കൊറോണ വൈറസ് ബാധയെ തുടർന്ന് ഞണ്ട് കയറ്റുമതിയിലുണ്ടായ ഇടിവ് സമുദ്രോത്പാദന കയറ്റുമതി രംഗത്ത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കടലാമകളുടെ വംശനാശത്തിന്റെ പേരിൽ ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയതു മൂലമുള്ള പ്രതിസന്ധി ഈ രംഗത്ത് നിലനിൽക്കുമ്പോഴാണിത്
ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിൽ ചെമ്മീൻ അമേരിക്കയിലേക്കായിരുന്നെങ്കിൽ, ഞണ്ട് വൻതോതിൽ കയറ്റി അയയ്ക്കുന്നത് ചൈന, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ്. ചൈനീസ് വിപണിയിൽ വൻ ഡിമാന്റുള്ള കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളതുമായ വിവിധയിനം ഞണ്ടുകളാണ് കയറ്റുമതിക്കായി വൻതോതിൽ ശേഖരിച്ചു വന്നിരുന്നത്. എന്നാൽ, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ ഇവയുടെ ഡിമാന്റ് വലിയ തോതിൽ ഇടിഞ്ഞു. ഇക്കാരണത്താൽ തന്നെ, ഇന്ത്യയിൽ നിന്നുള്ള ഞണ്ട് ഇറക്കുമതി ചെയ്തിരുന്ന ഇതര രാജ്യങ്ങളിലൊന്നായ സിംഗപ്പൂരിൽ റെഡ് അലർട്ടും പ്രഖ്യാപിക്കപ്പെട്ടു. കൊറോണ ബാധയ്ക്കു മുമ്പായി കയറ്റുമതിക്കാർ കേരളത്തിൽ നിന്ന് പ്രതിദിനം ഏതാണ്ട് 40 ലക്ഷം രൂപയുടെ വരെ ഞണ്ട് ശേഖരിച്ചിരുന്നതായാണ് കണക്ക്. ചൈനയിലെയും സിംഗപ്പൂരിലെയും പ്രത്യേക സാഹചര്യങ്ങൾ മൂലം അത് നാലിലൊന്നായാണ് കുറഞ്ഞിരിക്കുന്നത്.
പലയിനം ഞണ്ടുകളും ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ചുവപ്പുകാലൻ എന്നറിയപ്പെടുന്ന റെഡ് ക്രാബിനാണ് ചൈന, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കൂടുതൽ പ്രിയം. ഇതിന്റെ വില കിലോയ്ക്ക് 1200 രൂപ വരെയാണ്. ചെന്നൈയിലുള്ള മൊത്തക്കച്ചവടക്കാർ ഞണ്ട് എടുക്കാതായതോടെ നാട്ടിൽത്തന്നെ നിസ്സാര വിലയ്ക്ക് വിൽക്കേണ്ട ഗതികേടിലാണ് ഉത്പാദകരും മത്സ്യത്തൊഴിലാളികളും. ചെമ്മീൻ കെട്ടുകളിലും ഞണ്ടു വളർത്തൽ കേന്ദ്രങ്ങളിലും വിളവെടുപ്പ് നടക്കുന്ന സമയത്തു തന്നെയാണ് കയറ്റുമതി രംഗത്ത് പ്രതിസന്ധിയുണ്ടായിരിക്കുന്നത്. ചില പ്രത്യേക യിനം ഞണ്ടുകൾക്ക് 2200 രൂപ വരെ കിലോഗ്രാമിനു വില ലഭിക്കുമെന്നതിനാൽ ചെമ്മീൻ കെട്ടുകളിലും പ്രത്യേകമായി ഉത്പാദിപ്പിക്കുന്ന ഇടങ്ങളിലും മറ്റും വൻതോതിലാണ് ഞണ്ടിൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരിക്കുന്നത്. സിംഗപ്പൂരിലും മലേഷ്യയിലും ഭക്ഷ്യ ആവശ്യത്തിനാണ് ഞണ്ട് ഉപയോഗിക്കുന്നതെങ്കിൽ ചൈനയിൽ മുഖ്യമായി ഞണ്ടുകൃഷിക്കു വേണ്ടിയാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ, സാധാരണ അവസരങ്ങളിൽത്തന്നെ പരിശോധനകൾ കർശനമാണ്. മറ്റ് സമുദ്രോത്പന്നങ്ങളിൽ നിന്നു വ്യത്യസ്തമായി ഞണ്ട് ജീവനോടെയാണ് കയറ്റുമതി ചെയ്യുന്നത്. അതേ സമയം, കൊറോണ ഭീതിയുടെ പേരിൽ ഇന്ത്യയിൽ നിന്നു ചൈനയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതിയിൽ തടസ്സം നേരിട്ടിട്ടില്ലെന്നാണ് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി (എംപിഇഡിഎ) ചെയർമാൻ കെ എസ് ശ്രീനിവാസന്റെ അഭിപ്രായം. ഇന്ത്യയിലെ 250 കമ്പനികളാണ് ചൈനയിലേക്കു സമുദ്രോത്പന്നങ്ങൾ കയറ്റി അയയ്ക്കുന്നതെന്നും അവർക്ക് തടസ്സങ്ങളില്ലെന്നും അദ്ദേഹം പറയുന്നു.
ചെമ്മീൻ പിടിക്കുമ്പോൾ വലയിൽ കുടുങ്ങി കടലാമകൾക്കു വംശനാശം നേരിടുന്നു എന്ന് ആരോപിച്ച് ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലെന്ന പോലെ, ഞണ്ട് കയറ്റുമതിയിലുണ്ടായിട്ടുള്ള തിരിച്ചടിയും വലിയ തോതിൽ പ്രതികൂലമായി ബാധിച്ചിട്ടുള്ളത് കേരളത്തെയാണ്. പ്രതിവർഷം കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിലുണ്ടായിരിക്കുന്ന വൻ തിരിച്ചടിയിൽ യാതൊരു വിധ വേവലാതിയും കേന്ദ്ര സർക്കാരിനുണ്ടായിട്ടില്ല.
ENGLISH SUMMARY:The slump in exports is a setback for the seafood sector
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.