Web Desk

ന്യൂഡൽഹി:

January 27, 2021, 10:46 pm

ദീപ് സിദ്ദുവിന്റെയും ലഖ സിദ്ധാനയുടെയും പങ്ക് അന്വേഷിക്കുന്നു; സംഘർഷത്തിലേക്ക് വഴിതിരിച്ചത് ആസൂത്രിത ഗൂഢാലോചന

Janayugom Online

കർഷകരുടെ ട്രാക്ടർ മാർച്ച് അനിഷ്ടസംഭവങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതിനു പിന്നിൽ പഞ്ചാബി നടൻ ദീപ് സിദ്ദുവെന്ന് റിപ്പോർട്ട്. ഗുണ്ടാത്തലവനിൽ നിന്ന് ആക്ടിവിസ്റ്റായി മാറിയ ലഖ സിദ്ധാനയും ആക്രമണം ഉണ്ടാക്കിയെടുക്കുന്നതിന്റെ ആസൂത്രണത്തിൽ പങ്കുവഹിച്ചതായി കർഷകർ ആരോപിക്കുന്നു. ബിജെപിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ദീപ് സിദ്ദു നിരോധിത സംഘടന സിഖ്സ് ഫോർ ജസ്റ്റിസിന്റെ പ്രവർത്തകനാണെന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇയാൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇയാൾ സ്വന്തം പാർട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പറയപ്പെടുന്നു. രണ്ടു ദിവസം മുമ്പ് ഡൽഹിയിലെത്തിയ സിദ്ദുവും സിദ്ധാനയും സിംഘു അതിർത്തിയിൽ പ്രകോപനപരമായി പ്രസംഗിച്ചിരുന്നു. ചെങ്കോട്ടയിൽ അക്രമം നടക്കുമ്പോഴും സിഖ് കൊടി ഉയർത്തുമ്പോഴും ഇരുവരും ഇവിടെയുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ലഖ്ബീർ സിങ് എന്ന് യഥാർത്ഥ നാമമുള്ള ലഖ സിദ്ധാനയ്ക്കെതിരേ കൊലപാതകങ്ങളടക്കം 26 ക്രിമിനൽ കേസുകളുണ്ട്. ശിരോമണി അകാലിദളുമായും ഇയാൾക്ക് ബന്ധമുണ്ട്. അക്രമത്തിനു പ്രേരണയുണ്ടാക്കിയതും കർഷകരെ ചെങ്കോട്ടയിലേക്കു നയിച്ചതും ദീപ് സിദ്ദുവാണെന്നു ഭാരതീയ കിസാൻ യൂണിയൻ ഹരിയാന ഘടകം അധ്യക്ഷൻ ഗുർനാം സിങ് ചദുനിയുൾപ്പെടെ നേതാക്കൾ ആരോപിച്ചു. ചെങ്കോട്ടയിലെ ഇന്ത്യന്‍ പതാക നശിപ്പിച്ചിട്ടില്ലെന്നും, ജനാധിപത്യപരമായ അവകാശത്തിന്റെ ഭാഗമായി തങ്ങളുടെ കൊടി ചെങ്കോട്ടയില്‍ ഉയര്‍ത്തിയതായും ദീപ് സിദ്ദു പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ദീപ് സിദ്ദു മൈക്രോഫോണുമായി എങ്ങനെ ചെങ്കോട്ടയിലെത്തി എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷൻ യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു. സമാധാനപരമായ സമരത്തിലൂടെ മാത്രമേ വിജയിക്കാനാകൂ എന്ന് കര്‍ഷകരോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു വിഭാഗം പ്രതിഷേധ സമരത്തെ അക്രമത്തിലെത്തിക്കുകയായിരുന്നു.

ദീപ് സിദ്ദു ശരിയായ സമീപനമല്ല സ്വീകരിച്ചതെന്ന് ബികെയു രജേവാള്‍ ലീഡര്‍ ബല്‍ബീര്‍ സിങ് രജേവാള്‍ പറഞ്ഞു. നടനും ഗുരുദാസ് പൂരിലെ ബിജെപി എംപിയുമായ സണ്ണി ദിയോളിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ദീപ് സിദ്ദു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ചെങ്കോട്ടയിലെ കൊടി ഉയര്‍ത്തല്‍ വിവാദത്തിന് പിന്നാലെ, തനിക്കോ തന്റെ കുടുംബാംഗങ്ങള്‍ക്കോ ദീപ് സിദ്ദുവുമായി ഒരു ബന്ധവുമില്ലെന്നാണ് സണ്ണി ദിയോളിന്റെ പ്രതികരണം.

ENGLISH SUMMARY: The role of Deep Sid­hu and Lakha Sid­dhan­ta is being investigated

YOU MAY ALSO LIKE THIS VIDEO