Web Desk

വയനാട്

January 12, 2020, 7:55 pm

പ്രളയം ബാക്കി വെച്ച മാലിന്യങ്ങളുമായി കല്ലഞ്ചിറ പുഴ ഒഴുക്ക് തുടരുന്നു

Janayugom Online

പ്രളയത്തിൽ അടിഞ്ഞ മാലിന്യങ്ങൾ ഒരു പുഴയെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു.കണിയാമ്പറ്റ പഞ്ചായത്തിലെ കല്ലഞ്ചിറ പുഴയാണ് പ്രളയം ബാക്കി വെച്ച മാലിന്യങ്ങളും പേറി അതിന്റെ ഒഴുക്ക് തുടരുന്നത്. പുഴയുടെ സ്വാഭാവിക നീരൊഴുക്കിനെ തന്നെ മാലിന്യങ്ങൾ തടഞ്ഞു.ചെറിയ മഴ പെയ്താൽ പോലും പുഴയിൽ സാധാരണയിൽ കവിഞ്ഞു വെള്ളം നിറയുന്നു.പുഴയുടെ പല ഭാഗങ്ങളിലും ഇതാണ് അവസ്ഥ.പ്ലാസ്റ്റിക് കുപ്പികളും കവറുകളും കരിമ്പ് ഇനത്തിൽ പെട്ട ചെടിയുടെ കൊമ്പുകളും ഒടിഞ്ഞു വീണ മരങ്ങളുമടക്കം ടൺ കണക്കിന് മാലിന്യമാണ് പുഴയിൽ നിറഞ്ഞിരിക്കുന്നത്.മാലിന്യം നിറഞ്ഞ പുഴയിൽ നിന്നും കുളിക്കാനും മറ്റുമായി പ്രദേശവാസികൾ വെള്ളം ഉപയോഗിക്കുന്നത് പകർച്ച വ്യാധികൾ ഉൾപ്പെടെ പകരാൻ കാരണമായേക്കും.പുഴയുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുകയും മത്സ്യ സമ്പത്തിനെ തന്നെ ഇല്ലാതാക്കുകയും ചെയ്തേക്കാം ഈ മാലിന്യങ്ങൾ.കണിയാമ്പറ്റ പഞ്ചായത്ത് 9,10 വാർഡുകളിൽ പെട്ട ഭാഗങ്ങളിലാണ് കൂടുതലായും മാലിന്യങ്ങൾ അടിഞ്ഞിട്ടുള്ളത്.പ്രളയകാലത്ത് പുഴയിലേക്ക് ഒടിഞ്ഞു വീണ മരങ്ങളിൽ തങ്ങിയാണ് മാലിന്യങ്ങൾ കുന്നുകൂടിയത്.മരങ്ങൾ മുറിച്ചു മാറ്റി മാലിന്യങ്ങൾ പുഴയിൽ നിന്നും നീക്കം ചെയ്യാൻ പ്രദേശത്തെ ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിട്ടുണ്ട് എന്നാൽ പുഴയിൽ നിന്ന് നീക്കം ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങനെ സംസ്കരിക്കുമെന്ന ആശങ്കയിലാണ് ഇവർ.പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാൻ പഞ്ചായത്ത് സഹായിക്കുകയാണെങ്കിൽ മാലിന്യങ്ങൾ നീക്കാൻ നാട്ടുകാർ തയ്യാറാണ്.

Eng­lish sum­ma­ry: The riv­er bed con­tin­ues with the waste

YOU MAY ALSO LIKE THIS VIDEO