Web Desk

January 06, 2022, 5:00 am

ഭരണകൂട ഉപരോധത്തിന് അതേ നാണയത്തില്‍ തിരിച്ചടി

Janayugom Online

കര്‍ഷകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പഞ്ചാബിലെ ഫിറോസ്‌പുരില്‍ പങ്കെടുക്കേണ്ട ബിജെപി റാലിയടക്കം വിവിധ പരിപാടികള്‍ ഉപേക്ഷിച്ച് തിരിച്ചുപോകേണ്ടിവന്നു. മുക്കാല്‍ നൂറ്റാണ്ടുകാലത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരുപക്ഷെ ആദ്യമായിരിക്കും ഒരു പ്രധാനമന്ത്രിക്ക് ഇത്തരം ഒരു പ്രതിഷേധത്തെ നേരിടേണ്ടിവന്നിരിക്കുക. സംഭവത്തില്‍ സംസ്ഥാന ഭരണകൂടത്തിനും പൊലീസ് സുരക്ഷാ സംവിധാനത്തിനും വീഴ്ച സംഭവിച്ചിരിക്കാം. മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പെട്ടെന്നു വരുത്തിയ മാറ്റവും അതിനു കാരണമായിരിക്കാം. എന്നാല്‍ തങ്ങള്‍ക്ക് എതിരെ രാഷ്ട്രതലസ്ഥാന അതിര്‍ത്തികളില്‍ ഒരു വര്‍ഷത്തില്‍ ഏറെക്കാലം ഉപരോധം സൃഷ്ടിച്ച കേന്ദ്ര ഭരണകൂടത്തിനും പ്രധാനമന്ത്രിക്കും എതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച കര്‍ഷകരോഷത്തെ കാവ്യനീതിയായി കാണുന്നവരെ കുറ്റപ്പെടുത്താന്‍ ആവില്ല. പഞ്ചാബ് അടക്കം ഈ വര്‍ഷാരംഭത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഫലങ്ങളെപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെയും ബിജെപി-സംഘപരിവാര്‍ നേതൃത്വത്തിന്റെയും ഭയാശങ്കകള്‍ അവരുടെ തെരഞ്ഞെടുപ്പുപൂര്‍വ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രകടമാണ്. തെരഞ്ഞെടുപ്പിനെ നേരിടുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ ഭരണം നിലവിലുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്. അവിടെ 42,750 കോടി രൂപയുടെ കേന്ദ്ര വികസന പദ്ധതികള്‍ക്ക് ശിലാസ്ഥാപനം നിര്‍വഹിക്കാനാണ് പ്രധാനമന്ത്രി പഞ്ചാബില്‍ എത്തിയത്. അതാകട്ടെ സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കിയുള്ള ഏകപക്ഷീയ നടപടിയാണെന്നാണ് സൂ­ച­ന. പിന്‍വലിക്കപ്പെട്ട മൂന്ന് കര്‍ഷക മാരണ നിയമങ്ങള്‍ക്കെതിരെ ത്യാഗപൂര്‍ണമായ പ്ര­ക്ഷോഭത്തിലും രക്തസാക്ഷിത്വത്തിലും മുന്‍നിര പോരാളികളായിരുന്നു പഞ്ചാബിലെ കര്‍ഷകര്‍. അവരെ ദേശദ്രോഹികളെന്നും ഖലിസ്ഥാനികളെന്നും മുദ്രകുത്തി അധിക്ഷേപിക്കാ­ന്‍ മോഡി ഭരണകൂടത്തിലെ പ്രധാനികളും ബിജെപി-സംഘപരിവാര്‍ നേ­തൃത്വവും നടത്തിയ ശ്രമങ്ങള്‍ അവരുടെ ആ­ത്മാ­ഭിമാനത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. വ­രാ­ന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പ് അടക്കം തെരഞ്ഞെടുപ്പുകളില്‍ ബിജെപിയോടും മോഡി ഭരണകൂടത്തോടും തങ്ങളുടെ നിലപാട് എന്തായിരിക്കുമെന്ന് അവര്‍ അര്‍ത്ഥശങ്കയ്ക്ക് ഇടം നല്കാത്തവിധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


ഇതുകൂടി വായിക്കാം; കർഷക സമരം നല്‍കുന്ന പാഠങ്ങൾ


മോഡി ഭരണകൂടത്തിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ വ്യാപകമായ രോഷം പഞ്ചാബില്‍ മാത്രമായി ഒതുങ്ങിനില്‍ക്കില്ലെന്നതിന്റെ സൂചനകള്‍ ഇതിനകം വ്യക്തമാണ്. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആദിത്യനാഥിന് എതിരായ ജനവികാരം തിരിച്ചറിഞ്ഞാണ് അവിടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യമുഖമായി മാറാന്‍ നരേന്ദ്രമോഡി നേരിട്ട് രംഗത്തിറങ്ങിയത്. ഞായറാഴ്ച ലഖ്നൗവില്‍ മോഡി പങ്കെടുക്കേണ്ട പ്രചാരണറാലി പൊടുന്നനെ മാറ്റിവയ്ക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നുവെന്ന വാര്‍ത്ത അവിടെയും ‘മോഡി മാജിക്’ വെല്ലുവിളിക്കപ്പെടുന്നുവെന്ന സൂചനയാണ് നല്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലടക്കം വര്‍ഗീയവെെരം ആളിക്കത്തിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും തീവ്രഹിന്ദുത്വ ശക്തികള്‍ നടത്തുന്ന കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ വേണ്ടത്ര ഫലം ചെയ്യില്ലെന്ന തിരിച്ചറിവാണ് വികസന വ്യാമോഹങ്ങളില്‍ ജനങ്ങളെ തളച്ചിട്ട് അധികാരം ഉറപ്പിക്കാന്‍ മോഡിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തിവരുന്ന യത്നം. 17,500 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് ശിലാസ്ഥാപനം നടത്തി സംസ്ഥാനത്തെ ‘ഉത്തരാഖണ്ഡിന്റെ ദശാബ്ദ’മാക്കി മാറ്റുമെന്ന വാഗ്ദാനമാണ് മോഡി അവിടെ നല്കിയത്. മണിപ്പൂരില്‍ 1,850 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്തതായി അവകാശപ്പെട്ട മോഡി 2,950 കോടി രൂപയുടെ 13 പദ്ധതികള്‍ക്ക് ശിലാസ്ഥാപനവും നിര്‍വഹിച്ചു. വിവേചനരഹിതമായി പൗരന്മാരെ വെടിവച്ചുകൊല്ലാന്‍ സെെന്യത്തിന് അവകാശം നല്കുന്ന ‘അഫ്‌സ്‌പ’ പിന്‍വലിക്കാന്‍ വിസമ്മതിക്കുന്ന മോഡി ഭരണകൂടം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ‘ഇന്ത്യയുടെ വളര്‍ച്ചയുടെ ചാലകശക്തി‘യാക്കി മാറ്റുമെന്നും പ്രഖ്യാപിക്കുന്നു. അത്തരം തെരഞ്ഞെടുപ്പ് ‘ജുംല’കളുടെ പുതിയ പതിപ്പായിരുന്നു പഞ്ചാബിലെ നിര്‍ദ്ദിഷ്ട 42,750 കോടി രൂപയുടെ പദ്ധതികള്‍. എല്ലാ അടിസ്ഥാന ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. നാളിതുവരെ നല്കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി ലംഘിക്കുകയും ജനങ്ങളെ ഒന്നാകെ ദുരിതക്കയങ്ങളിലേക്ക് തള്ളിവിടുന്ന കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന മോഡി ഭരണകൂടത്തിന്റെ തനിനിറം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പഞ്ചാബിലെ കര്‍ഷകര്‍ ശക്തമായ താക്കീതാണ് നല്കിയിരിക്കുന്നത്. ജനങ്ങളെ ശത്രുക്കളായി കാണുന്ന ഭരണകൂടത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്കാനുള്ള അവരുടെ കരുത്തും നിശ്ചയദാര്‍ഢ്യവും ആരും വില കുറച്ചു കണ്ടുകൂട.

YOU MAY ALSO LIKE THIS VIDEO;