തോന്നിയപോലെ ചാര്‍ജ് വാങ്ങാമെന്ന് കരുതണ്ട; മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകള്‍ക്ക് പിടിവീഴും

Web Desk
Posted on March 01, 2019, 2:16 pm

മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോകള്‍ക്ക് പിടിവീഴും. എറണാകുളം ജില്ലാ കളക്ടറാണ് അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കൊച്ചിയില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാണ് മീറ്റര്‍ ഇല്ലാതെയും ഉള്ള മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയുമൊക്കെ ഓടുന്ന ഓട്ടോകളെ പിടികൂടാനെത്തിയത്.
തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി പ്രദേശങ്ങളില്‍ ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വ്യാഴാഴ്ച കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ മിന്നല്‍ പരിശോധന. തോപ്പുംപടിയില്‍ നിന്നാണ് കളക്ടര്‍ വാഹനങ്ങള്‍ പരിശോധിച്ചത്. ആര്‍.ടി.ഒ. ജോജി പി. ജോസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പടിഞ്ഞാറന്‍ കൊച്ചിയില്‍ 240 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്. ടാക്‌സ് അടയ്ക്കാതെ ഓടിയ 15 ഓട്ടോകളെ പിടികൂടി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 12 ഓട്ടോകളും ലൈസന്‍സില്ലാത്ത രണ്ട് ഓട്ടോകളും മീറ്ററില്ലാതെ ഓടിയ 12 ഓട്ടോകളും ഉദ്യോഗസ്ഥര്‍ പിടികൂടി. അമിത ചാര്‍ജ് ഈടാക്കുന്ന 41 ഓട്ടോറിക്ഷകള്‍ക്കെതിരെ കേസെടുത്തു.