റെജി കുര്യന്‍

ന്യൂഡൽഹി

July 16, 2021, 10:28 pm

ജീവിക്കാനുള്ള അവകാശം മതാചാരങ്ങളെക്കാൾ പ്രധാനം: സുപ്രീം കോടതി

Janayugom Online

മതപരമായ ആചാരങ്ങളെക്കാളും പ്രധാനപ്പെട്ടതാണ് ജീവിക്കാനുള്ള പൗരന്റെ അവകാശം എന്ന് സുപ്രീം കോടതി. കൻവർ യാത്ര അനുവദിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകരുതെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

കൻവർ യാത്ര അനുവദിച്ച ഉത്തർപ്രദേശ്‌ സർക്കാർ നടപടിക്ക് എതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് പൗരന്റെ ആരോഗ്യമാണ് പരമപ്രധാനം എന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. എല്ലാ പൗരന്മാരെയും ബാധിക്കുന്ന വിഷയമാണിത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തേക്കാളും പ്രധാനപ്പെട്ടതല്ല മതപരമായ ആചാരങ്ങൾ എന്ന് ജസ്റ്റിസുമാരായ റോഹിങ്ടൻ നരിമാൻ, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കൻവർ യാത്ര അനുവദിക്കാനുള്ള തീരുമാനം ഉത്തർപ്രദേശ് സർക്കാർ പുനഃപരിശോധിക്കണം. യാത്ര പ്രതീകാത്മകമാക്കുന്ന കാര്യം പരിഗണിക്കണം എന്നും ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. തീരുമാനം തിങ്കളാഴ്ചയ്ക്കകം അറിയിക്കണം. കൻവർ യാത്രക്ക് ഒരു കാരണവശാലും അനുമതി നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഹരിദ്വാറിൽ നിന്ന് ഗംഗാജലം ശേഖരിക്കാനുള്ള കൻവർ യാത്ര അനുവദിക്കരുത് എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. ഗംഗാജലം ടാങ്കറിൽ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനുളള ക്രമീകരണം സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തണമെന്നും എന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡ് സർക്കാർ നേരത്തെ കൻവർ യാത്ര നിരോധിച്ചിരുന്നു.

Eng­lish Sum­ma­ry: The right to life is more impor­tant than reli­gion: Supreme Court

You may like this video also