംവിധാനം ചെയ്തു.

ചിത്രകലയിലും ശിൽപ നിർമാണത്തിലും അസാമാന്യ കഴിവുണ്ടായിരുന്നു. തിരൂരിലെ തുഞ്ചൻ കലാ കൂട്ടായ്മ സംഘടിപ്പിച്ച ബിനാലെയുടെ മുഖ്യ സംഘാടകനായിട്ടാണ് അവസാനം പ്രവർത്തിച്ചിരുന്നത്. ചെറുപ്രായത്തിൽ തന്നെ കലാപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന ലെസ്‍ലി ഡി ഹാരി ചതുരക്കളങ്ങൾക്ക് പുറത്തേക്ക് തന്റെ കലാസപര്യയെ വികസിപ്പിച്ചു നിർത്തിയ പ്രതിഭാശാലിയായിരുന്നു. പാലത്ത് ചേളന്നൂർ പ്രേമന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. വാർഡ് മെമ്പർ ചന്തു കുട്ടി മാസ്റ്റർ, സിപിഐ മണ്ഡലം സെക്രട്ടറി കെ കെ പ്രദീപ് കുമാർ, സിപിഎം ലോക്കൽ സെക്രട്ടറി സതീശൻ, എൻ സി പി മണ്ഡലം പ്രസിഡന്റ് എൻ പ്രേമരാജൻ, മുസ്ലിം ലീഗ് നേതാവ് സി ടി അബ്ദുറഹ്‌മാൻ, കോഴിക്കോടൻ കളിത്തട്ട് സെക്രട്ടറി ജയശങ്കർ കിളിയങ്കണ്ടി, യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് ടി ഹസ്സൻ, ശാരദ പാലത്ത്, നൗഫൽ മടവൂർ, ഹൈദർ മടവൂർ, വിജയകുമാർ പൂതേരി, മുഹമ്മദ് പാലത്ത്, സന്ദീപ് എ കെ, കേശവൻ വയനാട് എന്നിവർ സംസാരിച്ചു. സിപിഐ സംസ്ഥാന എക്സി. അംഗം ടി വി ബാലൻ, നടൻ വിജയൻ കാരന്തൂർ, നാടക പ്രവർത്തകൻ ബാബു ഒലിപ്രം തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. പടം തന്റെ ഗുരു വയനാടൻ കുഞ്ചാക്കോയ്ക്ക് താൻ നിർമിച്ച അദ്ദേഹത്തിന്റെ ശിൽപം സമ്മാനിക്കുന്ന ലെസ്‍ലി ഡി ഹാരി

Eng­lish sum­ma­ry ; The return of Leslie D Har­ry after not being able to present one of his films to the art world 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.