ഇന്ത്യയിലെ ഗ്രാമ‑നഗര അന്തരം വികസന പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍

Web Desk
Posted on October 29, 2018, 10:26 pm

 

ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു സമൂഹമായാണ് അംഗീകരിക്കുന്നത്. ഒരു സമൂഹത്തിലെ ജനങ്ങളുടെ ഭൗതീകാവകാശങ്ങള്‍ നിറവേറ്റാനുള്ള സാമൂഹ്യസംവിധാനമെന്ന നിലയിലാണ് സമ്പദ്‌വ്യവസ്ഥയെ കാണുന്നത്. ഇന്ത്യയിലെ നഗരം പുരോഗമനപരമാണെങ്കില്‍ ഗ്രാമീണഭാരതം അവികസിതവും പിന്നോക്ക നിലയിലുമാണ്. നഗരപ്രദേശങ്ങളിലേക്കുള്ള ഗ്രാമീണ ജനതയുടെ അനിയന്ത്രിതമായ കുടിയേറ്റം വലിയ സാമൂഹ്യ‑സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ത്യയിലെ 69 ശതമാനം ജനങ്ങളും ഗ്രാമപ്രദേശങ്ങളിലാണ് ജീവിക്കുന്നതെങ്കിലും ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ഇന്നും നഗര കേന്ദ്രീകൃതമാണ്. മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട ഏത് സൂചികകള്‍ എടുത്തു പരിശോധിച്ചാലും ഗ്രാമീണ ഇന്ത്യയുടെ അവസ്ഥ പരിതാപകരമാണ്. ഇന്ത്യയില്‍ സമ്പന്ന നഗരങ്ങളും ദരിദ്ര ഗ്രാമങ്ങളും എന്ന തലത്തിലുള്ള രണ്ട് സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയും ഭരണാധികാരികള്‍ മുഴുവന്‍ ജനതയെയും ഉള്‍ക്കൊണ്ടുള്ള വികസനത്തിന് പ്രാധാന്യം നല്‍കാതെ നഗര കേന്ദ്രീകൃത വികസന നയങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പാടെ അവഗണിച്ചുകൊണ്ട് സാമൂഹിക‑സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക വളര്‍ച്ച ചിലരെ സമ്പന്നരാക്കുമ്പോള്‍ സമാന്തരമായി തന്നെ മറ്റുള്ളവരെ ദരിദ്രരാക്കുന്ന ഒരു സാമൂഹിക അന്തരീക്ഷം സംജാതമാകുന്നു.
1991ല്‍ നടപ്പിലാക്കിയ പുത്തന്‍ സാമ്പത്തിക നയങ്ങളും തുടര്‍ന്നുവന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങളും നഗര കേന്ദ്രീകൃതമായ വികസനത്തിന് ഊന്നല്‍ നല്‍കുന്നവയായിരുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലൂടെ ഇന്ത്യയില്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടുകയും അതിലൂടെ വ്യാവസായിക നഗരകേന്ദ്രങ്ങളുടെ വിപുലീകരണവും സാധ്യമായി. എന്നാല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ആഗോളവല്‍ക്കരണ നയങ്ങളുടെ ദുരിതമനുഭവിക്കുന്നവര്‍ സാധാരണ കര്‍ഷകരാണ്. ഇന്ത്യയില്‍ കര്‍ഷകര്‍ക്ക് വരള്‍ച്ചയും കൃഷിനാശവും മൂലം ഒരു നേരത്തെ ഭക്ഷണം പോലും ലഭ്യമല്ലാത്ത സാഹചര്യമാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ സാധാരണ കൃഷിക്കാരുടെ ജീവിതം ആത്മഹത്യയിലേക്കും വലിയ കര്‍ഷക പ്രക്ഷോഭത്തിലേക്കും നയിച്ചു. ഇതിനോടൊപ്പം 2016ല്‍ നടപ്പിലാക്കിയ നോട്ട് നിരോധനവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന രീതിയിലേക്ക് എത്തിച്ചേര്‍ന്നു. നോട്ട് നിരോധനം മൂലം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലെ ജനങ്ങളുടെ വരുമാനത്തിലും ജോലിയിലും അസ്ഥിരത സൃഷ്ടിച്ചു. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 6 ലക്ഷത്തിലധികം ഗ്രാമങ്ങളും, 7000 പട്ടണങ്ങളും, നഗരകേന്ദ്രങ്ങളുമാണ് ഉള്ളത്. 2017–18 വര്‍ഷത്തെ സാമ്പത്തിക സര്‍വേ പ്രകാരം 70 ശതമാനത്തോളം ജനങ്ങള്‍ ഗ്രാമീണമേഖലയില്‍ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 14ശതമാനം മാത്രമാണ് കൃഷിയുടെ സംഭാവന. എന്നാല്‍ വ്യവസായങ്ങളുടെയും സേവന മേഖലകളുടെയും സംഭാവന യഥാക്രമം 26ശതമാനം, 60ശതമാനം എന്നിങ്ങനെയാണ്. 2011ലെ സാമൂഹ്യ‑സാമ്പത്തിക സെന്‍സസ് വെളിപ്പെടുത്തുന്നത് ജീവനോപാധികളുടെ അഭാവവും തൊഴിലവസരങ്ങളുടെ കുറവും മൂലം ഇന്ത്യയിലെ 75ശതമാനത്തോളം ഗ്രാമീണ കുടുംബങ്ങളുടെ പ്രതിമാസ വരുമാനം 5000 രൂപയ്ക്ക് താഴെയായി. ഇന്ത്യയിലെ 50ശതമാനത്തോളം കുടുംബങ്ങള്‍ സ്വന്തമായി ഭൂമിയില്ലാത്തവരും, ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുമാണ്.
കഴിഞ്ഞ ദശാബ്ദങ്ങളിലെ ഇന്ത്യയുടെ വളര്‍ച്ച പൂര്‍ണ്ണമായും കേന്ദ്രീകരിച്ചത് സോഫ്റ്റ്‌വെയര്‍, ഫിനാന്‍സ്, കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മേഖലകളിലായിരുന്നു. ഇതുമൂലം ഗ്രാമീണയുവാക്കള്‍ പ്രൊഫഷണല്‍ പരിശീലനവും ഉന്നത വിദ്യാഭ്യാസത്തിന്റെ കുറവും മൂലം ഇത്തരം ജോലികളില്‍ നിന്ന് പുറന്തള്ളപ്പെട്ടു. ഇതിനൊപ്പം ആരോഗ്യം, വിദ്യാഭ്യാസം എന്നീ സാമൂഹ്യ സേവന മേഖലകളിലും സര്‍ക്കാരിന്റെ നിക്ഷേപം പടിപടിയായി കുറച്ചുകൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ കാരണം ഇന്ത്യയിലെ ദരിദ്ര്യരായ ഗ്രാമീണ ജനതയ്ക്ക് മെച്ചപ്പെട്ട ആരോഗ്യ നിലവാരവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അപ്രാപ്യമായി മാറി. ഇത്തരത്തിലുള്ള തെറ്റായ നയ സമീപനങ്ങള്‍ കാരണം ദാരിദ്ര്യം, പോഷകാഹാരകുറവ്, ശിശുമരണനിരക്ക്, മാതൃമരണനിരക്ക് എന്നീ ഒട്ടുമിക്ക ആരോഗ്യ സൂചികകളിലും ഗ്രാമീണ ഇന്ത്യയുടെ സ്ഥാനം മിക്ക ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പിന്നിലാണ്. അതുപോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ ഉറപ്പുവരുത്തുന്നതിലും കേന്ദ്ര ഭരണാധികാരികള്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങളും, മരുന്നും ഇല്ലാതെ കുട്ടികള്‍പോലും മരിക്കുന്ന അവസ്ഥയിലെത്തിച്ചേര്‍ന്നു. നഗര പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തത ഗ്രാമീണ മേഖലകളുടെ വികസനത്തിന് വിഘാതമായി മാറി. ഗ്രാമീണ മേഖലയുടെ വികസനത്തിന് പ്രധാന തടസ്സമായി പരിഗണിക്കുന്നത് വീടുകള്‍, ശുദ്ധജലം, വൈദ്യുതി, റോഡുകള്‍, ശുചീകരണം എന്നീ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയാല്‍ മാത്രമേ ഗ്രാമീണ മേഖലയില്‍ ചെറുകിട വ്യവസായ സംരഭകര്‍ നിക്ഷേപം നടത്തുകയുള്ളൂ. ഗ്രാമീണ മേഖലയില്‍ കാണുന്ന കര്‍ക്കശമായ ജാതി വ്യവസ്ഥയിലൂടെ ഒരു താഴ്ന്ന ജാതിക്കാരനും പരമ്പരാഗത ജോലി ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല. എന്നാല്‍ നഗരപ്രദേശങ്ങളില്‍ വ്യക്തിഗത വൈദഗ്ധ്യത്തിനും യോഗ്യതയ്ക്കുമാണ് ഊന്നല്‍ നല്‍കുന്നത്. ഇന്ത്യയില്‍ സമ്പന്നമായ മെട്രോനഗരങ്ങളുടെ ഒരു സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെ ഗ്രാമീണ മേഖലകളില്‍ കടുത്ത സാമൂഹ്യ‑സാമ്പത്തിക അസമത്വം ദൃശ്യമാകുന്നു.
ഗ്രാമ‑നഗര അന്തരം കുറയ്ക്കുവാനും അവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഗ്രാമീണ‑നഗര സമതുലിത വികസന നയങ്ങളാണ് പിന്തുടരേണ്ടത്. ഇതിനായി ആധുനിക സൗകര്യങ്ങളോടെ ഗ്രാമീണ ക്ലസ്റ്ററുകള്‍ക്ക് ഊന്നല്‍ നല്‍കുകയും നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഗ്രാമീണ മേഖലയില്‍ സൃഷ്ടിക്കുകയും ചെയ്യണം. ഗ്രാമീണ‑നഗര സമന്വയത്തിലൂടെ ഗ്രാമീണ പ്രദേശത്തുനിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണിയായി നഗരത്തെ മാറ്റുകയും, കാര്‍ഷിക‑വ്യാവസായിക‑സേവന മേഖലകള്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുകയും ചെയ്യണം. ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പ്രധാന രണ്ട് പദ്ധതികളാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും. ഈ രണ്ട് പദ്ധതികളും ഇന്ത്യയില്‍ വിജയകരമായി നടപ്പിലാക്കി മാതൃകയായത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ്. ഗ്രാമീണ നഗര വ്യതിയാനം വളരെ കുറവുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ 47.7 ശതമാനം ജനങ്ങള്‍ നഗരങ്ങളില്‍ താമസിക്കുമ്പോള്‍ 52.3 ശതമാനം ജനങ്ങള്‍ ഗ്രാമീണ മേഖലയിലാണ് അധിവസിക്കുന്നത്. ഗ്രാമീണ നഗര അന്തരം വളരെ കുറവുള്ള കേരളം ഈ നേട്ടങ്ങള്‍ കൈവരിച്ചത് കേരളത്തിന് തനതായ വികസന അനുഭവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചതിനാലാണ്. മെച്ചപ്പെട്ട പൊതുവിതരണ സമ്പ്രദായം, മെച്ചപ്പെട്ട ആരോഗ്യ സംവിധാനം, സ്‌കൂളുകള്‍, ആശുപത്രികള്‍, കൃഷി സൗഹൃദ നയങ്ങള്‍ എന്നിവയിലൂടെയാണ് കേരളം ഉയര്‍ന്ന സാമൂഹ്യ നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നത്.
2050 ഓടുകൂടി ഇന്ത്യയിലെ പകുതിയിലധികം ജനങ്ങളും നഗര പ്രദേശത്ത് താമസിക്കുമെന്ന് വിവിധ സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. വര്‍ധിച്ചുവരുന്ന ഗ്രാമീണരുടെ നഗര കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ 2003ല്‍ മുന്‍ രാഷ്ട്രപതിയായിരുന്ന ഡോ. എപിജെ അബ്ദുള്‍കലാം വിഭാവനം ചെയ്ത ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായിരുന്നു ‘ഗ്രാമീണ മേഖലയില്‍ നഗര വികസന വ്യവസ്ഥ (പ്രൊവൈഡിങ് അര്‍ബന്‍ അമനിറ്റീസ് ഇന്‍ റൂറല്‍ ഏര്യാസ് ‑പിയുആര്‍എ). ഭൗതികവും, വിജ്ഞാനവും സാങ്കേതികവുമായ സമന്വയത്തിലൂടെ ഗ്രാമീണ മേഖലയില്‍ നഗര വികസന വ്യവസ്ഥയ്ക്ക് രൂപം നല്‍കി ഇന്ത്യയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കാനുള്ള നല്ലൊരു ശ്രമമായിരുന്നു പുര. ഗ്രാമീണ മേഖലകളില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറച്ചുകൊണ്ട് പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പുവരുത്തുന്നതിനു വേണ്ടിയായിരുന്നു ഈ പദ്ധതി. നഗരങ്ങളെ പോലെ ഗ്രാമീണ മേഖലകളെ ആകര്‍ഷകമാക്കുകയും 2020ഓടുകൂടി ലോകത്തിലെ ഏറ്റവും വലിയ മനുഷ്യവിഭവശക്തിയായും സാമ്പത്തിക ശക്തിയുമായി മാറ്റണമെന്നുള്ള ദീര്‍ഘവീക്ഷണമുള്ള പദ്ധതിയായിരുന്നു പുര. ഓരോ വീട്ടിലും കുടിവെള്ളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, റോഡുകള്‍, ടെലികോം സേവനങ്ങള്‍ എന്നിവ നഗരമേഖലയിലുള്ളതിനു സമാനമായി ഗ്രാമീണ മേഖലയില്‍ നല്‍കുകയും മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് പുര ലക്ഷ്യമിട്ടത്. ഈ ലക്ഷ്യനേട്ടത്തിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ പുര പദ്ധതിയുടെ ഇന്നത്തെ അവസ്ഥ അതി ദയനീയമാണ്. ഗ്രാമീണ ഇന്ത്യയില്‍ കാര്യമായ ഒരു നേട്ടവും കഴിഞ്ഞ 20 വര്‍ഷക്കാലത്തോളം നേടിയെടുക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, ഇന്ത്യയുടെ ഭാവിയെ തന്നെ മാറ്റിമറിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഈ സ്വപ്‌ന പദ്ധതിയെ ഭരണാധികാരികള്‍ അവഗണിച്ചുകൊണ്ട് ഇല്ലായ്മ ചെയ്തു.
പതിറ്റാണ്ടുകളായുള്ള ആസൂത്രണവും, വര്‍ഷങ്ങളായി നടക്കുന്ന സാമ്പത്തിക പരിഷ്‌ക്കാരവും സാമ്പത്തിക വളര്‍ച്ചയെ വന്‍തോതില്‍ സഹായിച്ചിട്ടുണ്ട്. അത് സമ്പദ്‌വ്യവസ്ഥയെ കഴിഞ്ഞ ആറ് പതിറ്റാണ്ടായി ഉയര്‍ന്ന തലത്തിലേക്ക് നയിക്കുകയായിരുന്നു. എന്നിട്ടും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ദരിദ്രരുടെ ഒരു വന്‍ സമുദ്രവും, സമ്പന്നരുടെ ചെറിയ ചെറിയ തുരുത്തുകളുമാണ് കാണാന്‍ കഴിയുന്നത്. സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലൂടെ ന്യൂനപക്ഷത്തിന്റെ സമ്പന്നത വന്‍തോതില്‍ വര്‍ദ്ധിക്കുകയും, ദരിദ്രരെ അശരണരാക്കി മാറ്റി നിര്‍ത്തുകയും ഗ്രാമീണ‑നഗര അന്തരം സൃഷ്ടിച്ച് ഗ്രാമീണ ജനതയെ ദുരിതത്തിന്റെ കാണാക്കയങ്ങളിലേക്ക് തള്ളിയിടുന്നു. ഗ്രാമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ചെറുകിട കര്‍ഷകര്‍, ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍, ഉപജീവനത്തിനായി സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരെ ഉല്‍പ്പാദന സംരംഭങ്ങളില്‍ പങ്കാളികളാക്കുകയും അവരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും അവരുടെ ആര്‍ജ്ജിത വിജ്ഞാനവും കഴിവും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ആധുനിക സാങ്കേതിക വിദ്യയുടെയും, നവീനമായ പണിയായുധങ്ങളുടെയും പിന്തുണകൂടി ആവശ്യമാണ്. പ്രാദേശിക ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വികസന പ്രക്രിയയെ രൂപപ്പെടുത്തേണ്ടതുണ്ട്. ഇതിന് ഉത്തമോദാഹരണമാണ് കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വികസന സമീപനം.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. സി ടി കുര്യന്റെ നിരീക്ഷണം ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാകുന്നു. ഡോ. കുര്യന്‍ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ വികസന പ്രക്രിയ ഇതുവരെയും ഒരു ജനകീയ പ്രസ്ഥാനമായി മാറിയിട്ടില്ല. ഒരു വ്യക്തിക്കുമാത്രം ഒരു ജനകീയ പ്രസ്ഥാനത്തിന് രൂപം നല്‍കാന്‍ സാധ്യമല്ല. എല്ലാവര്‍ക്കും അവശ്യജീവനോപാധികള്‍ ഉറപ്പാക്കണമെന്ന ഭരണഘടന നിര്‍ദ്ദേശം പാലിക്കാനുള്ള ജനകീയ പ്രതിരോധമാണ് ആവശ്യം. അതിനോടൊപ്പം സാമ്പത്തിക വ്യവസ്ഥയുടെ പ്രവര്‍ത്തനം വഴി സമ്പത്തും, ഉല്‍പ്പാദന ഉപാധികളും പൊതുതാല്‍പ്പര്യത്തിന് ഹാനികരമാം വിധം ഏതാനും പേരില്‍ കേന്ദ്രീകരിക്കുന്നില്ലെന്ന് ഉറപ്പിക്കാനും ഈ ജനകീയ പ്രസ്ഥാനത്തിന് കഴിയണം. ഇത്തരത്തിലൂടെ ഗ്രാമീണ‑നഗര സമതുലിത വികസന നയങ്ങള്‍ ആവിഷ്‌ക്കരിച്ച് ജനകീയ അടിത്തറയോടെ നടപ്പിലാക്കിയാല്‍ മാത്രമേ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമീണ ജനതയുടെ പുനര്‍ജീവനം വീണ്ടെടുക്കാന്‍ നമുക്കു സാധിക്കുകയുള്ളൂ.