May 28, 2023 Sunday

ആസാദി : സ്വാതന്ത്ര്യത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുന്ന കാഹളധ്വനി

Janayugom Webdesk
December 21, 2019 9:56 pm

Rajaji mathew thomasരാജാജി മാത്യു തോമസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകെ പടര്‍ന്നുപിടിക്കുന്ന പ്രതിഷേധത്തിരയടികള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അഭൂതപൂര്‍വമായ രാഷ്ട്രീയ സംഭവവികാസമാണ്. ഭരണഘടനയും അതിന്റെ അടിസ്ഥാന പ്രമാണങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെയും ജനതയുടെയും ഐക്യം സംരക്ഷിക്കാന്‍ സമാനമായ ജനമുന്നേറ്റങ്ങള്‍ മറ്റൊന്നും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇംഫാല്‍ മുതല്‍ അഹമ്മദാബാദ് വരെയും അമൃത്‌സര്‍ മുതല്‍ തിരുനെല്‍വേലി വരെയും ഇന്ത്യയുടെ വിശാല വ്യാപ്തിയിലാകെ സ്വാതന്ത്ര്യത്തി(ആസാദി)നുവേണ്ടിയുള്ള മുറവിളിയാണ് ഉയരു‍ന്നത്. അനന്യതയുടെ കൊടിക്കൂറകള്‍ക്കുമീതെ ഉള്‍ക്കൊള്ളലിന്റെ പ്രതീകമായി ദേശീയപതാക ഉയര്‍ന്നുപറക്കുന്ന ഹൃദയഹാരിയായ കാഴ്ചയാണ് എവിടെയും. മത, ജാതി, വംശ, ഭാഷാ ഭിന്നതകള്‍ക്ക് അതീതമായി തെരുവുകളിലേക്ക് ഒഴുകിയിറങ്ങുന്ന ജനസഞ്ചയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഭരണഘടനയും പനിനീര്‍പൂക്കളുമാണ്. അത് ഫാസിസ്റ്റ് മോഡി ഭരണകൂടത്തിന്റെ ആത്മവിശ്വാസത്തിലും ദാര്‍ഷ്ട്യത്തിലുമാണ് ഓട്ടവീഴ്ത്തിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഈ പ്രതിഷേധ പ്രക്ഷോഭത്തെ സ്വതന്ത്ര ഇന്ത്യയുടെ സമര ചരിത്രത്തില്‍ വേറിട്ടതാക്കി മാറ്റുന്നത് ഒരു രാഷ്ട്രം എന്ന നിലയില്‍ ആ ജനമുന്നേറ്റത്തിന് കൈവരിക്കാനായ സാര്‍വലൗകികതയാണ്. പൗരാവകാശത്തിന്റെ അടിസ്ഥാന പ്രമാണം മതമോ ജാതിയോ ഭാഷയോ വംശമോ വര്‍ണമോ അല്ലെന്ന് ഈ ജനമുന്നേറ്റം ഉച്ചെസ്വരം പ്രഖ്യാപിക്കുന്നു. രാഷ്ട്രത്തിന്റെ അടിത്തറ അധ്യാത്മചിന്തയോ മതവിസ്വാസപ്രമാണങ്ങളോ അല്ല, മറിച്ച് ഒരു ജനത എന്ന നിലയില്‍ നാം നമുക്കായി രൂപം നല്‍കിയ ഭരണഘടന മാത്രമാണതെന്ന് ഭാരതവര്‍ഷം ഒന്നാകെ ഉദ്ഘോഷിക്കുന്നു. അതിനെ എതിര്‍ക്കുകയും ജനതയുടെ ഐക്യത്തെ തകര്‍ക്കാനും രാജ്യത്തെ പിളര്‍ത്താന്‍ ശ്രമിക്കുന്നവരുടെ കുടില പ്രചാരണ തന്ത്രങ്ങളും മര്‍ക്കടമുഷ്ടിയുടെ പാരമ്യത്തിലെത്തി നില്‍ക്കുന്ന പ്രതിരോധങ്ങളും തകരുകയാണെന്ന സൂചനകളാണ് രാജ്യത്തെവിടെയും നിന്നും ലഭിക്കുന്നത്.

ആഭ്യന്തര അടിയന്തരാവസ്ഥയിലേക്ക് നയിച്ച എഴുപതുകളിലെ ജയപ്രകാശ് നാരായണന്റെ ‘സമ്പൂര്‍ണ ക്രാന്തി’(സമ്പൂര്‍ണ വിപ്ലവം) പ്രസ്ഥാനത്തിനോ അണ്ണാഹസാരെയുടെ 2011 ലെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിനോ ലഭിക്കാതിരുന്ന സാര്‍വത്രികവും രാജ്യവ്യാപകവുമായ പിന്തുണ ആര്‍ജിക്കാന്‍ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിന് കഴിഞ്ഞിരിക്കുന്നു. ഏതെങ്കിലും ഒരു പ്രത്യേക നേതാവിന്റെയോ സംഘടനയുടേയോ രാഷ്ട്രീയപാര്‍ട്ടിയുടെയോ തനത് നേതൃത്വം കൂടാതെ വിദ്യാര്‍ഥികളും സാമൂഹ്യ പ്രവര്‍ത്തകരും ചരിത്രകാരന്മാരും എഴുത്തുകാരും അഭിഭാഷകരും ഡോക്ടര്‍മാരും സാങ്കേതിക വിദഗ്ധരും രാഷ്ട്രീയ ട്രേഡ്‌യൂണിയന്‍ നേതാക്കളും തുടങ്ങി സമൂഹത്തിന്റെ പരിച്ഛേദമാകെ അണിനിരക്കുന്ന സാമൂഹിക പ്രതിഭാസമായി ഈ രാഷ്ട്രീയസമരം മാറിയിരിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ആശയത്തെയും എതിര്‍ക്കാന്‍ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും മാനവികതയിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന മനുഷ്യരും അവരുടെ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് രംഗത്തിറങ്ങിയിരിക്കുന്നു. ഭീകരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ചോരചിന്തിയും ജീവന്‍ നല്‍കിയും പൊരുതാനുള്ള നിശ്ചയദാര്‍ഢ്യമാണ് എവിടെയും പ്രകടമാകുന്നത്. കേന്ദ്ര ഭരണകൂടത്തെ സ്തബ്ദമാക്കി ആളിപ്പടരുന്ന പ്രതിഷേധം സ്വയംഭൂവാണെന്ന് കരുതുന്നവരും അങ്ങനെ വ്യാഖ്യാനിക്കുന്നവരും ഏറെയാണ്. എന്നാല്‍ മോഡിഭരണത്തിന്റെ കഴിഞ്ഞ ആറുവര്‍ഷങ്ങളായി രാജ്യത്ത് വളര്‍ന്നുവന്നതും ബോധപൂര്‍വം വളര്‍ത്തിയെടുത്തതുമായ ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനില്‍പുകളെ, ബോധപൂര്‍വമല്ലെങ്കില്‍ പോലും കുറച്ചു കാണാനാവില്ല.

ഈ ചെറുത്തുനില്‍പ് പോരാട്ടം പൊടുന്നനെ മുസ്‌ലിം നാമധാരികളായ അലിഗഡ്, ജാമിയ സര്‍വകലാശാല വിദ്യാര്‍ഥികളില്‍നിന്നും ഉയര്‍ന്നുവന്നതാണെന്നു വരുത്തിത്തീര്‍ക്കാനുള്ള തീവ്രയത്നമാണ് മോഡി മുതല്‍ സുരേന്ദ്രന്‍ വരെയുള്ള തീവ്രഹിന്ദുത്വവാദികള്‍ നടത്തിവരുന്നത്. അലിഗഡും ജാമിയയും ഉസ്മാനിയയുമടക്കം രാജ്യത്തെ മുസ്‌ലിം നാമധാരികളായ സര്‍വകലാശാലകളില്‍ മുസ്‌ലിങ്ങള്‍ ന്യൂനപക്ഷമാണെന്ന യാഥാര്‍ഥ്യം പോലും അവര്‍ മറച്ചുപിടിക്കുന്നു. ഔപചാരികമായി യാതൊരു ഏകോപനശ്രമവും കൂടാതെ തന്നെ പ്രതിഷേധസമരത്തിന്റെ പൊതുധാരയില്‍ ഒത്തുചേരുന്ന എല്ലാവരും ഒരുപോലെ ഉയര്‍ത്തുന്ന ‘ആസാദി’ എന്ന മുറവിളിയാണ് ഈ ജനമുന്നേറ്റത്തിന്റെ പൊതുതന്തു. കോണ്‍ഗ്രസുകാരും അര്‍ബന്‍ നക്സലുക‍ള്‍ എന്ന് സംഘപരിവാര്‍ അധിക്ഷേപിക്കുന്നവര്‍ വരെയും ജാതിമത ഭേദചിന്തകള്‍ക്ക് അതീതമായി ഒരുപോലെ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ‘ആസാദി’.

ആസാദിയുടെ വേരന്വേഷിച്ചാല്‍ അത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനും അപ്പുറത്തേക്ക് കടന്നുപോകുക സ്വാഭാവികം. സ്വാതന്ത്ര്യത്തെ രാഷ്ട്രാതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുക്കിനിര്‍ത്താനാവില്ലല്ലോ. എന്നാല്‍ അത് സമകാലിക ഇന്ത്യയില്‍ വീണ്ടെടുക്കപ്പെടുന്നതും പ്രസക്തമാകുന്നതും തീവ്രഹിന്ദുത്വ ശക്തികള്‍ രാജ്യദ്രോഹികളെന്ന് മുദ്രയടിച്ച് നിരന്തരം ആക്രമിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഇടതുപക്ഷ മൂശയില്‍ നിന്നുമാണ്. രാജ്യദ്രോഹിയെന്ന് മുദ്രകുത്തി പൊലീസിന്റെയും സംഘപരിവാര്‍ ഗുണ്ടകളുടെയും ആക്രമണത്തിന് ഇരയായി, തിഹാര്‍ ജയില്‍മോചിതനായി ജെഎന്‍യു കാമ്പസില്‍ മടങ്ങിയെത്തിയ എഐഎസ്എഫ് നേതാവും ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷനുമായ കനയ്യകുമാറും ആ കാമ്പസും ആസാദിക്ക് നല്‍കിയ അര്‍ഥതലങ്ങളാണ് രാജ്യത്തിന്റെ ഈ ഉയര്‍ത്തെഴുന്നേല്‍പിലേക്ക് നയിച്ച ശക്തി സ്രോതസെന്ന് ആര്‍ക്കാണ് നിരാകരിക്കാനാവുക.

ആസാദിക്ക് നാളിതുവരെ രാഷ്ട്രീയ വ്യവഹാരത്തില്‍ ലഭിക്കാതിരുന്ന അര്‍ത്ഥങ്ങളുടെ ആഴങ്ങളിലേക്കുള്ള വാതിലാണ് അവിടെ തുറക്കപ്പെട്ടത്. അത് ഒരു തലമുറയുടെ മാത്രമല്ല ഒരു ജനതയുടെ ആകെ രാഷ്ട്രീയപ്രജ്ഞയെ അപ്പാടെ പിടിച്ചുലച്ച് ഉണര്‍ത്തുന്ന കാഴ്ചയാണ് രാഷ്ട്രം ആവേശത്തോടെ ദര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പ്രബുദ്ധമായ ഒരു ജനതയ്ക്കു പറയാനാവും ഈ പ്രതിരോധം കേവലം സ്വയംഭൂവോ യാദൃച്ഛികമോ അല്ല. അനുഭവത്തിന്റെ തീച്ചൂളയില്‍ ചുവന്നുതുടുത്ത ഒരു പുതുയുഗപ്പിറവിയുടെ കാഹളമാണ് നാം കേള്‍ക്കുന്നത്. (അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.