November 30, 2023 Thursday

ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
May 17, 2022 8:37 am

നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായി ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികള്‍ക്ക് ഇന്ന് തുടക്കം. രോഗം, ചികിത്സ എന്ന രീതിയില്‍ നിന്ന് മാറി ആരോഗ്യം, സൗഖ്യം എന്ന ആശയത്തിന് പ്രചരണം നല്‍കുകയും, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കാനുള്ള ജനകീയ ഇടപെടലുകള്‍ നടത്തുകയുമാണ് ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ള 10 പദ്ധതികളില്‍ സുപ്രധാനങ്ങളായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുക. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി എന്നിവയാണവ. ഈ പദ്ധതികള്‍ ആരോഗ്യ മേഖലയ്ക്ക് കരുത്താകുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡ് പോലെയുള്ള മഹാമാരികളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വണ്‍ ഹെല്‍ത്ത്. ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി വിദഗ്ധ ചികിത്സ നല്‍കുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിക്കുന്ന പദ്ധതിയാണ് പോപ്പുലേഷന്‍ ബേസ്ഡ് സ്‌ക്രീനിംഗ് അഥവാ വാര്‍ഷിക ആരോഗ്യ പരിശോധന. കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് കാന്‍സര്‍ നിയന്ത്രണ പദ്ധതി. എല്ലാവര്‍ക്കും താങ്ങാവുന്നതും പ്രാപ്യവും സമഗ്രവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നത് വഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ് ആര്‍ദ്രം മിഷനിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രിപറഞ്ഞു.

Eng­lish sum­ma­ry; The sec­ond phase of the ardram Mis­sion begins today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.