13 April 2024, Saturday

രാജ്യദ്രോഹക്കുറ്റ നിയമം ഇല്ലാതാകണം

ഡി രാജ
May 13, 2022 6:00 am

ഇരുനൂറ്റിമുപ്പത് വർഷങ്ങൾക്ക് മുമ്പ്, ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തുകാരനും രാഷ്ട്രീയ സൈദ്ധാന്തികനും തത്ത്വചിന്തകനുമായ തോമസ് പെയ്നെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു. ‘ഇംഗ്ലണ്ടിലെ മനുഷ്യാവകാശങ്ങൾ’ എന്ന പ്രബന്ധത്തിൽ രാജവാഴ്ചയെയും പാരമ്പര്യഭരണത്തെയും നിശിതമായി വിമർശിക്കുകയും ദരിദ്രർക്കായി സാമൂഹികക്ഷേമ നടപടികൾ ആവശ്യപ്പെടുകയും മനുഷ്യന്റെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുകയുമാണ് പ്രസ്തുത പ്രബന്ധത്തിലൂടെ തോമസ് പെയ്ൻ ചെയ്തത്. രാജവാഴ്ചയെയും ആഢ്യത്വത്തെയും കുറിച്ചുള്ള പെയ്നിന്റെ വിമർശനവും വ്യക്തിയുടെ പരമാധികാരത്തിലുള്ള വിശ്വാസവും ഭരണവർഗങ്ങളെ അലോസരപ്പെടുത്തി. രാജ്യദ്രോഹപരമായ അപകീർത്തി ആരോപിച്ച് അദ്ദേഹത്തെ തൂക്കിക്കൊല്ലാൻ വിധിച്ചു. എന്നാൽ പെയ്ൻ പറഞ്ഞത് ശരിയാണെന്നും അദ്ദേഹത്തെ തൂക്കിലേറ്റിയത് തെറ്റായിരുന്നുവെന്നും കാലം തെളിയിച്ചു. തോമസ് പെയ്നിന്റെ ശിക്ഷ കഴിഞ്ഞ് ഇരുന്നൂറിലേറെ വർഷങ്ങൾക്ക് ശേഷം, 2010 ൽ രാജ്യദ്രോഹ നിയമം പിൻവലിക്കാൻ ബ്രിട്ടൻ തീരുമാനിച്ചു. അന്നത്തെ ബ്രിട്ടീഷ് ജസ്റ്റിസ് ക്ലെയർ വാർഡ് പറഞ്ഞു, ‘സംസാര സ്വാതന്ത്ര്യത്തെ ജനാധിപത്യത്തിന്റെ ഉരകല്ലായാണ് കാണുന്നത്, വ്യക്തികളുടെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം നിലനിർത്തേണ്ടത് നിർണായകമാണ്’. നമ്മുടെ നിയമനിർമ്മാണസഭയിലും ഇന്ത്യൻ ശിക്ഷാ നിയമത്തി (ഇന്ത്യന്‍ പീനല്‍ കോഡ്- ഐപിസി)ന്റെ ആറാം അധ്യായത്തിലൂടെ രാജ്യദ്രോഹക്കുറ്റ നിയമം അതിന്റെ ഇരിപ്പിടം കണ്ടെത്തി. ഇന്ത്യൻ ജനതയുടെ വിമോചന വികാരത്തെ ഭയന്ന കൊളോണിയൽ സർക്കാർ, സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും ദേശീയ പ്രസ്ഥാനത്തിനും തടയിടാൻ ഇത് വ്യാപകമായി ഉപയോഗിച്ചു. 1898ൽ ഭേദഗതി വരുത്തിയ നിയമത്തിന്റെ ആദ്യ ഇരകളിൽ ഒരാളായിരുന്നു ലോകമാന്യ ബാലഗംഗാധര തിലകൻ. തുടർന്ന് ഗാന്ധിജിയും സ്വാതന്ത്ര്യസമര സേനാനികളുടെ മുഴുവൻ നിരയും അതിന്റെ ഇരകളായി. ‘പൗരന്മാരുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ രൂപകല്പനചെയ്ത ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാഷ്ട്രീയ വിഭാഗങ്ങളിലെ രാജകുമാരൻ’ എന്നാണ് ഗാന്ധിജി വകുപ്പിനെ 124 എ യെ വിമർശിച്ചത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി ഉയർന്നുവന്ന ഇന്ത്യൻ റിപ്പബ്ലിക്കിന്റെ കാഴ്ചപ്പാട് കൊളോണിയൽ ഭരണകൂടത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. കൊളോണിയൽ നിയമത്തിന്റെ ഉദ്ദേശം സ്വാതന്ത്ര്യത്തിനായുള്ള ആവേശം തടയുക എന്നതായിരുന്നെങ്കിൽ ഇന്ത്യൻ ഭരണഘടന അതിന്റെ പൗരന്മാർക്ക് ചിന്ത, ആവിഷ്കാരം, വിശ്വാസം, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുവാൻ ശ്രമിച്ചു. ഭരണഘടനാ നിർമ്മാണ സഭയിൽ ഡോ. അംബേദ്കർ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നമ്മുടെ ജനാധിപത്യത്തിന്റെ തത്വങ്ങളായി മാറണമെന്ന് വാദിച്ചു. എന്നാൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു രാജ്യദ്രോഹ നിയമത്തെ ആദ്യം വിമർശിച്ചെങ്കിലും സ്വാതന്ത്ര്യം നേടിയതിന് ശേഷവും രാജ്യദ്രോഹത്തിന്റെ വകുപ്പ് നിലനിർത്തി. ഭരണഘടനയുടെ അനുച്ഛേദം 19(1) (എ)യിൽ മൗലികാവകാശമായി അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും പ്രതിപാദിച്ചിട്ടുണ്ട്. സർക്കാരിനെയും അതിന്റെ നയങ്ങളെയും വിമർശിക്കുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണ്. വിമർശനവും സഹിഷ്ണുതയും ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്തുന്നു, സർക്കാരിനെ ഉത്തരവാദിത്തത്തോടെ നിലനിർത്തുന്നതിനാൽ ദേശസ്നേഹത്തിന്റെ പ്രതിരൂപമായി മാറുന്നു.


ഇതുകൂടി വായിക്കാം; കിരാത നിയമം മരവിപ്പിച്ചത് സ്വാഗതാര്‍ഹം


എന്നാൽ കൊളോണിയൽ അവശിഷ്ടമായ ഐപിസിയിലെ 124 എ വകുപ്പ്, ഈ അവകാശം വിനിയോഗിക്കുന്നതിന് തടസമായി പ്രവർത്തിക്കുകയും രാഷ്ട്രീയ വിയോജിപ്പുകളെ അടിച്ചമർത്താനും തടയാനും സർക്കാരുകൾ ഉപയോഗിക്കുകയും ചെയ്തു. ഇത് മനസിലാക്കിയ ഈ ലേഖകൻ തന്നെ 124 എ വകുപ്പ് നിർത്തലാക്കുന്നതിനായി 2011 ൽ രാജ്യസഭയിൽ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചു. ‘ഇന്ത്യയുടെയും രാജ്യത്തെ പൗരന്മാരുടെയും ഐക്യത്തിനും അഖണ്ഡതയ്ക്കും തുല്യവികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും പ്രതികൂലമായ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് നീക്കം ചെയ്യണ’മെന്നാണ് സഭയിൽ ആവശ്യപ്പെട്ടത്. ക്രൂരമായ ഈ നിയമത്തെപ്പറ്റി ഒരു സംവാദം സൃഷ്ടിക്കാനായെങ്കിലും അത് സഭയിൽ വോട്ടുചെയ്യാനെടുത്തില്ല. രാജ്യദ്രോഹം ഇല്ലാതാക്കാൻ സ്വകാര്യ ബിൽ അവതരിപ്പിച്ചപ്പോൾ, കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരായിരുന്നു അധികാരത്തിൽ എന്ന വസ്തുത എടുത്തുപറയേണ്ടത് വളരെ പ്രധാനമാണ്. കാരണം എന്റെ വിയോജിപ്പ് അധികാരത്തിലിരിക്കുന്ന ഈ പാർട്ടിയോടോ സർക്കാരിനോടോ ആയിരുന്നില്ല മറിച്ച്, സെക്ഷൻ 124, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം പോലെയുള്ള സ്വേച്ഛാപരവും ന്യായരഹിതവും ജനാധിപത്യവിരുദ്ധവുമായ നിയമങ്ങളോടായിരുന്നു. 2014ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിൽ വരികയും പല സംസ്ഥാനങ്ങളിലും ബിജെപി വിജയിക്കുകയും ചെയ്തതോടെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിൽ ഗണ്യമായ വർധനയുണ്ടായി. സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്ന രാഷ്ട്രീയക്കാരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും അഭിഭാഷക ഗ്രൂപ്പുകളുടെയും തലയ്ക്കുമുകളിൽ സെക്ഷൻ 124 എ എന്ന വാൾ തൂങ്ങിക്കിടന്നു. വിയോജിപ്പുള്ളവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നതും രാജ്യദ്രോഹക്കുറ്റമോ യുഎപിഎയോ ചുമത്തുന്നതും ഒരു ഫാഷനായി മാറി. ഇത് സ്വാതന്ത്ര്യ സമരകാലത്ത് നാം വിഭാവനം ചെയ്ത ഇന്ത്യൻ സർക്കാരിനു കീഴിലെ സംവാദത്തിന്റെയും ചർച്ചയുടെയും തുറന്ന വിമർശനത്തിന്റെയും കാഴ്ചപ്പാടിന് വിരുദ്ധമാണ്. 124 എ അല്ലെങ്കിൽ യുഎപിഎ പ്രകാരം രാജ്യദ്രോഹമോ ദേശവിരുദ്ധ പ്രവർത്തനമോ ആരോപിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യുന്നതും ബിജെപിയുടെ പ്രവണതയായി. ബിജെപി നേതാക്കൾ പലപ്പോഴും ഗാന്ധിയെ കുറിച്ച് വാചാലരാകുമെങ്കിലും ‘സ്നേഹം നിയമം കൊണ്ട് നിർമ്മിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല’ എന്ന അദ്ദേഹത്തിന്റെ അമൂല്യമായ വാചകം മനസിലാക്കാൻ ഒരിക്കലും അവർക്ക് കഴിഞ്ഞില്ല. രാജ്യദ്രോഹ നിയമം അല്ലെങ്കിൽ യുഎപിഎ പോലുള്ള കഠിനമായ വകുപ്പിലുള്ള കേസുകളുടെ എണ്ണം പരിശോധിക്കുന്നത് ഈ ജനവിരുദ്ധ നിയമങ്ങളുടെ ദുരുപയോഗത്തിന്റെ ചിത്രം പൂർണമാക്കും. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡാറ്റ പ്രകാരം, 2017ൽ രജിസ്റ്റർ ചെയ്ത 156 രാജ്യദ്രോഹ കേസുകളിൽ 27 കേസുകൾ മാത്രമേ തീർപ്പാക്കുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തുള്ളു. കോടതികളിൽ വിചാരണയിലുണ്ടായിരുന്ന 58 കേസുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് ശിക്ഷ വിധിച്ചത്.


ഇതുകൂടി വായിക്കാം; നീതിപീഠം തുറന്നുപറഞ്ഞിട്ടും തൊലിയുരിയാതെ


2020 ആകുമ്പോഴേയ്ക്ക് കേസുകളുടെ എണ്ണം വർധിച്ചെങ്കിലും അതേ ഫലം തന്നെയാണുണ്ടായത്. ആകെ രജിസ്റ്റർ ചെയ്ത 230 കേസുകളിൽ 23 എണ്ണത്തിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. കേസുകളുടെ ശിക്ഷാനിരക്കിന്റെയും തീർപ്പാക്കലിന്റെയും കുറഞ്ഞ നിരക്ക് വ്യക്തമാക്കുന്നത്, സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ ഭയപ്പെടുത്തുന്നതിനോ ഉപദ്രവിക്കുന്നതിനോ വേണ്ടി മാത്രമാണ് കുറ്റാരോപണങ്ങൾ വളരെ ദുർബലമായ തെളിവുകളോടെ ചുമത്തിയത് എന്നാണ്. രാജ്യദ്രോഹം, ദേശവിരുദ്ധ പ്രവർത്തനം തുടങ്ങിയ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് രാഷ്ട്രീയ പ്രവർത്തകരെയും മനുഷ്യാവകാശ സംരക്ഷകരെയും പൗരാവകാശ പ്രവർത്തകരെയും നിശബ്ദരാക്കി, ഭയത്തിന്റെയും അടിമത്തത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് അനന്തമായി ജയിലിൽ പാർപ്പിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ ചിത്രവും വ്യത്യസ്തമല്ല. യുഎപിഎ പ്രകാരമുള്ള കേസുകൾ 2017–2020 വർഷങ്ങളിൽ ഏകദേശം 75 ശതമാനം വർധിച്ചു. എന്നാൽ 2020 ലെ 4,827 കേസുകളിൽ 398 എണ്ണത്തിൽ മാത്രമേ കുറ്റപത്രം സമർപ്പിച്ചുള്ളു. അതുകൊണ്ടാണ് ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ അപകടപ്പെടുത്തുന്ന ഈ നിയമങ്ങൾ പിൻവലിക്കണമെന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളും പുരോഗമന സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നത്. 2018 ഓഗസ്റ്റ് 30 ന് ഇന്ത്യൻ ലോ കമ്മിഷൻ പ്രസിദ്ധീകരിച്ച രാജ്യദ്രോഹത്തെക്കുറിച്ചുള്ള ഒരു സര്‍ക്കാര്‍ രേഖയിൽ, സെക്ഷൻ 124 എയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട നിരവധി പ്രശ്നങ്ങൾ കണ്ടെത്തി. ഏറ്റവുമൊടുവിൽ, 2022 മേയ് 11 ന്, രാജ്യദ്രോഹ നിയമം ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും സമഗ്രമായ രീതിയിൽ വിഷയം പുനഃപരിശോധിക്കുന്നത് വരെ 124 എ പ്രകാരം മുമ്പത്തെ എല്ലാ കേസുകളും താല്ക്കാലികമായി മരവിപ്പിക്കാനും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടും സംസ്ഥാനങ്ങളോടും നിർദേശിച്ചിരിക്കുന്നു. മാറിയ സാഹചര്യത്തിലും നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ മെച്ചപ്പെടണമെങ്കിൽ രാജ്യദ്രോഹത്തിന് ഇടമുണ്ടാകരുത് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ വിയോജിപ്പുകളും വിമർശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഏതൊരു ജനാധിപത്യപ്രവർത്തനത്തിനും അത്യന്താപേക്ഷിതമാണ്. അതേസമയം ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ വേട്ടയാടുന്നത് മധ്യകാലഘട്ടത്തെയും ഏകാധിപത്യ ഭരണാധികാരികളെയും ഓർമ്മിപ്പിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും സംവാദത്തിന്റെയും യുഗത്തിലേക്ക് നാം തുടക്കമിടേണ്ട സമയമാണിത്, അതിന് രാജ്യദ്രോഹ നിയമം ഇല്ലാതാകുക തന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.