കെ രംഗനാഥ്

കുവൈറ്റ് സിറ്റി:

June 05, 2020, 12:24 pm

കുവൈറ്റ് പ്രവാസികളുടെ ശമ്പളം പകുതിയാക്കും

Janayugom Online

കുവൈറ്റിലെ ആറു ലക്ഷം പ്രവാസികളെ പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ അതിവേഗം നീങ്ങുന്നതിനിടെ നിലവിലുള്ളവരുടെ ശമ്പളം പകുതിയായി വെട്ടിക്കുറയ്ക്കാനും തീരുമാനമായി. സ്വകാര്യമേഖലയിലെ ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കാന്‍ തൊഴിലുടമകള്‍ അനുമതി നല്കുന്ന ഭേദഗതി ബില്ലിന്റെ കരട് പാര്‍ലമെന്റിന്റെ ധനകാര്യസമിതിക്കു വിട്ടു.

പാര്‍ലമെന്റുതന്നെയാണ് നേരത്തേ ആറു ലക്ഷം പ്രവാസികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. പ്രവാസികളില്‍ ഒന്നാം സ്ഥാനത്തുനില്ക്കുന്ന ഇന്ത്യക്കാരുടെ സംഖ്യ 9.6 ലക്ഷത്തില്‍ നിന്നും 20 ശതമാനമായി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും നടപ്പാക്കിവരികയാണ്. ഇതോടെ കുവൈറ്റിലെ ഇന്ത്യക്കാരുടെ സംഖ്യ രണ്ടു ലക്ഷത്തിനു താഴെയാകുമെന്ന് ഔദ്യോഗികമായിത്തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. കൊറോണയുടേയും എണ്ണ വിലത്തകര്‍ച്ചയുടെയും മറവില്‍ പ്രവാസികളെ നാടുകടത്താന്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് 5 ശതമാനം നികുതി ഏര്‍പ്പെടുത്താനും നീക്കമാരംഭിച്ചുകഴിഞ്ഞു.

ഇതിനു പിന്നാലെയാണ് അടുത്ത പ്രഹരമായി ശമ്പളം പകുതിയായി വെട്ടിച്ചുരുക്കാനുള്ള തീരുമാനം. 50 ശതമാനം വരെ ശമ്പളത്തില്‍ കുറവുവരുത്താന്‍ തൊഴിലുടമയ്ക്കു നല്കുന്ന അധികാരം നടപ്പാക്കുന്നതു തൊഴിലാളികളുമായി സംസാരിച്ചു തീരുമാനിക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും തൊഴിലുടമകള്‍ ബില്‍ നിയമമാകുന്നതിനു മുമ്പുതന്നെ ശമ്പളം 60 ശതമാനത്തോളം വെട്ടിക്കുറയ്ക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. കോവിഡിന്റെ ആക്രമണത്തിനിടെ സ്വകാര്യമേഖല ഏകദേശം നിശ്ചലാവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കോവിഡ് കാലം കഴിഞ്ഞാല്‍ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നിയമം റദ്ദാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുന്‍കാല അനുഭവങ്ങളനുസരിച്ച് ഒരിക്കല്‍ വെട്ടിക്കുറച്ച ശമ്പളം പിന്നീട് പുനഃസ്ഥാപിച്ച ചരിത്രമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ENGLISH SUMMARY:The salaries of Kuwait expa­tri­ates will be halved

YOU MAY ALSO LIKE THIS VIDEO