Web Desk

June 30, 2020, 2:27 am

ബഹിഷ്കരണ മുദ്രാവാക്യത്തിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്നു

Janayugom Online

ഡാക്ക് അതിര്‍ത്തിയില്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒന്നുംതന്നെ ജുണ്‍ 15നുശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് അഭികാമ്യമായ തോതില്‍ അയവു വന്നിട്ടില്ല. അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ നയതന്ത്രതല ചര്‍ച്ചകള്‍ സജീവമാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചര്‍ച്ചകളുടെ വിജയം വലിയൊരളവ് രാജ്യത്ത് ചൈനയുമായുള്ള ബന്ധത്തില്‍ വളര്‍ന്നുവന്നിട്ടുള്ള പൊതുവികാരത്തെ കൂടി ആശ്രയിച്ചിരിക്കുമെന്ന് വിവേകമതികള്‍ വിലയിരുത്തുന്നു. അതിര്‍ത്തിയിലെ ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ ജനങ്ങളെ രോഷാകുലരാക്കുക സ്വാഭാവികമാണ്. എന്നാല്‍ ജനവികാരം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ ഉത്തമതാല്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ചൈനീസ് ഉല്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്നതു സംബന്ധിച്ച് തീവ്രദേശീയവാദ വൃത്തങ്ങളില്‍ നിന്നും യുക്തിരഹിതമായ ആരവങ്ങളാണ് ഉയര്‍ന്നുവരുന്നത്. ചൈനീസ് ഉല്പന്നങ്ങളോടുള്ള ആശ്രയത്വം കുറച്ചുകൊണ്ടുവരേണ്ടതും നിയന്ത്രിക്കേണ്ടതുമുണ്ട്.

അതാവട്ടെ യുക്തിഭദ്രമായ അടിത്തറയോടുകൂടിയ വിവേകപൂര്‍ണമായ തിരഞ്ഞെടുപ്പാണ് ആവശ്യപ്പെടുന്നത്. ഇന്ത്യയിലെമ്പാടും ജനപ്രിയമായ ചൈനീസ് ഭക്ഷ്യവിഭവങ്ങള്‍ ബഹിഷ്ക്കരിക്കുന്നതിനുള്ള ആഹ്വാനം തന്നെ ഉദാഹരണമായി എടുക്കുക. പേരൊഴികെ ആ രാജ്യവുമായി ഇന്ത്യയില്‍ ലഭ്യമായ ചൈനീസ് വിഭവങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ചൈനീസ് വിഭവങ്ങള്‍ ബഹിഷ്ക്കരിക്കുക എന്നാല്‍ ആ പേരില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ഭക്ഷണശാലകളെയും അവയില്‍ പണിയെടുക്കുന്ന ആയിരക്കണക്കായ ഇന്ത്യന്‍ തൊഴിലാളികളെയും വഴിയാധാരമാക്കുമെന്ന് ആഹ്വാനം നല്കുന്നവര്‍ ചിന്തിച്ചിട്ടുണ്ടാവുമോ എന്ന് സംശയമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനറിക് ഔഷധ നിര്‍മ്മാതാക്കളായ ഇന്ത്യയുടെ ഔഷധോല്പന്ന വ്യവസായത്തിന് ആവശ്യമായ 70 ശതമാനം രാസപദാര്‍ത്ഥങ്ങളും ഇതര അസംസ്കൃത വസ്തുക്കളും എത്തുന്നത് ചൈ­നയില്‍ നിന്നുമാണെന്ന യാഥാര്‍ത്ഥ്യവും ബഹിഷ്ക്കരണവാദികള്‍ വിസ്മരിക്കുന്നു.

യുഎസ് കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വ­ലിയ വ്യാപാര പങ്കാളിയാണ് ചൈന. 2019 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 12 ശതമാനം ചൈനയില്‍ നിന്നാണ്. ഏതാണ്ട് എ­ണ്ണായിരം കോടി ഡോളറിന്റെ ഇറക്കുമതി. ഇവിടെ നിന്നു ചൈനയിലേക്കുള്ള കയറ്റുമതി മൊത്തം കയറ്റുമതിയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രം. അതിന്റെ മൊത്തം മൂല്യം 1,600 കോടി ഡോളര്‍ കവിയില്ലത്രെ. വ്യാപാരത്തിലെ ഈ അസന്തുലിതാവസ്ഥ തീര്‍ച്ചയായും ഉഭയകക്ഷി ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് ഉല്പന്നങ്ങള്‍ തള്ളുന്നതിനെതിരെ നികുതി ഉയര്‍ത്തി പ്രതിരോധിക്കുന്നത് ഉല്പന്നങ്ങളുടെ വില ഉയരാന്‍ കാരണമാകും. രാസപദാര്‍ത്ഥങ്ങള്‍, വാഹനഘടകങ്ങള്‍, ഇലക്ട്രോണിക് ഉപഭോഗ വസ്തുക്കള്‍, ഔഷധം‍ എന്നിവയ്ക്ക് നാം ചൈനയെ ആശ്രയിക്കുന്നത് അവയുടെ കുറഞ്ഞ വിലയാണ്. അത്രയും കുറഞ്ഞ വിലയ്ക്ക് അത്തരം ഉല്പന്നങ്ങള്‍ നല്കാന്‍ അന്താരാഷ്ട്ര വിപണിയില്‍ മറ്റാരുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുപോലെ തന്നെ സുപ്രധാനമാണ് സ്റ്റാര്‍ട്ടപ്പുകള്‍ അടക്കം സംരംഭങ്ങളില്‍ ചൈന നടത്തുന്ന നിക്ഷേപം.

നൂറുകോടി രൂപയിലധികം നിക്ഷേപമുള്ള രാജ്യത്തെ മുപ്പത് സ്റ്റാര്‍ട്ടപ്പുകളില്‍ 18എണ്ണത്തില്‍ ചൈന ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. യുഎസ്, യൂറോപ്യന്‍ നിക്ഷേപകരില്‍ നിന്ന് വ്യത്യസ്തമായി പ്രമുഖ ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ സംരംഭങ്ങളില്‍ നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളത്. പെട്ടെന്നുള്ള ലാഭത്തെക്കാളുപരി വിശാലമായ ഇന്ത്യന്‍ വിപണിയിലാണ് അവരുടെ തന്ത്രപരമായ താല്പര്യം. പണരഹിത സമ്പദ്ഘടനയെന്ന മോഡിസര്‍ക്കാരിന്റെ നയം ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്തതും ചൈനീസ് കമ്പനികള്‍ക്കാണ്. പേടിഎം എന്ന സ്റ്റാര്‍ട്ടപ്പ് സംവിധാനത്തില്‍ ചൈനീസ് ഭീമന്‍ അലിബാബയുടെ നിക്ഷേപം 40 ശതമാനം വരും. അതേസമയം, പല മേഖലകളിലും ചൈനീസ് ഉല്പന്നങ്ങള്‍ക്ക് പകരം ഇന്ത്യന്‍ ബദലുകള്‍ വളര്‍ത്താന്‍ നമുക്ക് കഴിയും. ആകര്‍ഷകങ്ങളായ മുദ്രാവാക്യങ്ങള്‍ക്ക് അപ്പുറം അത്തരം ബദലുകള്‍‍ വളര്‍ത്തിയെടുക്കാനുള്ള രാഷ്ട്രീയ നിശ്ചയദാര്‍ഢ്യവും സംരംഭകര്‍ക്കുള്ള സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയുമാണ് വെല്ലുവിളി.

മേല്‍പ്പറഞ്ഞ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ബഹിഷ്ക്കരണ ആരവങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്. അതിര്‍ത്തിയിലെ സംഘര്‍ഷാന്തരീക്ഷം തീവ്രദേശീയതയ്ക്ക് നല്ല വളക്കൂറുള്ള മണ്ണാണ്. ദേശീയ താല്പര്യം ഉയര്‍ത്തിപ്പിടിച്ച് ചര്‍ച്ചകളിലൂടെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനു പകരം വിദ്വേഷം വളര്‍ത്താന്‍ ആരെയും അനുവദിച്ചുകൂട. പരസ്‌പരം ചെളിവാരിയെറിഞ്ഞ് രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ഏതുശ്രമവും അപലപനീയമാണ്. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ചൈനയില്‍ നിന്ന് പണം പറ്റുന്നതായി ആരോപണം ഉന്നയിക്കുന്നു. വിവാദ പിഎം കെയേഴ്സ് ഫണ്ടിലേക്ക് ചൈനീസ് കമ്പനികള്‍ അനേക കോടി ഡോളര്‍ സംഭാവന നല്കിയതായും ആരോപണം ഉയര്‍ന്നിരുന്നു. അത്തരം ആരോപണങ്ങളുടെ നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അക്കാര്യങ്ങള്‍ തമസ്കരിച്ചുകൊണ്ട് നടത്തുന്ന ബഹിഷ്ക്കരണ മുദ്രാവാക്യങ്ങള്‍ തികഞ്ഞ കാപട്യവും രാജ്യത്തോടും ജനങ്ങളോടുമുള്ള വഞ്ചനയുമാണ്.