ഇനി മുതൽ ഈ യൂണിവേഴ്‌സിറ്റിയിൽ ലിംഗഭേദമില്ലാതെ എല്ലാവർക്കും ഒരേ ടോയ്‌ലറ്റ്

Web Desk
Posted on November 29, 2019, 6:48 pm

കൊല്‍ക്കത്ത: ഇനി മുതൽ ലിംഗഭേദമില്ലാതെ ആണിനും പെണ്ണിനും ട്രാൻസ്ജെൻഡറുകൾക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ‘കോമൺ ടോയ്‌ലറ്റ്’ എന്ന ആശയവുമായി മുന്നോട്ടു വന്നിരിക്കുകയാണ്‌ പശ്ചിമ ബംഗാളിലെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി. ലിംഗഭേദമില്ലാതെ ഉപയോഗിക്കാന്‍ പറ്റുന്ന ടോയ്​ലറ്റുകള്‍ നിര്‍മ്മിക്കാനാണ് ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തീരുമാനമെടുത്തിരിക്കുന്നത്.

ഇത്തരത്തിലൊരു ആശയം വിദ്യാര്‍ത്ഥി യൂണിയനാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് കൈമാറിയത്. തങ്ങളുടെ നിര്‍ദേശം അധികാരികള്‍ അംഗീകരിക്കുകയാണെങ്കില്‍ സന്തോഷമുള്ള കാര്യമാണെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.

ലിംഗഭേദമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ടോയ്​ലറ്റുകള്‍ മാത്രമല്ല, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ടോയ്​ലറ്റുകളും നിര്‍മ്മിക്കാന്‍ സര്‍വകലാശാലയ്ക്ക് ഉദ്ദേശമുണ്ടെന്ന് അധ്യാപകന്‍ വ്യക്തമാക്കി.

ലിംഗഭേദമില്ലാത്ത ടോയിലറ്റുകള്‍ നിര്‍മ്മിക്കുക എന്നത് തങ്ങളുടെ ഏറെക്കാലത്തെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു എന്നും ഇപ്പോള്‍ അധികൃതരും അതിന് സമ്മതം മൂളിയിരിക്കുകയാണ് എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.