സീരിയല്‍ കില്ലര്‍മാരുടെ ചുരുളഴിയുന്ന അരും കൊലകള്‍

Web Desk
Posted on October 08, 2019, 1:54 pm

സൈനയഡ് കൊലപാതകങ്ങള്‍ ആദ്യമല്ല. കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ കൊലപാതക രഹസ്യങ്ങളുടെ ചുരുളഴിയുമ്പോള്‍ പോലീസുകാരെയും നാട്ടുകാരെയും ഞെട്ടിച്ച അരും കൊലകളുടെ കഥകളും പുറത്തു വരുന്നുണ്ട്. ആര്‍ക്കും സംശയം തോന്നിക്കാത്ത വിധം കൊലയാളി അവരുടെ ആയുധമായ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയത് നിരപരാധിയായ അനേകം ജീവനുകളെയാണ്. ഓരോ കൊലപാതകങ്ങള്‍ കഴിഞ്ഞും ഒന്നും അറിയാത്തവരെ പോലെ അതിവിദഗ്തരായി അവര്‍ ജീവനുകള്‍ എടുത്തുകൊണ്ടേയിരുന്നു.

മോഹന്‍കുമാര്‍,  സമൂഹത്തില്‍ മാന്യനും കുടുംബനാഥനുമായി വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കുന്ന അധ്യാപകന്‍. ഇയ്യാള്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത് 32 നിരപരാധികളായ സ്ത്രീകളെയാണ്. വിധവകളെയോ സാമ്പത്തികമായി താഴെ നില്‍ക്കുന്ന കുടുംബങ്ങളിലെയോ വിവാഹപ്രായം കഴിഞ്ഞുനില്‍ക്കുന്നതോ ആയ സ്ത്രീകളെ പ്രണയം നടിച്ച് പരിചയപ്പെട്ടതിന് ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും. തുടര്‍ന്ന് സവാരിയ്ക്ക് ഇറങ്ങും വഴി ഗര്‍ഭം ധരിക്കാന്‍ സാധ്യത ഉണ്ടെന്ന് അവരെ വിശ്വസിപ്പിച്ച് ഗര്‍ഭ നിരോധന ഗുളികകളില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് മോഹന്‍ കൊല നടത്തിയത്. ശുചിമുറിയില്‍ എത്തി ഗുളിക കഴിക്കുന്ന യുവതികള്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതോടെ ശുചിമുറിയില്‍ തന്നെ കുഴഞ്ഞുവീണ് മരണപ്പെടും. കൊലയ്ക്ക് ശേഷം യുവതികളുടെ സ്വര്‍ണങ്ങളും പണവുമായാണ് ഇയ്യാള്‍ കടന്നുകളയുന്നത്. സ്ത്രീകളുടെ മാസമുറ മനസ്സിലാക്കിയ ശേഷമാണ് കൊലപാതകത്തിനുള്ള ദിവസങ്ങള്‍ മോഹന്‍ നിശ്ചയിച്ചിരുന്നത്. വര്‍ഷങ്ങളുടെ പരിശ്രമത്തിന് ശേഷമാണ് അന്വേഷണ സംഘത്തിന് മോഹനെ കണ്ടെത്താന്‍ കഴിഞ്ഞത്.

2003നും 2009നും ഇടയിലാണ് സംഭവം. നഗരത്തിലെ ഹോട്ടലിലെയും ബസ് സ്റ്റാന്‍ഡിലെയും ശുചിമുറികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ എല്ലാം കണ്ടെത്തിയത്. മൃതദേഹങ്ങളിലെ സ്വര്‍ണങ്ങളെല്ലാം മോഷ്ടിക്കപ്പെട്ടിരുന്നു. കൂടാതെ എല്ലാ മരണങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഒരു പോലെ. ലൈംഗിക ബന്ധത്തിന് ശേഷം സയനൈയ്ഡ് ഉള്ളില്‍ ചെന്നുള്ള മരണങ്ങള്‍. അതുവരെയും കുരുക്ക് വീഴാതിരുന്ന മോഹനെ കുരുക്കിയത് പത്തൊന്‍മ്പതാമത്തെ യുവതി കൊല്ലപ്പെട്ടതോടെയാണ്.

Image result for cyanide mohan

അനിത ബാരിമാര്‍ എന്ന യുവതിയാണ് അന്ന് കൊല്ലപ്പെട്ടത്. അനിതയുടെ മരണം ഒരു വര്‍ഗീയ കലാപത്തിന്റെ വക്കിലെത്തിയിരുന്നു. ബാംഗെറാ സമുദായാംഗമായിരുന്നു അനിത. ഒരു സുപ്രഭാതത്തില്‍ കാണാതായ അനിത ഒളിച്ചോടിയത് പ്രദേശത്തെ ഒരു മുസ്ലീം യുവാവുമായാണ് എന്നാരോപിച്ച് സംഭവം ലഹളയുടെ വക്കിലെത്തി. പൊലീസ് സ്റ്റേഷന് തീയിടുമെന്ന് ഭീഷണി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് പൊലീസുകാര്‍ പ്രക്ഷോഭക്കാരെ തിരിച്ചയച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണം ഊര്‍ജിതമായത്.

തുടര്‍ന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട് ലഭ്യമായ സകല ഫോണ്‍കോള്‍ റെക്കോര്‍ഡുകളും ഒന്നിച്ചു ചേര്‍ത്ത് ശാസ്ത്രീയമായ വിശകലനങ്ങള്‍ നടത്താന്‍ പൊലീസ് തീരുമാനിച്ചത്. അതില്‍ നിന്നാണ് നിര്‍ണായകമായ ഒരു വിവരം പൊലീസിന് ലഭിക്കുന്നത്. ലഭിച്ച നമ്പറുകളെല്ലാം എന്നെങ്കിലും ഒരിക്കല്‍ മംഗളൂരുവിന് അടുത്തുള്ള ദേരളകട്ട എന്ന പട്ടണത്തില്‍ വച്ച് ആക്ടീവ് ആയിരുന്നു. അതോടെ പൊലീസ് പല സംഘങ്ങളായി പിരിഞ്ഞ് ദേരളകട്ടയിലെ സകല ലോഡ്ജുകളും പരിശോധിച്ചു. പൊലീസിന്റെ ഈ നീക്കം എത്തിച്ചേര്‍ന്നത് ധനുഷ് എന്ന ചെറുപ്പക്കാരനിലാണ്. പൊലീസ് ഒന്നു വിരട്ടി ചോദ്യം ചെയ്തതോടെ ഫോണും സിമ്മും നല്‍കിയത് അമ്മാവനാണെന്ന് ധനുഷ് പറഞ്ഞു. തുടര്‍ന്ന് മോഹന്‍ കുമാറിനെ മറ്റൊരു കേസിന്റെ വിവരങ്ങള്‍ ചോദിക്കാനെന്ന വ്യാജേന സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Image result for cyanide mohan

സയനൈഡ് മല്ലിക,  ബാഗ്ലൂരിന്റെ പ്രാന്തപ്രദേശത്ത് താമസം. കെമ്പമ്മ എന്നു ഔദ്യോഗിക നാമവും അതുകൂടാതെ, ലക്ഷ്മി, സാവിത്രാമ്മ, ജഗദമ്മ, ജയമ്മ അങ്ങനെ വിവിധ പേരുകളിലായിരുന്നു ഈ സീരിയല്‍ കില്ലര്‍. അമിത ഭക്തരായ സ്ത്രീകളെ കണ്ടെത്തി അവര്‍ക്ക് തീര്‍ത്ഥ ജലത്തില്‍ സൈനയ്ഡ് കലര്‍ത്തി കുടിക്കാന്‍ നല്‍കിയാണ് മല്ലിക ഇരകളെ കൊന്നൊടുക്കിയത്. ആരു പേരെയാണ് മല്ലിക ഇത്തരത്തില്‍ കൊന്നത്. 1999 മുതല്‍ 2007 വരെയുള്ള കാലത്താണ് കൊലപാതകങ്ങള്‍ എല്ലാം നടന്നത്. എന്നാല്‍ അവസാനത്തെ 5 മരണങ്ങളും നടന്നത് കേവലം മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ആണ്. ആത്മഹത്യയെന്നോ തെളിവില്ലെന്നോ ഉള്ള കാരണത്താല്‍ അവഗണിയ്ക്കപ്പെട്ടു പോയിരുന്നു ഓരോ മരണവും.

വീട്ടുജോലിയ്ക്ക് നിന്ന വീട്ടില്‍ നിന്നും മോഷ്ടിച്ചതിന് അറസ്റ്റ് ചെയ്യപ്പെടുകയും ഒരു വര്‍ഷം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. അതോടെ വീട്ടില്‍ നിന്നും പുറത്തായ മല്ലിക ഒരു സ്വര്‍ണ്ണപ്പണിക്കാരന്റെ സഹായിയായി കൂടി. അവിടെ നിന്നാണ് ഉള്ളില്‍ എത്തിയാല്‍ നിമഷങ്ങള്‍ക്കകം മരിക്കുന്ന പൊട്ടാസ്യം സയനൈഡിനെ പറ്റി അറിയുന്നത്.

1999 ല്‍ മമത ഹൊസ്‌കോട്ടെ എന്നൊരു യുവതിയെ സൈനൈഡ് നല്‍കി കൊലപ്പെടുത്തിക്കൊണ്ടാണു മല്ലിക ‘തൊഴില്‍’ ആരംഭിച്ചത്. ക്ഷേത്ര പരിസരങ്ങളിലാണു അവര്‍ തന്റെ ഇരയെ കണ്ടെത്തിയിരുന്നത്. അതിനായി, നെറ്റിയിലും ശരീരത്തുമൊക്കെ ഭസ്മം പൂശി രുദ്രാക്ഷം ധരിച്ച് തികഞ്ഞ ഒരു ഭക്തയുടെ വേഷത്തില്‍ അവര്‍ കറങ്ങി നടക്കും. ക്ഷേത്രങ്ങളില്‍ വന്ന് അമിതമായ ഭക്തിപ്രകടനം നടത്തുന്നവരെ മല്ലിക നിരീക്ഷിച്ചു. ജീവിതത്തിലെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം തേടിയാണു അവര്‍ ഇങ്ങനെ ചെയ്യുന്നതെന്നു അവര്‍ക്കറിയാം. കാഴ്ചയില്‍ സമ്പന്നകുടുംബങ്ങളിലെ സ്ത്രീകളെ മാത്രമേ അവര്‍ തിരഞ്ഞെടുക്കുകയുള്ളൂ. അവരുമായി പരിചയം സ്ഥാപിച്ച് വിശ്വാസം നേടിയെടുക്കലാണു ആദ്യപടി. പൂജകളിലും ആചാരങ്ങളിലുമുള്ള തന്റെ അറിവ് പ്രദര്‍ശിപ്പിക്കുന്നതോടെ ഇര അവരുടെ കെണിയിലാകും. ഒന്നിലേറെ തവണയുള്ള കൂടിക്കാഴ്ചയിലൂടെ മല്ലിക പറയുന്നത് അനുസരിയ്ക്കുന്ന നിലയിലേയ്ക്ക് ആ സാധു സ്ത്രീകള്‍ മാറും.

Image result for cyanide mallika

തുടര്‍ന്ന് അകലെയുള്ള ഏതെങ്കിലും ക്ഷേത്രത്തിന്റെ പേരു പറഞ്ഞിട്ട്, അവിടെ ചില വിശേഷാല്‍ പൂജകള്‍ ചെയ്താല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകുമെന്ന് അവരെ വിശ്വസിപ്പിയ്ക്കും. നല്ല വേഷം ധരിച്ച്, സര്‍വാഭരണ വിഭൂഷിതയായി പൂജിച്ചാലേ ദൈവങ്ങള്‍ പ്രീതിപ്പെടുകയുള്ളത്രേ. പൂജ നടത്തുന്ന കാര്യം രഹസ്യമായിരിയ്ക്കണമെന്നും ആരെങ്കിലും അറിഞ്ഞാല്‍ കാര്യ സാധ്യമുണ്ടാവുകയില്ല എന്നും അവരെ ബോധ്യപ്പെടുത്തും. ഇരയുമായി അകലെയുള്ള, ക്ഷേത്രത്തിലെത്തുന്ന മല്ലിക, ആരുടെയും ശ്രദ്ധയില്‍ പെടാതെ ഒഴിഞ്ഞു നില്‍ക്കും. മുറികള്‍ എടുക്കുന്നത് ഇരകളെ കൊണ്ടു തന്നെയാവും. മുറിയിലെത്തി അധികം വൈകാതെ പൂജ ആരംഭിയ്ക്കും. ചില പ്രത്യേക ചേഷ്ടകളൊക്കെ കാണിച്ചിട്ട്, പൂജിച്ച ‘ജലം’ അവര്‍ക്കു കുടിയ്ക്കാന്‍ നല്‍കും. സയനൈഡ് കലര്‍ത്തിയ വെള്ളം ഉള്ളില്‍ ചെല്ലുന്ന ഇര തല്‍ക്ഷണം മരണപ്പെടും. ഒരു കേസില്‍ ഉറങ്ങുന്ന ഇരയുടെ വായിലേയ്ക്ക് സൈനൈഡ് ഒഴിയ്ക്കുകയായിരുന്നു. മറ്റൊരു കേസില്‍ മുടി പുറകോട്ട് വലിച്ചിട്ട്, തുറന്ന വായിലേയ്ക്കു സൈനൈഡ് ഒഴിച്ചു കൊടുത്തു.

ജോളിയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇത്തരത്തിലുള്ള സീരിയല്‍ കില്ലര്‍മാരുടെ കഥ. ആരും കണ്ടു പിടിക്കില്ലാ എന്ന് കരുതി എത്ര ഒളിച്ചു വെച്ചാലും സത്യം ഒരുനാള്‍ മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും.