നന്മയുടെ തണൽ ഇനിയില്ല: ഷറഫുവിന്റെ വിയോഗത്തിൽ തേങ്ങി നാടും സുഹൃത്തുക്കളും

Web Desk

കോഴിക്കോട്

Posted on August 08, 2020, 4:43 pm

നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനായി ഹോട്ടലുടമയായ സുഹൃത്തിന് പണം നൽകിയായിരുന്നു ഷറഫു യാത്ര തിരിച്ചത്. മനസിൽ കാരുണ്യവും സഹജീവി സ്നേഹവും കാത്തുസൂക്ഷിച്ച ഷറഫുവിന്റെ അവസാന യാത്രയായി അത്. കുന്നമംഗലം പിലാശ്ശേരി മേലെ മരുതക്കോട്ടിൽ എം കെ ഷറഫുദ്ദീൻ എന്ന ഷറഫു നാട്ടിലെല്ലാവർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. നാട്ടിലെ എന്ത് ആവശ്യത്തിനും മുൻപന്തിയിലുണ്ടാവുന്ന വ്യക്തി. ഗൾഫിലെത്തിയപ്പോഴും ഷറഫു തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നു. രണ്ടര വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ തന്റെ കടയിലെത്തിയ ഷറഫുവിനെ വിദേശത്തുള്ള സുഹൃത്ത് ഷാഫി പറക്കുളം ഓർക്കുന്നു:

നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാൻ എന്റെ ഹോട്ടലിൽ വന്നിരുന്നു. എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെൻഷൻ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു. എന്തോ ഒരപകടം മുൻകൂട്ടി കണ്ടപോലെ. പോകുന്ന സമയത് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവൻ പോയത്.

കൊറോണ സമയത്തും ഷറഫു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പൈസ ഏൽപ്പിച്ചിരുന്നു. ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായതെന്നും ഷാഫി പറക്കുളം ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. നാട്ടിലേക്ക് മടങ്ങുമ്പോൾ വിമാനത്തിൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമിരുന്ന് ഷറഫു അവസാനമായി എടുത്ത ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ തവണ നാട്ടിൽ വന്നപോഴാണ് വിസിറ്റിംഗ് വിസയിൽ ഇവരെ ഗൾഫിലേക്ക് കൊണ്ടു പോയത്. വീട്ടിലേക്ക് മടക്കം എന്ന് പോസ്റ്റിട്ട ഷറഫുവിന്റെ അവസാന യാത്രയായി അതു മാറുകയായിരുന്നു. ഭാര്യയും മകളും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

you may also like this video