29 March 2024, Friday

Related news

March 29, 2024
March 28, 2024
March 28, 2024
March 28, 2024
March 28, 2024
March 26, 2024
March 26, 2024
March 25, 2024
March 25, 2024
March 24, 2024

ജെപിയെയും ലോഹ്യയെയും ഒഴിവാക്കി ആര്‍എസ്എസ് നേതാവിനെ തിരുകിക്കയറ്റി

Janayugom Webdesk
ന്യൂഡൽഹി
September 3, 2021 9:22 pm

ജയപ്രകാശ് നാരായണിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ അദ്ദേഹത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി ആര്‍എസ്എസ് നേതാവിനെ തിരുകിക്കയറ്റിയതില്‍ ബിഹാറില്‍ വന്‍ വിവാദം. ബിജെപിയുടെ തിരുകിക്കയറ്റല്‍ ബിഹാറില്‍ വേണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. ജയപ്രകാശ് നാരായണ്‍, രാം മനോഹർ ലോഹ്യ, എന്നിവരുടെ രാഷ്ട്രീയ ചിന്തകള്‍ ചാപ്രയിലെ ജയപ്രകാശ് നാരായൺ യൂണിവേഴ്സിറ്റി എംഎ പൊളിറ്റിക്കൽ സയൻസ് പേപ്പറിൽ നിന്ന് ഒഴിവാക്കിയിരുന്നു. പകരം ആർഎസ്എസ് നേതാവായ ദീൻ ദയാൽ പോലുള്ളവരെക്കുറിച്ച് പാഠഭാഗങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തുകയായിരുന്നു.

സംഭവം വിവാദമായതോടെ സംസ്ഥാനത്തെ സർവകലാശാലകളിലുടനീളമുള്ള സിലബസ് മാറ്റങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടു. ചരിത്രത്തെ വളച്ചൊടിച്ചു കൊണ്ടുളള പാഠ്യപദ്ധതികളെ അംഗീകരിക്കാനാവില്ല. പാഠ്യപദ്ധതിയില്‍ മാറ്റങ്ങൾ വരുത്തുന്നതിനുമുമ്പ് വിദ്യാഭ്യാസ ഉന്നത ഉദ്യോഗസ്ഥരുമായി സര്‍വകലാശാലകള്‍ കൂടിയാലോചിക്കണമെന്നും ഭാവിയില്‍ ഇത്തരം നടപടികൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും ജയപ്രകാശ് നാരയണിനെ ഒഴിവാക്കിയതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മഹാന്‍മാരായ സോഷ്യലിസ്റ്റ് നേതാക്കളുടെ ചിന്തകളെ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണ് ബിജെപിയും ആര്‍എസ്എസും നടത്തുന്നതെന്ന് യാദവ് ട്വീറ്റ് ചെയ്തു. ലാലു പ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജയപ്രകാശ് നാരായൺ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്. ആർഎസ്എസിന്റെയും ബിജെപി-ജെഡിയു സർക്കാരിന്റെയും അജണ്ട പ്രകരമാണ് പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തിയതെന്നും ആർജെഡി ആരോപിക്കുന്നുണ്ട്. 

വിദ്യാഭ്യാസ മേഖലയിലുള്ള ആർഎസ്എസ് കടന്നുകയറ്റം ബിജെപിയും ജെഡിയുവും തമ്മിലുളള ബന്ധം കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങാന്‍ ഇടയാക്കിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പെഗാസസ് വിവാദത്തിലും ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങളിലും ബിജെപിക്ക് വിരുദ്ധ നിലപാടാണ് എന്‍ഡിഎ സഖ്യകക്ഷിയായ ജെ‍ഡിയു സ്വീകരിച്ചിട്ടുള്ളത്. ഈ വിഷയങ്ങള്‍ അടുത്തിടെ ഇരുപാര്‍ട്ടികളും തമ്മിലുളള ഭിന്നത രൂക്ഷമാക്കിയിരുന്നു. 

ENGLISH SUMMARY:The RSS leader was oust­ed, leav­ing out JP and Lohia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.