ചിന്നക്കനാലില്‍ നൂറോളം ഏക്കര്‍ കയ്യേറ്റഭൂമി റവന്യു വകുപ്പ് ഏറ്റെടുക്കുന്നു

Web Desk
Posted on June 01, 2019, 10:49 pm

തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലില്‍ സ്വകാര്യകമ്പനികളും വ്യക്തികളും അനധികൃതമായി കയ്യേറിയ നൂറോളം ഏക്കര്‍ ഭൂമി ഒഴിപ്പിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി അപ്പോത്തിയോസിസ് ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി കൈവശപ്പെടുത്തിയ പതിമൂന്നോളം ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ദേവികുളം സബ്കളക്ടറെ റവന്യു വകുപ്പ് ചുമതലപ്പെടുത്തി. വ്യാജമായി ചമച്ച പട്ടയം റദ്ദ് ചെയ്താണ് ഭൂമി ഏറ്റെടുക്കുക.

ഇതിന് പുറമേ ഗ്രീന്‍ ജംഗിള്‍, പനോരമിക്ക്, ആഴി എന്നീ റിസോര്‍ട്ടുകള്‍ ആര്‍ഡിഎസ് പ്രോജക്ട് സ്‌കൈ ജൂവലറി, മോണ്ട് ഫോര്‍ട്ട് സ്‌കൂള്‍ എന്നിവര്‍ ഭൂമി കയ്യേറിയ കേസുകള്‍ അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ദേവികുളം സബ്കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജകുമാരി ഭൂമി പതിവ് ഓഫീസില്‍ നിന്ന് ഒരിക്കല്‍ പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയുടെ പേരില്‍ വ്യാജപട്ടയം നിര്‍മിച്ചും വ്യാജ ആധാരങ്ങള്‍ ചമച്ചും പതിച്ചുകിട്ടിയ ഭൂമി നിയമവിരുദ്ധമായി കൈമാറ്റം ചെയ്തുമൊക്കെയാണ് സര്‍ക്കാര്‍ ഭൂമി സ്ഥാപനങ്ങളും വ്യക്തികളും കൈവശപ്പെടുത്തിയത്.

രാജകുമാരി ഭൂമി പതിവ് ഓഫീസില്‍ നിന്നും അനുവദിച്ചിട്ടുള്ള പട്ടയങ്ങളുടെയും ഭൂപതിവ് രേഖകളുടെയും അടിസ്ഥാനത്തിലും വ്യാജ പട്ടയങ്ങളും ആധാരങ്ങളും നിര്‍മ്മിച്ചും സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയത് സംബന്ധിച്ച് അന്വേഷിക്കുന്നതിന് ഏപ്രില്‍ 29 ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രസ്തുത സമിതി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നൂറോളം ഏക്കര്‍ കയ്യേറ്റ ഭൂമി ഒഴിപ്പിച്ച് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. മെയ് 25 നാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്.

അനധികൃത ഇടപാടുകള്‍ ഏതാനും ചില റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടന്നിട്ടുള്ളതെന്ന് റിപ്പോര്‍ട്ടിലുണ്ട്. കയ്യേറ്റത്തിനായി ചമച്ച വ്യാജ ആധാരങ്ങള്‍ രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് റദ്ദു ചെയ്യും. ഇടപാടുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ പങ്കാളികളായവരും റിട്ടയര്‍ ചെയ്തവരുമായ മുന്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി എം ജേക്കബ്, ഉടുമ്പന്‍ചോല താലൂക്കിലെ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ഉണ്ണികൃഷ്ണന്‍ നായര്‍, മൂന്നാര്‍ ദൗത്യസംഘത്തില്‍ മുമ്പ് ജൂനിയര്‍ സൂപ്രണ്ടായിരുന്ന എസ് രാജീവ്, രാജകുമാരി ഭൂമി പതിവ് ഓഫീസിലെ മുന്‍ തഹസില്‍ദാര്‍ എസ് ബാബു, മുന്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാരായ പി എസ് ഭാനുകുമാര്‍, പി പി ജോയി, ഉടുമ്പന്‍ചോല താലൂക്കോഫീസിലെ മുന്‍ ക്ലാര്‍ക്കുമാരായ കെ പ്രദാസ് കുമാര്‍, ജോര്‍ജ്ജ് ജോസഫ്, രാജകുമാരി ഭൂമിപതിവ് ഓഫീസിലെ ക്ലാര്‍ക്കായിരുന്ന ബിജു ജോസഫ്, സര്‍വെയര്‍മാരായ ബിനോയ് സെബാസ്റ്റ്യന്‍, അനൂപ് എം എസ് എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പട്ടയങ്ങള്‍, വ്യാജ ആധാരങ്ങള്‍ എന്നിവ റദ്ദ് ചെയ്യുക, സര്‍ക്കാര്‍ ഭൂമി, ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കുക എന്നീ നടപടികള്‍ നാലുമാസത്തിനകം പൂര്‍ത്തീകരിക്കേണ്ടതാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു.