Site iconSite icon Janayugom Online

ജനങ്ങളുടെ ജീവിത സുരക്ഷയെ വീണ്ടും വീണ്ടും വിറ്റുതിന്നുന്നു

അഞ്ച് കോടി മുതല്‍മുടക്കില്‍ തുടങ്ങി, ഇന്ന് 38 ലക്ഷം കോടി രൂപയുടെ ആസ്തിയും 29 കോടി പോളിസി ഉടമകളും ഒരു ലക്ഷം ജീവനക്കാരും 14 ലക്ഷം ഏജന്റുമാരുമുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി) ഓഫ് ഇന്ത്യയുടെ വില്പന തുടങ്ങിയിരിക്കുന്നു. സംഘ്പരിവാര്‍-നരേന്ദ്രമോഡി ഭരണകൂടം എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍ക്കുന്നത് രാജ്യതാല്പര്യത്തിന്റെ അടിസ്ഥാനത്തിലല്ല. പോളിസി ഉടമകളുടെ എണ്ണത്തിലും ക്ലെയിം തീര്‍പ്പാക്കുന്ന കാര്യത്തിലും ലോകത്തെ ഒന്നാം നമ്പര്‍ ആയി നിലകൊള്ളുന്ന എല്‍‍ഐസി വില്ക്കുന്നതിനെതിരെ ദേശവ്യാപക പ്രതിഷേധം ശക്തമാണ്. ഇന്ത്യയുടെ മുതല്‍ക്കൂട്ടാണ് ഇന്നും എല്‍ഐസി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുമാത്രം പരിശോധിച്ചാല്‍, 4.02 ലക്ഷം കോടിയാണ് പ്രീമിയം വരുമാനം. നിക്ഷേപവരുമാനം 2.72 ലക്ഷം കോടിയും ക്ലെയിം തീര്‍പ്പാക്കല്‍ 2.10 ലക്ഷം കോടി രൂപയുടേതുമാണ്. 28,695 കോടി രൂപ ഡിവിഡന്റായി കേന്ദ്ര സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു. മാത്രമല്ല, എല്‍ഐസിയുടെ നിക്ഷേപത്തിന്റെ 82 ശതമാനവും സര്‍ക്കാര്‍ മേഖലയിലുമാണ്. നാടിന്റെ വികസനത്തിന് ഇത്രമേല്‍ ഭാഗമാകുന്ന പൊതുമേഖലാ സ്ഥാപനം രാജ്യത്തില്ലെന്നുതന്നെ പറയാം. എന്നിട്ടും എല്‍ഐസിയെ വിറ്റുതുലയ്ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ആര്‍ക്കുവേണ്ടിയെന്ന് ആവര്‍ത്തിക്കേണ്ടതില്ല. എണ്ണ വില നിര്‍ണയാധികാരം പോലെ എല്ലാറ്റിന്റെയും നിയന്ത്രണം സ്വകാര്യ കുത്തകകളുടെ കൈകളില്‍ എത്തിക്കുകയെന്ന മോഡീതന്ത്രം, ഏകാധിപത്യ രാജ്യത്തിലേക്കുള്ള വഴി തുറക്കലിന്റെ ഭാഗമാണ്. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിന്മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം അവസാനിപ്പിക്കുന്നതിനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ അതിവേഗം പാസാക്കിയെടുത്തിരുന്നു. ഓഹരി പങ്കാളിത്തം 51 ശതമാനം കേ­ന്ദ്ര സര്‍ക്കാരിന് ഉണ്ടാകണമെന്ന് നിഷ്കര്‍ഷിക്കുന്ന നിബന്ധനയും എടുത്തുകളഞ്ഞു. രാജ്യത്തിന്റെയും പൊതുജനങ്ങളുടെയും താല്പര്യത്തിന് പുല്ലുവില. 21,000 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഐസി ഇന്നലെ മുതല്‍ വില്പനയ്ക്കുവച്ചിരിക്കുന്നത്. 902 രൂപ മുതല്‍ 949 രൂപ വരെയാണ് ഒരു ഓഹരിയുടെ വില നിലവാരം. 15 ഓഹരിയടങ്ങുന്ന ഒറ്റത്തുകയാണ് ഒരു ലോട്ടില്‍ അടയ്ക്കേണ്ടത്. ഒരാള്‍ക്ക് കൂടിയത് 14 ലോട്ടുകള്‍ വരെ തിര‌ഞ്ഞെടുക്കാനും കഴിയും. ഒരു ഷെയറിന് പോളിസി ഉടമകള്‍ക്ക് 60 രൂപയും എല്‍ഐസി ജീവനക്കാര്‍ക്ക് 45 രൂപയും ഇളവ് കൊടുക്കുന്നുണ്ട്.


ഇതുകൂടി വായിക്കാം; എല്‍ഐസി; ഇന്ത്യയുടെ ജീവരക്തം


വില്പന തുടങ്ങി രണ്ട് മണിക്കൂറിനകം 27 ശതമാനം ഓഹരികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോളിസി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പുറമെ, ചെറുകിട നിക്ഷേപകരും ഓഹരി വാങ്ങുന്നു. ഇതില്‍ നിന്ന് എല്‍ഐസിയുടെ സ്വീകാര്യത വ്യക്തമാണ്. കെഫിന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന കമ്പനിയാണ് ഓഹരി വില്പനയുടെ ഔദ്യോഗിക രജിസ്ട്രാര്‍. മേയ് ഒമ്പതിന് പ്രാഥമിക ഓഹരി വില്പന അവസാനിപ്പിക്കും. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇക്വിറ്റി ഷെയറുകള്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള കടമ്പകൂടി ഇതോടെ കടക്കാനാവുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മേയ് 17ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ഓഹരി ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ തീര്‍ത്തും കമ്പോളച്ചരക്കായി എല്‍ഐസി മാറും. കേന്ദ്രത്തിന്റെ ധനസമ്പാദന നയം എത്രത്തോളം ഭീകരമാണെന്നതിന്റെ നേര്‍സാക്ഷ്യമാണ് എല്‍ഐസി വില്പന. രാജ്യം ഒന്നടങ്കം ആവര്‍ത്തിച്ചിട്ടും വിദേശ, സ്വദേശ സ്വകാര്യ കുത്തകകള്‍ക്ക് ജനങ്ങളുടെ വിയര്‍പ്പിന്റെ വിലകൂടി പിടിച്ചടക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തിന്റെ പരമാധികാരത്തെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ്. രാഷ്ട്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ എല്‍ഐസിയുടെ ഓഹരി വില്പനയുടെ പ്രത്യാഘാതം എന്താണെന്ന് ചുരുങ്ങിയപക്ഷം പോളിസി ഉടമകളോടെങ്കിലും വിശദീകരിക്കണമായിരുന്നു. പോളിസി ഉടമകളുടെ ട്രസ്റ്റ് എന്നതില്‍ നിന്ന് ലാഭം മാത്രം ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായി എല്‍ഐസിയെ മാറ്റിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ഇവിടെയും ചോദ്യം ചെയ്യപ്പെടലുകള്‍ ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നുണ്ട്. പോളിസി ഉടമകളിലേക്ക് എത്തിപ്പെടേണ്ട വരുമാനമാണ് വിറ്റ് പണമുണ്ടാക്കാന്‍‍ ശ്രമിക്കുന്നത്. എല്‍ഐസിയുടെ യഥാര്‍ത്ഥമൂല്യം ഏകപക്ഷീയമായി കുറച്ചുകാണിച്ചതിലാണ് കേന്ദ്ര സര്‍ക്കാരിന്റെ കള്ളത്തരം മറഞ്ഞിരിക്കുന്നത്. കോര്‍പറേറ്റ് നികുതികള്‍ പുനഃസ്ഥാപിക്കാനോ സമ്പന്ന നികുതി വര്‍ധിപ്പിക്കാനോ തയാറാകാതെ സര്‍ക്കാര്‍ കൊണ്ടുവന്ന ധനസമ്പാദന നയം രാജ്യത്തെ തന്നെ വില്പനയ്ക്ക് വച്ചതിന് തുല്യമാണ്. ഇതിനെതിരെ എല്‍ഐസി ജീവനക്കാര്‍ രാജ്യത്ത് ഇന്നലെ മുതല്‍ പ്രക്ഷോഭം ശക്തിപ്പെടുത്തിയിരിക്കുന്നു. ആ പോരാട്ടത്തെ ഏറ്റെടുത്ത് പൊരുതുകയാണ് ദേശസ്നേഹികളുടെ കടമ.

You may also like this video;

Exit mobile version