സംസ്ഥാന കോണ്‍ഗ്രസിലെ തമ്മിലടിയും, ഗ്രൂപ്പ് പോരും നേതാക്കള്‍ തമ്മിലുള്ള വിഴുപ്പലക്കലും കാരണം സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃത്വം പാര്‍ട്ടി ഹൈക്കമാന്‍ഡ് ഏറ്റെടുത്തു. മുസ്ലീംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ കോണ്‍ഗ്രസിന്റെ ഈ പോക്കില്‍ മടുത്തിരിക്കുകയാണ്. കേരളത്തില്‍ വീണ്ടും എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ എത്തുമെന്ന് അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം മുല്ലപ്പള്ളി അടക്കമുള്ള നേതാക്കള്‍ തന്നെ പറഞ്ഞു കഴിഞ്ഞു. ഇതിന്റെ ഒക്കെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ് നേരിട്ട് ഡല്‍ഹിയില്‍ കേരളത്തിലെ നേതാക്കളുടെ യോഗം വിളിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വെറും നോക്കു കുത്തിയാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഇതില്‍ ഭൂരിപക്ഷം നേതാക്കളും അസംതൃപ്തരാണ്.തദ്ദേശ‑നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍, ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി തിരുവനന്തപുരത്ത് ചര്‍ച്ച തുടരുകയാണ്. മുസ്ലിം ലീഗ്, ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ്-ജേക്കബ്, കെഡിപി തുടങ്ങിയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഭിന്നതയെക്കുറിച്ച് യുഡിഎഫ് ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനെ ആശങ്ക അറിയിച്ചിരുന്നു.മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന നേതാക്കളായ വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ തമ്മിലുള്ള പോര് സകല സീമകളും ലംഘിച്ചുവെന്ന് യുഡിഎഫ് ഘടകകക്ഷികള്‍ സൂചിപ്പിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇടതുമുന്നണി മൂന്നാംതവണയും അധികാരത്തില്‍ വരാനുള്ള സാധ്യതയുണ്ടെന്നും അവര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസിലെ ആഭ്യന്തരകലഹം യുഡിഎഫിന്റെ തിരിച്ചുവരവിന്റെ സാധ്യതകളെ ബാധിച്ചേക്കാം. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍, തമ്മിലടിക്കുന്ന നേതാക്കള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ജനങ്ങള്‍ കരുതുന്നതായും കേന്ദ്ര നേതാക്കളെ ഘടകക്ഷി നേതാക്കള്‍ ്അറിയിച്ചു. എല്‍ഡിഎഫില്‍ നിന്ന് വ്യത്യസ്തമായി, യുഡിഎഫ് ഇപ്പോള്‍ ദുര്‍ബലമായ ഒരു സംഘമാണ്.കോണ്‍ഗ്രസും മുസ്ലിം ലീഗുമാണ് യുഡിഎഫിലെ രണ്ട് പ്രധാന പാര്‍ട്ടികള്‍. മറ്റെല്ലാം ചെറിയ പാര്‍ട്ടികളാണ്. അവയ്ക്ക് ഇനി ഒരു ടേം കൂടി പ്രതിപക്ഷത്ത് അതിജീവിക്കാനാകില്ല.. സംസ്ഥാനത്തു നിന്നുള്ള എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്, കേരള രാഷ്ട്രീയത്തിലെ താല്‍പ്പര്യം സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ സ്വതന്ത്രമായി ഇടപെടുന്നതിന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് തടസ്സമായി മാറുന്നതായും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.ശശി തരൂരുമായുള്ള വിഷയങ്ങള്‍ക്ക് പിന്നാലെ സാഹചര്യങ്ങള്‍ മാറി.
സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഐ( എം) ഉം ബ്രാഞ്ച് സമ്മേളനങ്ങള്‍ കഴിഞ്ഞ് ലോക്കല്‍ സമ്മേളനങ്ങള്‍ നടക്കുകയാണ് സിപിഐയുടേത്. സംസ്ഥാനസമ്മേളനത്തോടെ സിപിഐയും എല്‍ഡിഎഫും കളം നിറയുന്നതോടെ, യുഡിഎഫിന് ഇടം നഷ്ടപ്പെടുമെന്ന് ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഇപ്പോഴും പരസ്പര ഭിന്നതയോടെയാണ് നില്‍ക്കുന്നതെന്നാണ് ജനങ്ങളുടെ ധാരണ. ഇത് മാറി നേതാക്കള്‍ തമ്മില്‍ ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊതുസമൂഹത്തിന് സന്ദേശം നല്‍കേണ്ടത് കോണ്‍ഗ്രസാണ്. എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്തും ഒന്നിപ്പിച്ചും മുന്നോട്ടു കൊണ്ടുപോകേണ്ടത് കോണ്‍ഗ്രസാണെന്നും ദീപദാസ് മുന്‍ഷിയുമായുള്ള കൂടിക്കാഴ്ചയില്‍ പി കെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോണ്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേതൃമാറ്റം വേണമെന്ന് ഘടകകക്ഷികള്‍ ആരും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടില്ല. അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നാണ് അവരുടെ നിലപാട്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് വിഭജനത്തെക്കുറിച്ച് ധാരണ ഉണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ബൂത്ത് ലെവല്‍ കമ്മിറ്റികളും രൂപീകരിക്കണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഉടന്‍ ആരംഭിക്കണമെന്നും വിമത ഭീഷണി തടയാന്‍ കോണ്‍ഗ്രസ് നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസിലെ കാര്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുമെന്ന് ദീപ ദാസ് മുന്‍ഷി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.