ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് അക്രമാസക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുവെന്ന സംഘപരിവാർ നേതാക്കളുടെ പ്രസ്താവനകൾ വാസ്തവ വിരുദ്ധമെന്ന് റിപ്പോർട്ട്. ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ജനങ്ങൾ പ്രതിഷേധിക്കുന്നുണ്ടെങ്കിലും തികച്ചും ജനാധിപത്യ മര്യാദകൾ പാലിച്ചുകൊണ്ടുള്ളതും രാജ്യത്തിന്റെ മതേതര സ്വഭാവം വിളിച്ചോതുന്നതുമായ പ്രതിഷേധങ്ങളാണ് തുടരുന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങൾക്കു നേരെ പൊലീസ് അതിക്രമങ്ങൾ ഉണ്ടാകുമ്പോഴാണ് ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതികരണങ്ങൾ ഉണ്ടാകുന്നതെന്നാണ് വിലയിരുത്തൽ.
ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നതിന് മുമ്പുതന്നെ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചിരുന്നു. അക്രമം നടത്തിയെന്ന കേസിൽ ഒരു വിദ്യാർത്ഥിയെ പോലും ഡൽഹിപൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. സംഘപരിവാർ അനുഭാവികളാണ് പ്രതിഷേധ സമരത്തിനിടെ അക്രമം നടത്തിയതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.
ഡൽഹിയിലെ സീലാംപൂരിൽ സമാധാനപരമായി പ്രകടനം നടത്തിയ പ്രതിഷേധക്കാരെ പൊലീസ് ആക്രമിച്ചപ്പോഴാണ് പ്രതിഷേധക്കാർ കല്ലെറിഞ്ഞത്. ബിൽ പാസാക്കിയശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ആയിരങ്ങൾ മുതൽ ലക്ഷക്കണക്കിന് പേരാണ് വിവിധ പ്രതിഷേധങ്ങളിൽ പങ്കെടുത്തത്. എന്നാൽ സമാധാനപരമായ ഈ പ്രകടനങ്ങൾക്ക് വേണ്ടത്ര മാധ്യമ ശ്രദ്ധലഭിച്ചില്ല.
you may also like this video;
മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവിൽ രണ്ട് ലക്ഷത്തോളംപേർ പങ്കെടുത്ത റാലി സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തെ അവമതിക്കുന്നതിനായി പ്രധാനപ്പെട്ട ദേശീയ ദിനപത്രം കേവലം 60000 പേർ പങ്കെടുത്തുവെന്ന വാർത്ത നൽകി. നാഗ്പൂരിൽ നടന്ന റാലിയിൽ എല്ലാ മതവിഭാഗക്കാരും പങ്കെടുത്തു. ഇതിനും വേണ്ടത്ര മാധ്യമ ശ്രദ്ധ ലഭിച്ചില്ല. ബിഹാറിലും സമാധാനപരമായ പ്രതിഷേധങ്ങളാണ് മുസ്ലിങ്ങൾ നടത്തിയത്. അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിലാണ് രാജസ്ഥാനിൽ നടന്ന പ്രതിഷേധ റാലിയിൽ ജനങ്ങൾ പങ്കെടുത്തത്. ഡെറാഡൂണിൽ മുസ്ലിം സംഘടനങ്ങൾ ആഹ്വാനം ചെയ്ത ഉപവാസ സമരത്തിലും ആയിരങ്ങളാണ് പങ്കെടുത്തത്. അവിടേയും അക്രമ സംഭവങ്ങൾ ഉണ്ടായില്ല.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാജ്യത്തിന്റെ വിവിധ പള്ളികളിൽ നടന്ന നമാസിലും സമാധാനത്തിനായി പ്രാർഥിച്ചു. ഇവിടങ്ങളിൽ അക്രമസംഭവങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ മുസ്ലിങ്ങൾ ബില്ലിനെതിരെ അക്രമം അഴിച്ചുവിടുന്നുവെന്ന വാസ്തവ വിരുദ്ധമായ പ്രസ്താവനകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി- സംഘപരിവാർ നേതാക്കൾ നടത്തുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.