സ്വന്തം ലേഖിക

June 13, 2021, 6:44 am

സ്വയരക്ഷയ്ക്കായി കുറ്റകൃത്യനിയമങ്ങളുടെ രാജ്ഞിയെ വരിച്ച ഭരണാധികാരി

Janayugom Online

രാജ്യദ്രോഹക്കുറ്റം ചുമത്തി, ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാവുന്ന ഐപിസി 124 എ, കുറ്റകൃത്യ നിയമങ്ങളുടെ രാജ്ഞി എന്നാണ് അറിയപ്പെടുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ അത് ശക്തിയെ അല്ല, മറിച്ച് അരക്ഷിതാവസ്ഥയെയാണ് വിഭാവനം ചെയ്യുന്നത്. ഭരണകൂടത്തെയും ഭരണാധികാരിയെയും അതിന്റെ കക്ഷിരാഷ്ട്രീയ നിലപാടുകളെയും തുറന്നുകാട്ടുന്നവരുടെ അവസ്ഥ ഈ വിമര്‍ശനത്തെ അടിവരയിടുന്നു. ‘124 എ’യെ വരിച്ച് സ്വന്തമാക്കിയ ഭരണാധികാരി, ആ നിയമത്തെ തന്റെ വിമര്‍ശകരെ നേരിടാന്‍ മാത്രമുള്ള ഒരായുധമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോഡി, ചീഫ് ജസ്റ്റിസ് എന്‍ വി രമണ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവര്‍ക്ക് അമ്പതിലധികം വിദേശ എംപിമാരും നൊബേല്‍ സമ്മാന ജേതാക്കളും അക്കാദമിഷ്യരും നിരവധി സാമൂഹ്യസംഘടനകളും എഴുതിയ കത്ത് ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. ഭീമാ കൊറേഗാവ് കേസില്‍ കുറ്റം ആരോപിക്കപ്പെട്ട് തടവറയില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇന്ത്യന്‍ ജയിലുകളുടെ ശുചിത്വമില്ലായ്ക, തടവുകാര്‍ അനുഭവിക്കുന്ന അവഗണന, അവരുടെ ആരോഗ്യപ്രശ്നങ്ങള്‍, വൈദ്യസഹായം ലഭ്യമാകാതിരിക്കല്‍, പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ മോചനത്തിനുള്ള താല്‍ക്കാലിക ഉത്തരവ് ഉറപ്പാക്കല്‍ എന്നിവ കത്തിലൂടെ വിവരിച്ചിരുന്നു.

മുന്‍ യുഎന്‍ പ്രതിനിധി ആന്റോണിയോ ഗുവേര ബര്‍മുഡെസ്, നൊബേല്‍ ജേതാക്കളായ ഓല്‍ഗാ തൊകാര്‍ചുക്, വോലെ സോയിങ്ക, യൂറോപ്യന്‍ പാര്‍ലമെന്റേറിയന്മാരായ മാര്‍ഗരറ്റ് ഔകന്‍, ഗോഡിയാ വിലേനുവ തുടങ്ങിയ ലോകപ്രശസ്തരാണ് കത്തെഴുതിയവരില്‍ പ്രധാനികള്‍. അന്താരാഷ്ട്ര മാധ്യമങ്ങളും കോളമിസ്റ്റുകളും ഒട്ടേറെ തവണ ഇന്ത്യന്‍ ജയിലുകളിലെ രാഷ്ട്രീയ ഭീകരത തുറന്നുകാട്ടിയിരുന്നു. ഇന്ത്യന്‍ നിയമങ്ങളിലെ ചിലതിനെ നരേന്ദ്രമോഡി ഭരണകൂടം യാതൊരു ന്യായീകരണവും കൂടാതെ ദുരുപയോഗം ചെയ്യുന്നുവെന്ന് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും ചിന്തകരും വിലയിരുത്തിയിട്ടുണ്ട്. ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടിയുള്ള ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെ അടിച്ചമർത്താൻ 1870ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടമാണ് ഈ കിരാതനിയമം പാസാക്കിയത്. ബ്രിട്ടനിൽ ഈ നിയമം റദ്ദാക്കപ്പെട്ടു. പക്ഷേ വിരോധാഭാസമെന്നു പറയട്ടെ, ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യ ഈ നിയമം ഇപ്പോഴും തുടരുന്നു. സർക്കാർ നയങ്ങളെ വിമർശിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് മോഡി ഭരണകൂടം പതിവാക്കിയിരിക്കുന്നു.

നദികളിൽ ഒഴുകി നടക്കുന്ന മൃതദേഹങ്ങളെക്കുറിച്ച് സംസാരിക്കുകയോ എഴുതുകയോ അല്ലെങ്കിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട ആളുടെ ഭൗതിക അവശിഷ്ടങ്ങൾ പാലത്തിൽ നിന്ന് വലിച്ചെറിയുന്ന വാർത്ത പത്രത്തിൽ പ്രസിദ്ധീകരിക്കുകയോ സംസ്ഥാനങ്ങളോ കേന്ദ്ര സർക്കാരോ കോവിഡ് രോഗത്തെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രസ്താവനകളോ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാനുള്ള കാരണങ്ങളാവുന്നു. ഇത്തരം അപലപനീയ നടപടികളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി മൂന്നംഗ ബെഞ്ച് ‘രാജ്യദ്രോഹം എന്താണെന്ന് നിർവചിക്കേണ്ട സമയമാണിത്’ എന്ന് പ്രസ്താവിച്ചത്.

കഴിഞ്ഞ ദശകത്തിൽ, പ്രത്യേകിച്ചും 2014 മുതൽ രാജ്യദ്രോഹ കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. നരേന്ദ്ര മോഡിയുടെ എൻഡിഎ സർക്കാർ എത്രമാത്രം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് രാജ്യദ്രോഹ കേസുകളുടെ വർധനവ് തെളിയിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ കോവിഡ് കേസുകൾ സർക്കാർ കൈകാര്യം ചെയ്യുന്നതിനെ വിമർശിച്ച മാധ്യമപ്രവർത്തകനും പദ്മശ്രീ ജേതാവുമായ വിനോദ് ദുവയ്ക്കെതിരെ സുപ്രീം കോടതിയിൽ രാജ്യദ്രോഹക്കുറ്റത്തിന് കേസ് ഫയൽ ചെയ്തിരുന്നു. ബിജെപിയുടെ മുതിർന്ന നേതാവാണ് കേസ് നൽകിയത്. ഐപിസി 124 എയുടെയൊ രാജ്യദ്രോഹ നിയമത്തിന്റെയൊ അധികാരം നിര്‍വചിച്ച കേദാർനാഥ് സിങ് കേസ് വിധി എല്ലാ മാധ്യമപ്രവർത്തകരെയും രാജ്യദ്രോഹക്കുറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിൽ അക്രമത്തിന്റെയൊ ആയുധങ്ങളുടെയൊ പങ്കാളിത്തം ഉണ്ടാകുമ്പോൾ മാത്രമേ ഐപിസി 124 എ ചുമത്താനാകൂ. കർഷക സമരവുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ നടത്തിയ മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ എന്നിവർക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് രാജ്യദ്രോഹക്കുറ്റം ഏറ്റവും കൂടുതലായി ചുമത്തപ്പെടുന്നത്. രാജ്യമെമ്പാടും വ്യാപിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ അത്തരമൊരു ഉദാഹരണമാണ്. കുറഞ്ഞത് 25 രാജ്യദ്രോഹ കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് മാത്രം രജിസ്റ്റർ ചെയ്തത്. അതിൽ 22 എണ്ണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇതിൽ ഭൂരിഭാഗവും മാധ്യമപ്രവർത്തകർക്കെതിരെയുള്ളതാണ്. ബിഹാർ, ഝാർഖണ്ഡ്, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നിവയാണ് ഏറ്റവും കൂടുതൽ രാജ്യദ്രോഹക്കുറ്റം രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങൾ. രാജ്യദ്രോഹ നിയമപ്രകാരം 534ൽ കുറയാത്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 65 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ്. ഭരണകൂടം തന്നെ അഗാധമായ അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്നതിനാൽ രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്നത് അരക്ഷിതാവസ്ഥയുടെ പ്രകടനമാണ്. വ്യവസ്ഥിതിയുടെ ഭീകരമായ തെറ്റുകൾ വെളിച്ചത്തു കൊണ്ടുവരുന്നവർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് പിന്നിലുള്ള കേന്ദ്ര സർക്കാരിന്റെ ചിന്താഗതിയെ സുപ്രീം കോടതി പോലും ചോദ്യം ചെയ്തിട്ടുണ്ട്. വാക്സിൻ ഉല്പാദനവും വിതരണവും വേഗത്തിലാക്കാൻ നടപടിയെടുക്കാത്തതിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി വിമർശിച്ചിരുന്നു.

മാധ്യമപ്രവർത്തകരെ സംബന്ധിച്ചിടത്തോളം, സത്യം പുറത്തു കൊണ്ടുവരുന്നത് അധികാരത്തിന് എതിരാണ്. ഭരണകൂടം അവരുടെ തെറ്റുകൾ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. ചരിത്രവും പറഞ്ഞു തരുന്നത് ഇത്തരം നിശബ്ദമാക്കപ്പെടലിന്റെ കഥയാണ്. മാധ്യമപ്രവർത്തകരുടെ ധീരമായ നിരവധി വെളിപ്പെടുത്തലുകൾക്ക് ചരിത്രം സാക്ഷിയാണ്. അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റ് നടത്തിയ വിശകലനവും വിമര്‍ശനവും ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തിയ മോഡി ഭരണകൂട ചെയ്തികളിന്മേലായിരുന്നു. ഇന്ത്യയില്‍ കോവിഡ് അടിയന്തരാവസ്ഥയെ തുറന്നുകാട്ടിയ ലാന്‍സെറ്റ്, തെറ്റ് തിരുത്തി ഉടന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇന്ത്യയിലെ സര്‍ക്കാര്‍ ചെയ്യുന്നത്, വൈറസിന് എതിരെയുള്ള പോരാട്ടമല്ല, സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളെ ഇല്ലാതാക്കാനുള്ള നടപടികളാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധനനെയും ലാന്‍സെറ്റ് പേരെടുത്ത് വിമര്‍ശിക്കുകയായിരുന്നു. മെഡിക്കല്‍ അക്കാദമിക ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടതും ആധികാരികവുമായ ജേണലുകളിലൊന്നാണ് ലാന്‍സെറ്റ്. സാധാരണഗതിയില്‍ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാത്ത ലാന്‍സെറ്റിന്റെ വിമര്‍ശനത്തെ ലോകം ഗൗരവത്തോടെയാണ് കണ്ടത്.

ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച അയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത് രാജ്യത്താകെ വലിയ ചര്‍ച്ചയാണ്. ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു അയിഷയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍എസ്എസിന്റെയും നീക്കത്തില്‍ വലിയ പ്രതിഷേധമാണ് തുടരുന്നത്. ഒട്ടനവധി പേര്‍ അയിഷയ്ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. കേസില്‍ നിയമസഹായം നല്‍കാന്‍ സിപിഐ തീരുമാനിച്ചതും ശ്രദ്ധേയമാണ്.