ഫറോക്ക് നഗരസഭയിലെ ചെനപ്പറമ്പ് , സായിമഠം ഏറിയ,ചായിച്ചൻ വളവ് , കള്ളിത്തൊടി എന്നിവിടങ്ങളിൽ സാമൂഹ്യ വിരുദ്ധർ ജനങ്ങളുടെ ഉറക്കം
കെടുത്തുന്നു. വെള്ളിയാഴ്ച രാത്രി 11.30 നും 12 . 30 നും ഇടയിൽ ചോപ്പൻകാവിനു പടിഞ്ഞാറു ഭാഗത്തുള്ള മൂന്നു വീടുകളിൽ അതിക്രമമുണ്ടായി. പുറക്കാട്ടുപറമ്പിൽ ഇളംകുന്ന് കൃഷ്ണൻ, മേലേപ്പുറക്കാട്ട് വെള്ളായിക്കോട്ട് ചന്ദ്രൻ, തെക്കേപ്പുരക്കൽ അനിൽ കുമാർ എന്നിവരുടെ വീടുകളിലാണ് അക്രമിസംഘം എത്തിയത്. കൃഷ്ണൻ്റെ വീടിൻ്റെ വാതിലിൽ തട്ടുകയും ജനാലകളിൽ ശക്തമായി ഇടിക്കുകയും ചരൽ വാരി വീടിനു മുകളിലേക്ക് എറിയുകയും ചെയ്തു. ഈ സമയം വീട്ടിലുള്ളവർ ഉറങ്ങുകയോ ലൈറ്റ് അണയ്ക്കുകയോ ചെയ്തിരുന്നില്ല. കൃഷ്ണൻ അടുത്തു താമസിക്കുന്നവരെ ഫോണിൽ വിളിക്കുകയും ആളു കൂടുകയും ചെയ്തതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. അടുത്തു താമസിക്കുന്ന
മേലേപുറക്കാട്ട് വെളളായിക്കോട്ട് ചന്ദ്രൻെറ വീടിനോടു ചേർന്നു നിൽക്കുന്ന കമുകിലൂടെ ഇരുനില വീടിൻ്റെ മുകളിൽ അക്രമി കയറി .ഈ സമയം വീട്ടിലുള്ളവർ ഉറങ്ങിയിരുന്നു.തെക്കേപ്പുരക്കൽ അനിൽ കുമാറിൻ്റെ വീട്ടിലേക്ക് ടോർച്ചടിക്കുകയും വീടിൻ്റെ സൺഷെയിഡിലൂടെ കയറി നടക്കുകയും ചെയ്തിട്ടുണ്ട്. ഷെയിഡിനു മുകളിലിരുന്ന പി വി സി പൈപ്പുകളും മറ്റും താഴെ വീണ നിലയിലാണ്.
രാത്രിയിൽ തന്നെ പൊലീസിൽ പരാതിപ്പെട്ടതായി കൃഷ്ണൻ പറഞ്ഞു. ശനിയാഴ്ച രാത്രിയിൽ ഫറോക്ക് ‑കരുവൻതുരുത്തി റോഡിൽ ചായിച്ചൻ വളവിൽ മണലപ്പുവീട്ടിൽ ഉമ്മർകോയയുടെ വീട്ടിൽ അതിക്രമിച്ചു കയറി മുറ്റത്തുള്ള വാട്ടർ ടാപ്പു നശിപ്പിച്ചു. രാത്രി 12 മണിയോടു കൂടിയായിരുന്നു സംഭവം. സായി മoത്തിനു സമീപം പൊന്നേം പറമ്പത്ത് ഗിരീഷ് കുമാറിൻ്റെ വീടിനു നേരെ കല്ലേറുണ്ടായി. കഴിഞ്ഞ രാത്രിയിൽ ഇതിനടുത്തുള്ള മൂന്നു വീടുകളിൽ അതിക്രമമുണ്ടായതിനാൽ ഇവിടെ യുവാക്കൾ ഉറക്കമൊഴിഞ്ഞ് കാവലിരിക്കുകയായിരുന്നു.രണ്ടു പേർ ഓടുന്നതു കണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഗിരീഷ് കുമാർ ഫറോക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
മോഷണമാണോ ഭീതിപ്പെടുത്തലാണോ ഇവരുടെ ലക്ഷ്യമെന്നു വ്യക്തമല്ല. അക്രമികളെ കണ്ടെത്തി പൊലീസിലേൽപ്പിക്കാൻ ജാഗ്രതയിലാണ് നാട്ടുകാർ. സി ആർ എ, സഹൃദയ എന്നീ റസിഡൻസ് അസോസിയേഷനുകൾ സാമൂഹ്യ വിരുദ്ധരെ പിടികൂടാൻ രംഗത്തു വന്നിട്ടുണ്ട്.
ENGLISH SUMMARY: The Rise of Anti-Social in Farok: The locals in their sleep
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.