സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനായില്ല: ബിജെപി കോർ കമ്മിറ്റി യോഗം അലസി

Web Desk
Posted on December 08, 2019, 9:37 pm

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനെ തെരെഞ്ഞെടുക്കുന്നതിനായുള്ള ചർച്ചകൾക്കായി ചേർന്ന കോർ കമ്മിറ്റി യോഗം സമവായത്തിലെത്താനാകാതെ അലസിപ്പിരിഞ്ഞു. സംഘടനാ ചുമതലയുള്ള ദേശീയ സെക്രട്ടറി ബി എൽ സന്തോഷിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന യോഗമാണ് നേതാക്കളുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള കടുംപിടുത്തം മൂലം ധാരണയിലെത്താനാകാതെ പിരിയേണ്ടിവന്നത്. മുരളീധര പക്ഷം കെ സുരേന്ദ്രന്റെ പേരും കൃഷ്ണദാസ് വിഭാഗം എം ടി രമേശിന്റെ പേരും നിർദേശിച്ചു. ഇതിനിടെ ഓ രാജഗോപാൽ ശോഭ സുരേന്ദ്രന്റെ പേരും നിർദേശിച്ചു. സമവായം എന്ന നിലയിൽ ആർഎസ്എസ് താല്പര്യമുള്ള കുമ്മനം രാജശേഖരന്റെ പേരും ചർച്ചയായി. എന്നാൽ ഇതിൽ ആരും വിട്ടുവീഴ്ചക്ക് തയ്യാറാകാതെ വന്നതോടെയാണ് സമവായ ചർച്ചകൾ താളംതെറ്റിയത്. സംസ്ഥാനത്ത് ഗ്രൂപ്പ് പോര് ശക്തമായ സാഹചര്യത്തിൽ ദേശീയ നേതാക്കൾ നേരിട്ട് ഇടപെടേണ്ട അവസ്ഥയാണ് സംജാതമായിട്ടുള്ളത്.

സമവായ ചർച്ചകൾ സമാന്തരമായി തുടരുകയും ഈ മാസം 15 ന് ശേഷം ദേശീയ നേതാക്കൾ കേരളത്തിലെത്തി ഓരോ നേതാക്കളെയും നേരിൽ കണ്ടു അഭിപ്രായങ്ങൾ കേട്ടതിനു ശേഷം മാത്രമേ അടുത്ത മാസം അധ്യക്ഷനെ നിശ്ചയിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു. അതുവരെ ബിജെപിക്ക് സംസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയാകും. ഭാരവാഹികൾക്ക് പ്രായപരിധി കർശനമാക്കുവാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനവും സംസ്ഥാന നേതാക്കളെ വെട്ടിലാക്കിയിട്ടുണ്ട്. ഇനി 55 വയസ്സ് കഴിഞ്ഞവർക്ക് ജില്ലാ പ്രസിഡന്റും 45 കഴിഞ്ഞവർക്ക് മണ്ഡലം പ്രസിഡന്റും ആകാനാവില്ല. ഇന്നലെ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഈ വിഷയം തത്വത്തിൽ ധാരണയായെങ്കിലും വിശദമായി ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനം പൂർണ്ണമായും നടപ്പിലാക്കാനാവുകയുള്ളുവെന്ന നിലപാടിലാണ് നേതൃത്വം.