അമേരിക്കൻ ഡോളറിനെതിരെ രൂപ റെക്കോഡ് ഇടിവില്‍. രണ്ടു വര്‍ഷത്തിനിടയില്‍ ഒറ്റദിവസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ട രൂപ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലെത്തി. ഇന്നലെ ഡോളറിനെതിരെ 58 പൈസയുടെ ഇടിവ് നേരിട്ടതോടെ 86.62ലേക്ക് മൂല്യം കൂപ്പുകുത്തി.
അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണ വിലയുടെ കുതിപ്പുമാണ് രൂപയെ ബാധിച്ചത്. ഇന്നലെ 86.12 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. 0.67 ശതമാനം ഇടിവാണ് രൂപ നേരിട്ടത്. 2023 ഫെബ്രുവരി ആറിലെ 68 പൈസയുടെ ഇടിവാണ് ഇതിന് മുമ്പത്തെ വലിയ മൂല്യത്തകര്‍ച്ച. രണ്ടാഴ്ചയ്ക്കിടെ ഒരു രൂപയുടെ ഇടിവാണ് ഉണ്ടായത്.
അമേരിക്കയില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച തൊഴില്‍ വളര്‍ച്ച ഉണ്ടായതാണ് ഡോളര്‍ ശക്തിയാര്‍ജിക്കാന്‍ ഒരു കാരണം. ഇതിന്റെ ഫലമായി യുഎസ് കടപ്പത്ര വിപണിയില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും രൂപയ്ക്ക് തിരിച്ചടിയായി. ഇതിന് പുറമേയാണ് അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 81 ഡോളറിലേക്ക് നീങ്ങുകയാണ്. ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളര്‍ ആവശ്യകത വര്‍ധിക്കാന്‍ ഇത് ഇടയാക്കി. ഉയർന്ന എണ്ണവില ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിപ്പിക്കും. ഇതും രൂപയുടെ മൂല്യത്തെ ബാധിച്ചതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വിദേശ നിക്ഷേപകർ (എഫ്ഐഐ) ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന് വിറ്റൊഴിയുന്നതും തുടരുകയാണ്. വെള്ളിയാഴ്ച 2,254.68 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റത്. ജനുവരി മൂന്നിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 569.3 കോടി ഡോളർ കുറഞ്ഞ് 63458.5 കോടി ഡോളറിലെത്തി.
രൂപയുടെ മൂല്യച്യുതിയും വില്പന സമ്മര്‍ദവും കാരണമായി ഓഹരി വിപണിയിലും കനത്ത ഇടിവ് തുടരുന്നു. സെന്‍സെക്സ് ഇന്ന് മാത്രം ആയിരത്തിലധികം പോയിന്റ് ഇടിഞ്ഞു. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളും അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതുമാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് വിപണി ഇടിവിൽ അവസാനിക്കുന്നത്.
സെന്‍സെക്സ് 1,048 പോയിന്റ് നഷ്ടത്തോടെ 76,330ല്‍ ക്ലോസ് ചെയ്തു. 345 പോയിന്റ് നഷ്ടത്തോടെ 23,085 ലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്. നിഫ്റ്റി മിഡ്‌ക്യാപ് സൂചിക നാല് ശതമാനം ഇടിഞ്ഞു, 2024 ജൂണിനുശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണിത്. സ്‌മോൾ ക്യാപ് സൂചികയും നാല് ശതമാനം ഇടിഞ്ഞു, അഞ്ച് മാസത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം. നിഫ്റ്റി റിയാലിറ്റി 6.38 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മീഡിയ സൂചിക 4.44 ശതമാനമാവും ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി എനർജി, മെറ്റൽ സൂചികകൾ മൂന്നര ശതമാനത്തോളവും നഷ്ടം നൽകി. നിഫ്റ്റി ഹെൽത്ത് കെയർ, ഫർമാ സൂചികകൾ രണ്ടര ശതമാനം താഴ്ന്നു.
കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകളില്‍ സെന്‍സെക്സിന്റെ നഷ്ടം 2.39 ശതമാനം അഥവാ 1,869.1 പോയിന്റ് ആണ്. നിഫ്റ്റി ഇതേസമയം 2.49 ശതമാനം അഥവാ 598.10 പോയിന്റ് ഇടിഞ്ഞു. ഇന്നലെ മാത്രം നിക്ഷേപകരുടെ നഷ്ടം 12.61 ലക്ഷം കോടിയാണ്. നാല് ദിവസങ്ങളിലായി ആകെ 24 ലക്ഷം കോടിയുടെ നിക്ഷേപവും നഷ്ടമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.