സോപാന സംഗീതജ്ഞന്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടി അന്തരിച്ചു

Web Desk
Posted on August 21, 2019, 10:18 pm

ഗുരുവായൂര്‍: സോപാന സംഗീതജ്ഞനും ഗായകനുമായിരുന്ന ജനാര്‍ദ്ദനന്‍ നെടുങ്ങാടി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ആറ് പതിറ്റാണ്ടിലേറെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ സോപാനഗായകനായിരുന്നു.
കേന്ദ്ര‑കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍, ഷാട്ക്കാല ഗോവിന്ദ മാരാര്‍ പുരസ്‌കാരം, ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പന്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1969ല്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ സോപാന സംഗീത സമ്മേളത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഗീതാഗോവിന്ദത്തിന് രധാകൃഷ്ണപ്രേമം അഥവാ അഷ്ടപദി എന്ന വ്യഖ്യാനം രചിട്ടുണ്ട്. സോപാന സംഗീതത്തെക്കുറിച്ചു ബൃഹത്തായ ഒരു ഗ്രന്ഥം രചിക്കുവാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അന്ത്യം.

ദേവസ്വത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഗുരുവായൂരപ്പന് മുന്നില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നത് ജനാര്‍ദ്ദനന്‍ നെടുങ്ങാടി തന്നെയായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പ് അദ്ദേഹത്തിന്റെ മുത്തഛനെയായിരുന്നു സോപാന സംഗീതം ആലപിക്കാന്‍ സാമൂതിരി നിയോഗിച്ചിരുന്നത്. മുത്തഛന്റെ കാല ശേഷം അച്ഛനും പിന്നീട് ജനാര്‍ദ്ദനന്‍ നെടുങ്ങാടിയും ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. സോപാന സംഗീതത്തില്‍ റെക്കോഡ് നേടിയ ജ്യോതിദാസ് ഗുരുവായൂരടക്കം നിരവധി ശിഷ്യസമ്പത്തിനുടമകൂടിയാണദ്ദേഹം.

പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മുളൂര്‍ മഠത്തില്‍ അനുജന്‍ തിരുമുല്‍പ്പാടിന്റെയും ദേവകിയുടെയും മകനായി 1930 ലാണ് ജനനം. അച്ഛനില്‍ നിന്നാണ് സോപാന സംഗീതം അഭ്യസിച്ചത്. 23 ാം വയസ്സില്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ വാദ്യകലാ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1984 ല്‍ ദേവസ്വത്തില്‍ നിന്ന് വി ആര്‍ എസ് എടുത്തു. സോപാന സംഗീത രംഗത്ത് പാണിക് എന്ന ആലാപന ശൈലിയുടെ ഉപജ്ഞാതാവാണ്. ഈ ശൈലി പിന്നീട് ഗുരുവായൂര്‍ ശൈലി എന്ന പേരിലാണ് അറിയപ്പെട്ടത്.

മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍ സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി തഹസില്‍ദാര്‍ സി എസ് രാജേഷ് പുഷ്പചക്രം സമര്‍പ്പിച്ചു. ടി എന്‍ പ്രതാപന്‍ എം പി, കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ, നഗരസഭ ചെയര്‍പേഴ്‌സന്‍ വി എസ് രേവതി, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ്, പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി തുടങ്ങിയ പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.

you may like this video also