തെരഞ്ഞെടുപ്പ് കാലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ക്ഷേമപദ്ധതികളും മുന്‍നിര പദ്ധതികളും ബാധ്യതയായതോടെ കുഴിച്ചുമൂടപ്പെടുന്നതായി റിപ്പോര്‍ട്ട്. മോഡിയുടെ പിന്നണി പ്രവര്‍ത്തകരും പിന്തുണച്ച സാമ്പത്തിക വിദഗ്ധരും ബിജെപിയിലെ രണ്ട് ഉന്നതരും, വലിയ ആഘോഷത്തോടെ തുടങ്ങിയ പദ്ധതികള്‍ എങ്ങനെ ചുരുട്ടിക്കെട്ടാമെന്ന് തലപുകയ്ക്കുകയാണിപ്പോള്‍. ആസൂത്രണമില്ലാതെ പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ രാഷ്ട്രീയമായി ഗുണമല്ലെന്ന് മോഡിയുടെ ഭൂതഗണങ്ങള്‍ക്കിടയില്‍ അഭിപ്രായം ഉണ്ടായിരുന്നതിനെത്തുടര്‍ന്നാണ് തീരുമാനം. ഇത്തരം പദ്ധതികളിലൂടെ മോഡിക്ക് പാവങ്ങളുടെ നായകന്‍ എന്ന പ്രതിച്ഛായ ലഭിക്കുമെന്നാണ് കരുതിയിരുന്നത്. ബജറ്റ് ഭാരം വര്‍ധിച്ചുവരുന്നതിനാല്‍ ധനകാര്യ മന്ത്രാലയവും ധനകാര്യ കമ്മിഷനും പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്. ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ അരവിന്ദ് പനഗരിയ ജനപ്രിയ പദ്ധതികള്‍ക്ക് എതിരാണ്. ഓരോ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും ചില പദ്ധതികളില്‍ നിന്നുള്ള നേട്ടം കുറയുന്നതായി ബിജെപിയുടെ വിശകലന വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്നതുവഴി വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള സാധ്യത കുറഞ്ഞതായും കാണപ്പെടുന്നു.
രണ്ട് വര്‍ഷം മുമ്പ് നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പദ്ധതികള്‍ പൂര്‍ണവ്യാപനത്തില്‍ എത്തുന്നതിനെ കുറിച്ച് സംസാരിക്കവെയാണ് പദ്ധതികള്‍ ഉപേക്ഷിക്കുന്നതിന്റെ ആദ്യ സൂചന മോഡി നല്‍കിയത്. പദ്ധതികളുടെ പൂര്‍ണത മതേതരത്വത്തെയും സാമൂഹ്യ നീതിയെയും പ്രതിഫലിപ്പിക്കുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്ഷേമ പദ്ധതികള്‍ 100 ശതമാനമാകുമ്പോള്‍ പ്രീണന രാഷ്ട്രീയം അവസാനിക്കുമെന്നും അവകാശപ്പെട്ടു. എന്നാല്‍ മൂന്നാം കക്ഷി വിലയിരുത്തലില്ലെങ്കില്‍ അടുത്തവര്‍ഷം മുതല്‍ എല്ലാ കേന്ദ്ര പദ്ധതികള്‍ക്കും കേന്ദ്രം സഹായം നല്‍കുന്ന പദ്ധതികള്‍ക്കും ഫണ്ട് നിഷേധിക്കുമെന്ന് രണ്ട് മാസം മുമ്പ് ധനകാര്യമന്ത്രാലയം വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഏറ്റവും വലിയ ക്ഷേമപദ്ധതി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ്. ഗ്രാമവികസന മന്ത്രാലയം പദ്ധതി വിഹിതം കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ ധനകാര്യമന്ത്രാലയം ബജറ്റിലെ ഫണ്ട് പരിധി 60% ആയി പ്രഖ്യാപിച്ചു. ഇത് മോഡി അവകാശപ്പടുന്നതുപോലെ 100 % ഗുണഭോക്താക്കളിലേക്കല്ല, വര്‍ധിച്ചുവരുന്ന തൊഴില്‍ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 71 കോടിയുടെ തൊഴിലുറപ്പ് പദ്ധതി അഴിമതിയില്‍ ബിജെപിയുടെ ഒരു മന്ത്രിയും മകനും അറസ്റ്റിലായത് അടുത്തിടെയാണ്. മറ്റൊരു അഭിമാന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ യുപിഎ സര്‍ക്കാരാണ് കൊണ്ടുവന്നതെങ്കിലും 2014ല്‍ അധികാരമേറ്റതിന് പിന്നാലെ മോഡി അംഗീകരിച്ചു. എന്നാല്‍ ഭൂമി ഏറ്റെടുക്കലിലെ താമസം, കാര്യക്ഷമതയില്ലായ്മ എന്നിവ കാരണം അവതാളത്തിലായി. നവാമി ഗംഗ, മല്‍ സേ ജല്‍, പിഎം കുസും, മേയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.