പുതിയ ഇന്ത്യയിൽ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്

Web Desk
Posted on November 15, 2019, 10:59 pm

Kadakampally_Surendranകടകംപ്പള്ളി സുരേന്ദ്രൻ, സഹകരണ വകുപ്പ് മന്ത്രി

അറുപത്തിയാറാമത് അഖിലേന്ത്യാ സഹകരണവാരാഘോഷം നവംബർ 14 മുതൽ 20 വരെ വിപുലമായ പരിപാടികളോടെ രാജ്യത്താകമാനം നടക്കുകയാണ്. ‘പുതിയ ഇന്ത്യയിൽ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്’ എന്നതാണ് ഈ വർഷത്തെ മുഖ്യ പ്രമേയം. എങ്ങനെയുള്ള പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനാണ് സഹകരണപ്രസ്ഥാനം പങ്കുവഹിക്കേണ്ടത് എന്ന കാതലായ ചോദ്യം കൂടി ഈ പ്രമേയത്തിൽ അന്തർലീനമായിരിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയിലൂടെ സാമ്പത്തിക സുസ്ഥിരതക്ക് സഹകരണ സംഘങ്ങളാണ് ഏറ്റവും നല്ല മാതൃകകളെന്ന് വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ സ്വതന്ത്രാനന്തര ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് വലിയ പങ്കാണ് ഇന്ത്യൻ സഹകരണപ്രസ്ഥാനം വഹിച്ചത്. ഇന്ത്യയിലെ 100 ശതമാനം ഗ്രാമങ്ങളിലും സാന്നിദ്ധ്യമുള്ള വിവിധ വിഭാഗങ്ങളിൽപ്പെട്ട 8,54,355 സംഘങ്ങളാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ എന്താണ്? ഗ്രാമങ്ങൾ ഗുരുതരമായ പ്രതിസന്ധിയിലാണ്.

ഇന്ത്യയ്ക്ക് മാതൃകയാണ് കേരളത്തിലെ വായ്പാ മേഖല. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ ബാങ്കുകളും ചേർന്നുള്ള ഈ ശൃംഖല ശക്തമാണ്. 2016 ലെ നോട്ടു നിരോധനത്തെ തുടർന്ന് വൻപ്രതിസന്ധിയാണ് കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഉണ്ടായത്. ഇതിൽ നിന്നും നാം സംഘടിതമായ ശ്രമങ്ങളിലൂടെ കരകയറി. നമ്മുടെ സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങളെ പുതുക്കിയ ഇന്ത്യയുടെ നിർമ്മാണത്തിൽ സജീവമായ പങ്കുവഹിക്കുന്ന മാതൃകാ സ്ഥാപനങ്ങളായി നിലനിറുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള ശ്രമമാണ് കേരള സഹകരണ ബാങ്ക്. ഇന്ത്യയിൽ തന്നെ ഒട്ടേറെ വൻകിട സഹകരണ സ്ഥാപനങ്ങൾ ലോക ശ്രദ്ധയാകർഷിക്കുന്നു. ഇഫ്കോ, ക്രീബ്കോ, അമുൽ, ഇന്ത്യ പൊട്ടാഷ് ലിമിറ്റഡ് (ഐപിഎൽ), കേരളത്തിൽ യുഎൽസിസിഎസ്, മിൽമ, ഹാന്റെക്സ്, കയർഫെഡ്, മത്സ്യഫെഡ്, വിവിധ ഫെഡറേഷനുകൾ ഇവയൊക്കെ ഉദാഹരണങ്ങളാണ്. ഇക്കഴിഞ്ഞ അ­ന്തർദേശീയ സഹകരണ വ്യാപാരമേളയിൽ 100 കണക്കിന് വൈവിധ്യമാർന്ന ഉല്പന്നങ്ങളും സേവനങ്ങളുമാണ് നമുക്ക് കാഴ്ച്ച വയ്ക്കനായത്. ദീർഘകാലത്തേയ്ക്കുള്ള നിരവധി കരാറുകളാണ് അ­വിടെ ഉണ്ടായത്. മേളയിൽ ഏറ്റവും കൂടുതൽ പ്ര­ശംസപിടിച്ചുപറ്റിയവരിൽ കേരളം ഉൾപ്പെടുന്നു. നമ്മുടെ ഉല്പന്നങ്ങൾക്ക് വലിയ അംഗീകാരം ലഭി­ച്ചു. ആറിലധികം വിദേശരാജ്യങ്ങളാണ് കേ­രളത്തിലെ സഹകരണ മേഖലയിലെ ഉല്പന്നങ്ങളിൽ താല്പര്യം പ്രകടിപ്പിച്ചത്. പുതിയ ഇന്ത്യയിൽ വനിതകൾ യുവാക്കൾ ദുർബല വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്ക് വലിയ പരിഗണന നൽകണം. കഴിഞ്ഞ 20 വർഷത്തിനുശേഷം സഹകരണ മേഖലയിലെ വനിതാ പങ്കാളിത്തത്തിൽ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 80 ശതമാനം വർദ്ധനവുണ്ട്.

ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളിൽ ഏറ്റവുമധികം പരിഗണന വ­നിതകൾക്ക് നൽകുന്നത് കേരളത്തിലാണ്. തെ­രഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതികളിൽ മന്നു പേർ വനിതകൾ എന്നനിയമം ഇന്ത്യക്ക് മാതൃകയാണ്. കേരള സഹകരണ നയം വനിതാ ശാക്തീകരണത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. സമൂഹത്തിലെ പാർശവൽക്കരി­ക്കപ്പെട്ടവർ, ഭിന്നശേഷിക്കാർ, കർഷകർ, കൈ­വേലക്കാർ, പട്ടികജാതി പട്ടികവർഗ്ഗക്കാർ, വനിതകൾ ഏറ്റവും ഒടുവിലായി ട്രാൻസ്ജെൻഡർ തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും സഹകരണ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനായിട്ടുണ്ട്. കേരള ജനതയുടെ പൊതുജീവിത നിലവാരം ഉയർത്തി നിർത്തുന്നതിൽ ഗണനീയമായ പങ്കുവഹിക്കുന്ന സാമൂഹ്യസുരക്ഷാ പെൻഷനുകൾ ഈ പ്രസ്ഥാനത്തിലൂടെ അർഹരുടെ വീടുകളിലെത്തിച്ചു. പ്രതിസന്ധിയിലായ കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് കൈത്താങ്ങായി സഹകരണ സംഘങ്ങൾ രംഗത്തുവന്നു. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് സഹകരണ മേഖല ആവിഷ്ക്കരിച്ചു നടപ്പാക്കിയ ഹരിതം സഹകരണം പദ്ധതി (തീം ട്രീസ് ഓഫ് കേരള) പരിസ്ഥിതിരംഗത്തെ ശ്രദ്ധേയമായ പദ്ധതിയാണ്. നാടിന്റെ മുക്കിലും മൂലയിലും സഹകരണ ആശുപത്രികൾ, ക്ലിനിക്കുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ, പരിശോധനാ ലാബുകൾ എന്നിങ്ങനെ ആരോഗ്യ രംഗത്ത് സഹകരണ പ്രസ്ഥാനം നൽകുന്ന സേവനം എത്രയോ വലുതാണ്.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ നാല് വികസന മിഷനുകളെ എടുത്ത് പരിശോധിക്കുമ്പോൾ അവയിൽ ഓരോന്നിലും സു­സ്ഥിര വികസന സങ്കല്പത്തിലൂന്നിയ സഹകരണ പ്രസ്ഥാനത്തിന്റെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നതായി കാണാം. ഈ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ചിട്ടുളള സുസ്ഥിര സമൂഹ നിർമ്മിതി, സമൂഹം ഇന്നു നേരിടുന്ന ദാരിദ്ര്യം, അസമത്വം, കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക ശോഷണം എന്നിവ തരണം ചെയ്യൽ തുടങ്ങിയ (2030ഓടു കൂടി ഫലപ്രാപ്തിയിലെത്തിക്കാനായി 17 വികസന ലക്ഷ്യങ്ങളാണ് ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ചിട്ടുളളത്) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായകമായ പദ്ധതികളാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. സഹകരണ വാരാഘോഷത്തിന്റെ ഒരാഴ്ചക്കാലം ഈ പ്രസ്ഥാനം നാടിനുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങളെ ജന മനസ്സുകളിലെത്തിക്കാൻ സഹകാരികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് വിനയപൂർവം അഭ്യർഥിക്കുന്നു.