തുടർഭരണം തടയാൻ യു ഡി എഫിനെ പിന്തുക്കണമെന്ന് ആർ എസ് എസ്

സുരേന്ദ്രൻ കുത്തനൂർ

തൃശൂർ

Posted on October 18, 2020, 7:17 pm

സംസ്ഥാനത്ത് ഇടതുസർക്കാരിന്റെ തുടർഭരണം തടയാനും ഇടതുപക്ഷത്തിന്റെ വോട്ടു വിഹിതം പരമാവധി കുറയ്ക്കാനും യു ഡി എഫിനെ പിന്തുണയ്ക്കാൻ ബി ജെ പി-ആർ എസ് എസ് നീക്കം. ആർ എസ് എസിന്റെ നേതൃത്വത്തിൽ വിവിധ ഹിന്ദു സംഘടനകൾ ഇക്കാര്യങ്ങൾ ചർച്ച ചെയ്തു ബി ജെ പി കേന്ദ്ര നേതൃത്വത്തെ നിർദേശം അറിയിക്കുകയായിരുന്നു. ഈ നിർദ്ദേശമനുസരിച്ച് ബി ജെ പി കേന്ദ്ര നേതൃത്വമാണ് പുതിയ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത്. ബി ജെ പി സംസ്ഥാന നേതൃത്വത്തെ അവഗണിച്ചാണ് ആർ എസ് എസ് കേരളഘടകവും കേന്ദ്ര ബി ജെ പി നേതൃത്വവും പുതിയ അടവുനയം തയ്യാറാക്കുന്നത്. ഇതിന് കെ സുരേന്ദ്രനെയും വി മുരളീധരനെയും അംഗീകരിക്കാത്ത കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണയുമുണ്ട്.

ഇടതുപക്ഷത്തോടൊപ്പമുള്ള ഹിന്ദു വോട്ട് ബാങ്ക് തകർക്കാതെ ബി ജെ പിക്ക് കേരളത്തിൽ വളരാൻ കഴിയില്ലെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലൂടെ ന്യൂനപക്ഷങ്ങളുടെ ഇടയിൽ ഇടതുപക്ഷത്തിന് കൂടുതൽ സ്വകാര്യത ലഭിച്ചുവെന്നും കേന്ദ്ര നേതൃത്വം കണക്കു കൂട്ടുന്നു. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നാൽ സംഘപരിവാർ രാഷ്ട്രീയത്തിന് വലിയ ഭീഷണിയാകുമെന്നാണ് ആർ എസ് എസ് കേരള ഘടകം കേന്ദ്രത്തിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ഇടതു ഭരണത്തുടർച്ചയുണ്ടാകുമെന്നത് മുന്നിൽ കണ്ടാണ് നീക്കങ്ങൾ നടത്തുന്നത്.

2021 ൽ കുറഞ്ഞത് നിയമസഭയിലെ അഞ്ച് സീറ്റുകളിലാണ് ബി ജെ പി വിജയം ലക്ഷ്യമിടുന്നത്. ഇതിനായി യു ഡി എഫുമായി ധാരണയുണ്ടാക്കാനാണ് ആർ എസ് എസിന്റെ നിർദ്ദേശം. ബി ജെ പിക്ക് നിർണായക വോട്ടുള്ളതും കോൺഗ്രസിനു കൂടി സ്വീകാര്യവുമായ അഞ്ച് മണ്ഡലങ്ങളിൽ യു ഡി എഫ് വോട്ടുകൾ വാങ്ങുകയും മറ്റ് മണ്ഡലങ്ങളിൽ യു ഡി എഫിനെ വിജയിപ്പിക്കുകയും ചെയ്യുക എന്നാണ് നിർദേശങ്ങളിൽ പ്രധാനം. എൻ എസ് എസ്, എസ് എൻ ഡി പി സംഘടനകളുടെ പക്കലുള്ള ഹിന്ദു വോട്ടുകൾ പരമാവധി അനുകൂലമാക്കുകയും ഇടതുപക്ഷത്തോടൊപ്പമുള്ള ഹിന്ദുവോട്ടുകളിൽ വിള്ളലുണ്ടാക്കുകയുമാണ് മറ്റൊരു ലക്ഷ്യം. എൻ എസ് എസ് നേതൃത്വത്തിന്റെ പിന്തുണ ഉറപ്പ് വരുത്താനും ബി ജെ പിയോടൊപ്പം കോൺഗ്രസും ശ്രമിക്കുന്നുണ്ട്.

എൻ എസ് എസ് നേത്യത്വവുമായി അണിയറയിൽ ഇരു വിഭാഗവും വെവ്വേറെ ചർച്ചകൾ നടത്തി വരികയാണ്. ജോസ് കെ മാണി ഇടതുപക്ഷത്തെത്തിയതിനെ തുടർന്നുണ്ടാകുന്ന മധ്യ കേരളത്തിലെ ക്ഷീണം മറികടക്കാൻ കാര്യമായി പിന്തുണയ്ക്കണമെന്ന് ചെന്നിത്തല എൻ എസ് എസ് നേതൃത്വത്തോട് അഭ്യർഥിച്ചിട്ടുണ്ട്. ബി ജെ പിയെക്കാൾ ജയസാധ്യത യു ഡി എഫിനാണ് എന്നതിനാൽ സുകുമാരൻ നായർ ഇതിനെ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ മാത്രം തങ്ങളെ പിന്തുണക്കണമെന്നാണ് ബി ജെ പി നിലപാട്. മറ്റിടങ്ങളിൽ യു ഡി എഫിനെ പിന്തുണക്കുന്നതിനെ ബി ജെ പി എതിർക്കില്ല.

പ്രത്യക്ഷത്തിൽ ഒപ്പമില്ലാത്ത എസ് എൻ ഡി പി യെ അനുനയിപ്പിക്കാൻ പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സംഘം വെള്ളാപ്പള്ളിയെ നേരിട്ട് കണ്ട് ചർച്ച നടത്തിയതും ഇതിന്റെ ഭാഗമാണ്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ വി സി നിയമനത്തിൽ വെള്ളാപ്പള്ളിയുടെ നിലപാടിനോട് ബി ജെ പി ഐക്യദാർഡ്യം പ്രകടിപ്പിച്ചത് അനുനയത്തിനാണ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസിന് കൂടുതൽ സീറ്റുകൾ നൽകാമെന്ന വാഗ്ദാനവും മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാൽ കീഴ്ഘടകങ്ങൾ അംഗീകരിക്കില്ല എന്നറിയാവുന്നതിനാൽ പരസ്യമായി ബി ജെ പി യെ പിന്തുണക്കണമെന്ന തീരുമാനമെടുക്കാൻ വെള്ളാപ്പള്ളി തയ്യാറായിട്ടില്ല. നിയമസഭ തിരഞ്ഞടുപ്പിലും കൂടുതൽ സീറ്റ് എന്ന വാഗ്ദാനം നൽകി ഇതിനെ മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് ആർ എസ് എസ് നേതൃത്വം.

അതേസമയം ആർ എസ് എസിന്റെയും കേന്ദ്ര നേതൃത്വത്തിന്റെയും ഈ നയത്തോട് ബി ജെ പി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട. വോട്ട് മറിച്ചു നൽകിയാൽ സംസ്ഥാനത്തെ പാർട്ടിയുടെ വളർച്ചയെ ബാധിക്കുമെന്നാണ് അവരുടെ പക്ഷം. ഈ മാസം 9,10 തീയ്യതികളിൽ നടന്ന മേഖലാ യോഗങ്ങളിലെ തീരുമാനവും ആർ എസ് എസ് നയത്തിന് വിരുദ്ധമാണ്. നിയമസഭയിലേക്ക് പരമാവധി സംസ്ഥാന നേതാക്കൾ മത്സരിക്കണമെന്നും അതുവഴി കഴിയാവുന്നത്ര വോട്ട് വർധിപ്പിക്കണമെന്നുമാണ് നേതൃയോഗങ്ങളിലെ തീരുമാനം.

ENGLISH SUMMARY:The RSS wants to sup­port the UDF to pre­vent fur­ther rule
You may also like this video