Janayugom Online
വില്ലിംഗ്ഡണ്‍ ഐലന്റിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ബോട്ട് ഷോ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്ത ശേഷം സതേണ്‍ നേവല്‍ കമാന്‍ഡ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ എ. കെ. ചാവ്‌ല സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നു.

ആഡംബര യാട്ടുകള്‍ മുതല്‍ ചൂണ്ടക്കൊളുത്തു വരെ — കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ബോട്ട് ഷോ രണ്ടാം പതിപ്പിന് തുടക്കമായി

Web Desk
Posted on December 07, 2019, 5:04 pm
കൊച്ചി: ജലഗതാഗത, വാട്ടര്‍സ്‌പോര്‍ട്‌സ് മേഖലകളിലെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ അണിനിരത്തിക്കൊണ്ട് കഴിഞ്ഞ വര്‍ഷം തുടക്കമിട്ട കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ബോട്ട് ഷോയുടെ രണ്ടാം പതിപ്പിന് വില്ലിംഗ്ഡണ്‍ ഐലന്റിലെ സാമുദ്രിക കവെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. സതേണ്‍ നേവല്‍ കമാന്‍ഡ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ എകെ. ചാവ്‌ല ഉദ്ഘാടനം ചെയ്തു. ഷോ നാളെ (ഡിസം 8) വൈകീട്ട് സമാപിക്കും.
ലീഷര്‍, റെസ്‌ക്യു, മാരിടൈം തുടങ്ങി ബോട്ടിംഗ് അനുബന്ധ മേഖലകളിലെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അണിനിരക്കുന്ന ഇന്ത്യയിലെത്തന്നെ ഏക ബോട്ട് ഷോയാണ് കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ബോട്ട് ഷോ. ദക്ഷിണ നാവിക കമാന്‍ഡ്, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എംഎസ്എംഇ വകുപ്പ്, ഇന്‍ഡോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയോടെ നടക്കുന്ന ബോട്ട് ഷോയുടെ ഭാഗമായി ഇക്കുറി കേരളത്തില്‍ ഇതാദ്യമായി ദക്ഷിണ നാവിക കമാന്‍ഡിന്റെ പിന്തുണയോടെ കൊച്ചിന്‍ മോട്ടോര്‍ ബോട്ട് റാലിയും അരങ്ങേറി. നേവിയുടേയും സ്വകാര്യ സംരംഭകരുടേയും ഉടമസ്ഥതയിലുള്ള പന്ത്രണ്ട് സ്പീഡ് ബോട്ടുകള്‍ പങ്കെടുത്തു.

വില്ലിംഗ്ഡണ്‍ ഐലന്റിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ബോട്ട് ഷോ രണ്ടാം പതിപ്പ് സതേണ്‍ നേവല്‍ കമാന്‍ഡ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ എ. കെ. ചാവ്‌ല ഉദ്ഘാടനം ചെയ്യുന്നു. സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് സമീപം.


പ്രിന്‍സസ്, മറീന, ബേലൈനര്‍, ക്ലാസ്എന്‍കെ തുടങ്ങിയ പ്രമുഖ ആഗോള യാട്ട് ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഡീലര്‍മാര്‍, സമുദ്ര, സമ്മിറ്റ്, പ്രാഗ തുടങ്ങിയ തദ്ദേശീയ ബോട്ട് നിര്‍മാതാക്കള്‍, മറീനകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ മുപ്പത്തഞ്ച് സ്ഥാപനങ്ങള്‍ ബോട്ട് ഷോയില്‍ അണിനിരക്കുന്നുണ്ടെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

ഇവയ്ക്കു പുറമെ ട്രെയിലര്‍ ബോട്ടുകള്‍, സ്‌പോര്‍ട്‌സ് ബോട്ടുകള്‍, വാട്ടര്‍സ്‌കീയിംഗ്, വേക്‌ബോര്‍ഡിംഗ്, കയാകിംഗ്, സ്്കൂബ ഡൈവിംഗ്, നോര്‍വേയില്‍ നിന്നുള്ള ചൂണ്ടക്കൊളുത്തുകള്‍ ഉള്‍പ്പെടെയുള്ള ഫിഷിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവയും മേളയിലുണ്ട്. വിദേശികളും സ്വദേശികളുമായ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ കേരളത്തെ ഒരു ഒന്നാംകിട ക്രൂയ്‌സിംഗ്, ഇന്‍ഷോര്‍ വാട്ടര്‍സ്‌പോര്‍ട്‌സ് ഡെസ്റ്റിനേഷനാക്കുതില്‍ ഈ ബോട്ട് ഷോ നിര്‍ണായക പങ്കുവഹിക്കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.