March 30, 2023 Thursday

കഴുമരത്തെ ഭയക്കാത്ത വിപ്ലവകാരി

യു വിക്രമൻ
March 22, 2020 11:55 am

‘സൗരഭമുള്ള പൂമാല കഴുത്തിലണിയുന്ന അനുഭൂതിയോടെ കൊലക്കയർ കഴുത്തിലിട്ട് അവസാന നിമിഷം ഇൻക്വിലാബ് സിന്ദാബാദ് മുഴക്കി കഴുമരമേറുന്നതിന് ഞങ്ങൾക്ക് യാതൊരു ഭയവുമില്ല. ‘സാന്റേഴ്സൺ വധത്തോടനുബന്ധിച്ച് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ പേരിൽ ഭഗത്സിംഗ് നടത്തിയ പ്രഖ്യാപനമാണിത്. മൂന്ന് കൊല്ലങ്ങൾക്ക് ശേഷം പൂമാല പോലെ കൊലക്കയർ കഴുത്തിലണിഞ്ഞ് ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് രക്തസാക്ഷി എന്ന പേര് നേടി ഭഗത്സിംഗും കൂട്ടരും യാത്രയായി. ലോകത്തെങ്ങുമുള്ള വിപ്ലവകാരികൾക്ക് എന്നും ആവേശം വാരിവിതറിക്കൊണ്ട്, സിരകളെ ത്രസിപ്പിച്ചുകൊണ്ട് ഒരിക്കലും ഒളിമങ്ങാത്ത നാമങ്ങളായി ഭഗത്സിംഗും കൂട്ടരും ജ്വലിച്ചു നിൽക്കുന്നു.

”ഞാൻ അഭിമാനത്തോടെയും ആഹ്ലാദത്തോടെയും കൊലമരത്തിൽ കയറും. അങ്ങനെ വിപ്ലവകാരികൾ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടി ജീവൻ ത്യജിക്കുന്നതെന്ന് ലോകത്തിനു മുമ്പിൽ തെളിയിച്ചു കൊടുക്കും” — ഭഗത്സിംഗിനൊപ്പം ഇൻക്വിലാബ് സിന്ദാബാദ് മുഴക്കിയ ബട്കേശ്വർ ദത്തിന് തനിക്ക് വധശിക്ഷ വിധിക്കപ്പെട്ട ശേഷം എഴുതിയ കത്തിൽ ഭഗത്സിംഗ് പ്രഖ്യാപിച്ചു. ”എനിക്ക് വധശിക്ഷയാണ് വിധിക്കപ്പെട്ടതെങ്കിൽ താങ്കൾക്ക് ജീവപര്യന്തം നാടുകടത്താനുള്ള ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ആ നിലയ്ക്ക് താങ്കൾ ജീവിക്കും. അങ്ങനെ ജീവിച്ചിരിക്കുമ്പോൾ താങ്കൾ ലോകത്തിനു മുമ്പാകെ തെളിയിച്ചു കൊടുക്കേണ്ടത് വിപ്ലവകാരികൾ തങ്ങളുടെ ആദർശങ്ങൾക്കു വേണ്ടി മരിക്കാൻ മാത്രമല്ല തയ്യാറാകുന്നത്. മറിച്ച് ഏത് ദുർഘട ഘട്ടങ്ങളെയും ധീരമായി പ്രതിരോധിക്കാനും അവർക്കു കരുത്തുണ്ടെന്നാണ്”- ഭഗത്സിംഗ് ഓർമപ്പെടുത്തി.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഉറക്കംവരാത്ത രാത്രികൾ സമ്മാനിച്ച, ഇന്ത്യയുടെ വീര പോരാളി ഭഗത്സിംഗിന്റെ രക്തസാക്ഷിത്വത്തിന് 89 വർഷം പൂർത്തിയാവുകയാണ്. ഭഗത്സിംഗ് ഇന്ത്യൻ ജനതയുടെ അഭിമാനം ഉയർത്തിക്കാട്ടിയ സൂര്യതേജസ്സാണ്. ദേശീയ സമരത്തിന്റെ പടക്കളത്തിൽ വെള്ളക്കാരെ കിടിലം കൊള്ളിച്ച ഈ യുവ വിപ്ലവകാരി, നവ ജവാൻ ഭഗത്സിംഗ് നേതൃത്വം നൽകിയതിലൂടെ ബ്രിട്ടീഷ് പട്ടാളക്കാരന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തുവാൻ തുടങ്ങുകയായിരുന്നു. ഭഗത്സിംഗ് ഉയർത്തിവിട്ട മുദ്രാവാക്യം ഇന്ത്യൻ യുവത്വത്തിന്റെ രക്തധമനികളിൽ സാമ്രാജ്യത്വ വിരുദ്ധ ശക്തിയായി മാറി. ചോരയ്ക്ക് ചോര, ജീവന് ജീവൻ എന്നതായിരുന്നു ഭഗത്സിംഗിന്റെ പ്രഖ്യാപനം. കച്ചവടം ചെയ്യുവാൻ കടന്നു വന്നവർ ഭരണം കൈവശമാക്കി രാജ്യാവകാശികളെ കൊന്നൊടുക്കുന്ന കാട്ടുനീതിക്കെതിരായ ശക്തമായ മുന്നറിയിപ്പായിരുന്നു ഭഗതിന്റെ ശബ്ദം. യുവാക്കളിൽ സമരാവേശം ജ്വലിപ്പിച്ച ഭഗത്സിംഗ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ വിപ്ലവകാരികളെയും അവരുടെ സംഘടനയെയും ഉന്മൂലനം ചെയ്യാൻ ബ്രിട്ടീഷ് ഭരണാധികാരികൾ അവലംബിക്കാത്ത മാർഗ്ഗങ്ങളില്ല. ഭരണാധികാരികൾ ഏറ്റവും ഭയപ്പെട്ടത് വിപ്ലവകാരികളുടെ ആയുധങ്ങളെയായിരുന്നില്ല. വിപ്ലവകാരികൾ എണ്ണത്തിൽ കുറവായിരുന്നു. അവരുടെ സംഘടനയ്ക്ക് കാര്യമായ ബഹുജന പിന്തുണ ഉണ്ടായിരുന്നുമില്ല. എന്നാൽ അവരുടെ ലക്ഷ്യവും അവർ പ്രചരിപ്പിച്ച ആശയവും ഏറ്റവും മാരകവും അപകടകരവുമായാണ് ബ്രിട്ടീഷ് ഭരണാധികാരികൾ കണ്ടത്. ജനകോടികളെ ആവേശം കൊള്ളിക്കാൻ ഭഗത്സിംഗും ചന്ദ്രശേഖർ ആസാദും സഖാക്കളും ഉയർത്തിപ്പിടിച്ച ആശയങ്ങൾക്കു കഴിഞ്ഞു. ഭരണാധികാരികൾക്കെന്നപോലെ വിപ്ലവകാരികൾക്കും ഇത് ബോദ്ധ്യമായിരുന്നു. ലാഹോർ ഹൈക്കോടതി ബഞ്ച് മുമ്പാകെ നടത്തിയ പ്രസ്താവനയിൽ ഭഗത്സിംഗ് പറഞ്ഞു. ”വിപ്ലവം എന്ന പദത്തിന് സാധാരണയായി തെറ്റായ ഒരർത്ഥം നൽകിപ്പോരുന്നുണ്ട്. ഞങ്ങളുടെ ധാരണ അതല്ല. ബോംബുകളും കൈത്തോക്കുകളും വിപ്ലവം സൃഷ്ടിക്കുകയില്ല. വിപ്ലവ ഖഡ്ഗം ആശയങ്ങളുടെ ഉരകല്ലിലാണ് കൂർപ്പിച്ചെടുക്കുന്നത്.

” 1930 ഡിസംബർ 23-ാം തീയതി പഞ്ചാബ് ഗവർണർ ലാഹോറിലെ സർവകലാശാല ഹാളിൽ നിന്നും ബിരുദ ദാന പ്രസംഗം നടത്തി പുറത്തേക്ക് വരുമ്പോൾ ഹരികിഷൻ അദ്ദേഹത്തിന്റെ നേർക്ക് വെടിവച്ചു. ഒരാൾ മരിക്കുകയും ഗവർണർക്ക് ചെറിയ പരിക്കുകൾ പറ്റുകയും ചെയ്തു. ഹരികിഷന്റെ അഭിഭാഷകൻ എതിർവാദത്തിനു സ്വീകരിച്ച സമീപനം, ഹരികിഷൻ ഗവർണറെ വധിക്കുന്നതിന് വേണ്ടിയല്ല ഒരു മുന്നറിയിപ്പ് നൽകുക മാത്രമായിരുന്നു ഉദ്ദേശം എന്നാണ്. എതിർവാദത്തിന് ഇത്തരത്തിലൊരു സമീപനം സ്വീകരിക്കുന്നതിനോട് ഭഗത്സിംഗ് വിയോജിച്ചു. വിപ്ലവകാരികളുടെ കേസ് നടത്തേണ്ടത് എങ്ങനെ ആയിരിക്കണമെന്ന് വിശദീകരിച്ചു കൊണ്ടുള്ള ഒരു കത്ത് ജയിലിനു പുറത്തുള്ള സുഹൃത്തുക്കളിൽ ഒരാൾക്ക് എഴുതി. ഈ കത്ത് പീപ്പിൾ എന്ന പത്രത്തിൽ 1931 ജൂണിൽ പ്രസിദ്ധീകരിച്ചു. രാജ്യത്തിലെ ആദ്യ യുവജന പ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളായിരുന്ന ഭഗത്സിംഗ് ലക്ഷോപലക്ഷം യുവാക്കളെയാണ് തന്റെ പ്രവൃത്തിയിലൂടെയും ആശയങ്ങളിലൂടെയും സ്വാതന്ത്ര്യസമരഭൂമിയിലേക്ക് കൈപിടിച്ചുനയിച്ചത്. ധീരൻമാരുടെ ഒരു മഹാകുടുംബത്തെതന്നെ അതുവഴി ഇന്ത്യൻ സ്വാതന്ത്ര്യസമരഭൂമിക്ക് ലഭ്യമായി. നവജവാൻ ഭാരത്സഭയും ഹിന്ദുസ്ഥാൻ റിപബ്ലിക്ക് സോഷ്യലിസ്റ്റ് പാർട്ടിയും ഇന്ത്യൻ യുവത്വത്തിന്റെ പ്രഹരശേഷി പ്രകടമാക്കാൻ തുടങ്ങുന്നതിന്റെ ആദ്യ പ്രകാശരേണുക്കളായിരുന്നു. ഇന്ത്യയിൽ വളർന്നു പന്തലിച്ച സംഘടിതയുവജന പ്രസ്ഥാനത്തിന്റെ വിത്തുപാകലായിരുന്നു അത്. 1929 ൽ ലാഹോറിൽ വച്ച് സുബാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ നടന്ന രണ്ടാം പഞ്ചാബ് വിദ്യാർത്ഥി സമ്മേളനത്തിന് ഭഗത്സിംഗ് ഒരു സന്ദേശമയച്ചു. വരാൻ പോവുന്ന വിപ്ലവപോരാട്ടങ്ങളിൽ പങ്കുചേരാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്ത സന്ദേശം ഭഗത്സിംഗും ബട്കേവർ ദത്തും കൂടി ഒപ്പുവെച്ചാണ് അയച്ചത്.

രാജ്യത്തിന്റെ ചരിത്രത്തിലെ വിലയേറിയ ഇന്നത്തെ കാലഘട്ടത്തിൽ യുവാക്കൾ വർദ്ധിച്ച ചുമതലകളുടേതായ ഭാരം വഹിക്കേണ്ടതുണ്ടെന്ന് സന്ദേശത്തിൽ ഭഗത്സിംഗ് ഓർമ്മപ്പെടുത്തി. ലാഹോർ ഗൂഢാലോചനകേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. 1930 ജനുവരി 21-ാം തീയതി ഭഗത്സിംഗും ഗൂഢാലോചന കേസിലെ മറ്റു പ്രതികളും കോടതിയിൽ ഹാജരായത് കഴുത്തിൽ ചുവന്ന ഉറുമാലുകൾ കെട്ടിക്കൊണ്ടായിരുന്നു. ജനുവരി 21 ലെനിൻ ദിനമായിരുന്നു. ലെനിൻ നിര്യാതനായതിന്റെ ആറാം വാർഷികം. ”ഞങ്ങളുടെ ഹൃദയം നിറയെ ഞങ്ങളുടെ ശിരസ്സുകൾ ബലിയർപ്പിക്കാനുള്ള അഭിലാഷമാണ് ഉള്ളത്. ” എന്ന പ്രസിദ്ധമായ ഉറുദു കവിതയിലെ രണ്ട് വരികൾ അവർ ചൊല്ലി. അതിനുശേഷം ‘സോഷ്യലിസം നീണാൾ വാഴട്ടെ… ‘, ‘കമ്മ്യൂണിസം നീണാൾ വാഴട്ടെ… ’ ‘ലെനിന്റെ നാമം അനശ്വരമാണ്… ’ ‘ജനങ്ങൾ നീണാൾ വാഴട്ടെ… ’ ‘സാമ്രാജ്യത്വം നശിക്കട്ടെ… ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി. മാത്രമല്ല കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന് അയയ്ക്കാൻ ഒരു സന്ദേശം കോടതിയെ ഏൽപ്പിക്കുകയും ചെയ്തു. കോടതിയിൽ വായിച്ച സന്ദേശത്തിൽ ഭഗത്സിംഗും അദ്ദേഹത്തിന്റെ സമരസഖാക്കളും ഇങ്ങനെ പറഞ്ഞു: ”ഈ ലെനിൻ ദിനത്തിൽ മഹാനായ ലെനിന്റെ ആശയങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ എന്തെങ്കിലും ചെയ്യുന്ന എല്ലാവർക്കും ഞങ്ങളുടെ ഹൃദയപൂർവ്വമായ അഭിവാദനങ്ങൾ. റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന മഹത്തായ പരീക്ഷണങ്ങൾക്ക് ഞങ്ങൾ വിജയമാശംസിക്കുന്നു. സാർവ്വദേശീയ തൊഴിലാളി വർഗ്ഗത്തോടൊപ്പം ഞങ്ങൾ ഞങ്ങളുടെ ശബ്ദവും ഉയർത്തുന്നു. തൊഴിലാളി വർഗ്ഗം വിജയിക്കും. മുതലാളിത്തം പരാജയപ്പെടും. സാമ്രാജ്യത്വം നശിക്കട്ടെ! ” 1925 മുതൽ പഞ്ചാബിൽ ‘നവജവാൻ ഭാരത് സഭ’ എന്ന വിപ്ലവ യുവജനസംഘടന വഴി ഭഗത്സിംഗ് സോഷ്യലിസ്റ്റാശയങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയിരുന്നു. അന്ന് ആ ധീരവിപ്ലവകാരിക്ക് 17 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു.

ബഹുജനങ്ങളുടെ വിപ്ലവകരമായ സമരങ്ങൾ കൊണ്ടു മാത്രമേ ഇന്ത്യയെ കൊളേണിയൽ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് അവർ ഉറപ്പിച്ച് പറഞ്ഞു. എന്നാൽ ബഹുജന സമരങ്ങളും ജനമർദ്ദകരായ വ്യക്തികൾക്കെതിരായ ‘ഭീകര’നടപടികളും കൂട്ടിയിണക്കിക്കൊണ്ടുപോകണമെന്നും ഭീകരകൃത്യങ്ങൾ ഏതൊരു വിപ്ലവത്തിലും അനിവാര്യമാണെന്നുമായിരുന്നു അവരുടെ വിശ്വാസം. അതനുസരിച്ച് പഞ്ചാബിലെയും യു. പി. യിലേയും രജപുത്താനയിലെയും ബീഹാറിലേയും മറ്റും ഭീകരപ്രവർത്തകരായ വിപ്ലവകാരികളെ ഏകോപിപ്പിച്ച് ‘ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് അസോസിയേഷൻ’ എന്ന വിപ്ലവ രാഷ്ട്രീയ സംഘടനയ്ക്ക് രൂപം നൽകാൻ ഭഗത്സിംഗ് നേതൃത്വം നൽകി. ഭഗത്സിംഗ് ഇന്ത്യയിലെ ഏറ്റവും മഹാനായ ഒരു സ്വാതന്ത്ര്യസമരസേനാനിയും വിപ്ലവ സോഷ്യലിസ്റ്റും മാത്രമായിരുന്നില്ല. ഈ രാജ്യത്തിലെ ആദ്യകാല മാർക്സിസ്റ്റ് ചിന്തകരിലും പ്രത്യയശാസ്ത്രജ്ഞരിലും ഒരാൾ കൂടിയായിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ ഇക്കാര്യം താരതമ്യേന അജ്ഞാതമാണ്. അതിന്റെ ഫലമായി നാനാതരം പിന്തിരിപ്പൻമാരും വിജ്ഞാന വിരോധികളും വർഗ്ഗീയവാദികളും സ്വന്തം രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങൾക്കും വേണ്ടി ഭഗത്സിംഗിന്റെയും ചന്ദ്രശേഖർ ആസാദിനെപ്പോലുള്ള അദ്ദേഹത്തിന്റെ സമരസഖാക്കളുടെയും പേരും പെരുമയും വ്യാജമായും സത്യവിരുദ്ധമായും ഉപയോഗപ്പെടുത്താൻ ശ്രമിച്ചുവരുന്നു. നന്നേ ചെറുപ്പത്തിൽ, കേവലം 23-ാം വയസ്സിൽ ഭഗത്സിംഗ് വധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തയും പ്രവർത്തനവും വളരെ നേരത്തെ തന്നെ രൂപമെടുക്കാൻ തുടങ്ങിയിരുന്നു. ഗാന്ധിയൻ ദേശീയവാദത്തിൽ നിന്ന് വിപ്ലവതീവ്രവാദത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം വളരെ വേഗത്തിലായിരുന്നു. എന്നാൽ 1927–28 കാലത്ത് തന്നെ അദ്ദേഹം വിപ്ലവ തീവ്രവാദത്തിൽ നിന്ന് മാർക്സിസത്തോട് അടുക്കാൻ തുടങ്ങിയിരുന്നു. 1925‑നും 1928 നുമിടക്കുള്ള വർഷങ്ങളിൽ ഭഗത്സിംഗ് ധാരാളം വായിച്ചുകൂട്ടി. വിശേഷിച്ചും റഷ്യൻ വിപ്ലവത്തെയും സോവിയറ്റ് യൂണിയനെയും കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹം ആർത്തിയോടെ വായിച്ചു പഠിച്ചു. അക്കാലത്ത് അത്തരം പുസ്തകങ്ങൾ കണ്ടെത്തുകയെന്നതുതന്നെ വിപ്ലവകരവും വിഷമകരവുമായ ഒരു ജോലിയായിരുന്നു. 1920 കളിൽ വിപ്ലവപ്രസ്ഥാനങ്ങളെയും അരാജകവാദത്തെയും മാർക്സിസത്തെയും കുറിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവഗാഹമുള്ളവരിലൊരാളായിരുന്നു ഭഗത്സിംഗ്. ഭഗത്സിംഗിനെ തൂക്കിലേറ്റാൻ നിശ്ചയിച്ചതിന് 12 മണിക്കൂർ മുമ്പാണ് വധശിക്ഷ നടപ്പിലാക്കിയത്. 1931 മാർച്ച് 23 ന് വൈകുന്നേരമാണ് ആ ക്രൂരത അരങ്ങേറിയത്. രാജ്യത്ത് വളർന്നുവന്ന പ്രതിഷേധത്തെ ഭയന്നാണ് നിശ്ചയിച്ച സമയത്തിനു മുമ്പ് രഹസ്യമായി ഈ കാര്യം നിർവ്വഹിച്ചത്. അന്ന് ഭഗതിന്റെ പ്രായം 24 വയസ്സായിരുന്നു. ഭഗത്സിംഗ് മാതൃഭൂമിയുടെ മോചനത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചതിന്റെ എൺപത്തിയൊമ്പതാം വാർഷികമാചരിക്കുമ്പോൾ നാം ആ ധീരനും മഹാനുമായ വിപ്ലവകാരിയെ വീണ്ടും കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.