വെട്ടിമാറ്റിയ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം; രേഖാ ചിത്രം തയ്യാറായി

Web Desk
Posted on November 13, 2019, 8:28 pm

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വെട്ടിമാറ്റിയ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ അന്വേഷണ സംഘം രേഖാ ചിത്രം തയ്യാറാക്കി. തലയോട്ടി ഉപയോഗിച്ചാണ് രേഖാ ചിത്രം തയ്യാറാക്കിയത്. കൈയും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കവെയാണ് ഇത്. മൃതദേഹത്തിന്റെ 4 ഭാഗങ്ങള്‍ പലഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയില്‍ 4 ശരീരഭാഗങ്ങളും ഒരാളുടേത് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. 2017 ജൂലൈ 6 നായിരുന്നു നാടിനെ നടുക്കിയ സംഭവം.

റോഡരികില്‍ ഉപേക്ഷിച്ച ചാക്കു കെട്ടില്‍ നിന്നും തലയും കാലും കൈയും ഇല്ലാത്ത ഒരു ഭാഗം ആദ്യം കണ്ടെത്തുകയുമായിരുന്നു. പിന്നീട് ചാലിയം കടപ്പുറത്ത് നിന്ന് ഒരു കൈയുടെ ഭാഗം കിട്ടുന്നത്. അത് ഡിഎന്‍എ ടെസ്റ്റിലൂടെ രണ്ടും ഒരു ശരീരഭാഗം തന്നെയെന്ന് ഉറപ്പുവരുത്തി. രേഖാ ചിത്രം തയ്യാറാക്കിയതോടെ അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊലപാതകം നടത്തിയശേഷം പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ വേണ്ടി മൃതശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ പലയിടങ്ങളില്‍ ഉപേക്ഷിച്ചതാവാം എന്നാണ് പോലീസ് നിഗമനം.