Web Desk

കോട്ടയം

September 30, 2020, 7:56 pm

സിമന്റ്സിന്റെ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത്; സംയുക്ത യൂണിയനുകള്‍ നിവേദനം നല്‍കി

Janayugom Online

ട്രാവൻകൂർ സിമന്റ്സിന്റെ സ്ഥലം മറ്റ് വകുപ്പുകൾക്ക് വിട്ടുനൽകരുതെന്നാവശ്യപ്പെട്ട് കമ്പനിയിലെ വിവിധ യൂണിയനുകൾ ചേർന്ന് നിവേദനം നൽകി. 1946ൽ സർക്കാർ അനുവദിച്ച ആരംഭിച്ച സ്ഥലത്താണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. റോഡ് വികസനത്തിന്റെ ഭാഗമായി രണ്ടര ഏക്കറോളം സ്ഥലം ഇതിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. നിലവിൽ വൈറ്റ് സിമന്റ് ഫാക്ടറിയും, വോൾപുട്ടി യൂണിറ്റും, ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സുകളും ഇവിടുണ്ട്.

വൈവിദ്ധ്യവത്ക്കരണ പദ്ധതികൾക്ക് കൂടി സ്ഥലം തികയാത്ത സാഹചര്യമാണ് നിലവിൽ ഇവിടെയുള്ളത്. ഇതിനിടയിൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലാ ജയിലിന് വേണ്ടി മൂന്നേക്കറോളം സ്ഥലം ആവശ്യമുണ്ടെന്ന അറിയിപ്പുമായി കമ്പനിയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്താനുള്ള നീക്കം നടക്കുകയാണ്.

ഈ സാഹചര്യത്തിലാണ് കേരള സിമന്റ്സ് ലേബർ യൂണിയൻ (സിഐടിയു), കോട്ടയം സിമന്റ്സ് എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി), ട്രാവൻകൂർ സിമന്റ്സ് വർക്കേഴ്സ് അസോസിയേഷൻ (എസ്ടിയു, കെടിയുസി എം), ട്രാവൻകൂർ സിമന്റ്സ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി), കോട്ടയം സിമന്റ്സ് എംപ്ലോയീസ് കോൺഗ്രസ് (ഐഎൻടിയുസി) എന്നീ സംഘടനകൾ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി, വ്യവസായ മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകിയത്. സിമന്റ്സിന്റെ കൈവശമുള്ള സ്ഥലം മറ്റ് വകുപ്പുകളുടെ ആവശ്യങ്ങൾക്കായി വിട്ട് നൽകരുതെന്ന് യൂണിനുകൾ നിവേദനത്തിൽ ആവശ്യപ്പെടുന്നു.

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കമ്പനിയിൽ വൈവിദ്ധ്യവത്ക്കരണത്തിന്റെ ഭാഗമായി പ്രതിദിനം 600 ടൺ ഗ്രേ സിമന്റ് ഉൽപ്പാദിപ്പിക്കുന്നതിനായി ഫണ്ട് അനുവദിച്ചിരുന്നു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിലവിലുള്ള വോൾപുട്ടി യൂണിറ്റ് നവീകരിക്കുന്നതിനുള്ള പദ്ധതിയും, കെഎസ്ഇബിക്ക് വേണ്ടി കോൺക്രീറ്റ് തൂണുകൾ നിർമ്മിക്കുന്നതിനുളള പദ്ധതിയും, ഐഒസിയുമായി സഹകരിച്ച് റോഡ് സൈഡിൽ ഫ്യൂവൽ പമ്പ് തുടങ്ങുന്നതിനുള്ള നടപടിയും നടക്കുന്നുണ്ട്. സിമന്റ് വ്യവസായവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ഫാക്ടറിയുടെ പരിസര പ്രദേശങ്ങളിൽ ധാരാളം മരങ്ങളും വച്ചുപിടിപ്പിച്ചിരുന്നു. ഇതിനിടയിൽ വൈവിദ്ധ്യവത്ക്കരണത്തിന്റെ ഭാഗമായുള്ള പദ്ധതികൾ തുടങ്ങുന്നതിന് നിലവിലുള്ള 53 ഏക്കർ സ്ഥലം തികയാത്ത അവസ്ഥയാണ്.

ഈ സാഹചര്യത്തിൽ ജയിൽ അടക്കം മറ്റുവകുപ്പുകൾക്ക് ട്രാവൻകൂർ സിമന്റ്സ് ഫാക്ടറിയുടെ സ്ഥലം വിട്ടുനൽകുന്നത് കമ്പനിയുടെ വികസനപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. ആയതിനാൽ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം.

Eng­lish sum­ma­ry; The space of the cements should not be giv­en for oth­er purposes

You may also like this video;