വിദ്യാഭ്യാസം രാജ്യത്തെ ഒരു വിദ്യാർത്ഥിയുടെ അടിസ്ഥാന അവകാശമാണെന്ന തത്വത്തെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്ന നടപടികളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് നിലവുള്ള സംവിധാനത്തിൽ വിശ്വാസ്യത നഷ്ടപ്പെടുന്നു. ഇതിന്റെ പ്രതിഫലനങ്ങളാണ് ജെഎൻയു, അലിഗഡ്, ജാമിയ മിലിയ ഉൾപ്പെടെയുള്ള സർവകലാശാലകളിൽ തുടരുന്നത്.
രാജ്യത്തെ ഏറ്റവും ദരിദ്രനും അധകൃത വിഭാഗക്കാരനും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭ്യമാക്കുമ്പോഴാണ് ജനാധിപത്യം അർത്ഥവത്താകുന്നത്. സമൂഹത്തിലെ ദാരിദ്ര്യം അകറ്റുന്നതിനുള്ള ഏറ്റവും ഉത്തമമായ മാർഗം വിദ്യാഭ്യാസമെന്ന അമേരിക്കൻ ചിന്തകനായ രാൽഫ് വാൾഡോ എമേഴ്സന്റെ വാക്കുകൾ ഒരു ദിവസം പലനേരം മോഡി സർക്കാരും ബിജെപി നേതാക്കളും കേൾക്കുന്നത് എന്തുകൊണ്ടും ഉത്തമമായിരിക്കും. പ്രത്യേകിച്ചും ജെഎൻയു ഉൾപ്പെടെയുള്ള സർവകലാശാലകളിൽ സംഘപരിവാർ ഗുണ്ടകൾ നടത്തുന്ന അതിക്രമങ്ങൾക്ക് കുടചൂടുന്ന മോഡി സർക്കാർ.
ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യ കോർപ്പറേറ്റുകൾക്ക് നൽകുന്ന എന്ന ലക്ഷ്യത്തോടെയുള്ള നടപടികളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. ഇത് ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ ദേശീയ വിദ്യാഭ്യാസ നയം തയ്യാറാക്കിയത്. പാഠ്യപദ്ധതി, അധ്യാപകരുടെ നിയമനം, അധ്യാപകരെ പിരിച്ചുവിടാനുള്ള തീരുമാനം, വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കായി ഒരു ബോർഡ് രൂപീകരിക്കാനുള്ള നിർദ്ദേശമാണ് ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനും ഫണ്ടുകൾ ലഭ്യമാക്കുന്നതിനുള്ള ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ കണ്ടെത്തണമെന്ന നിർദ്ദേശവും പുതിയ കരട് നയത്തിലുണ്ട്.
ഇവിടെയാണ് മുകേഷ് അംബാനി ഉൾപ്പെടെയുള്ള കോർപ്പറേറ്റുകളുടെ സ്വാധീനം ഉണ്ടാകുന്നത്. ഇവർ സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള അധികാരവും പുതിയ കരട് അനുവദിക്കുന്നു. ഇത്തരം സ്ഥാപനങ്ങളിൽ ജനാധിപത്യപരമായി അവകാശങ്ങൾ ഉന്നയിക്കുന്ന അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ പുറത്താക്കാൻ പോലുമുള്ള അവകാശം വൻകിട മുതലാളിമാർക്ക് ലഭിക്കുന്നു. നിലവിൽ രാജ്യത്തെ 60 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിലാണ്, ഇത് സമീപഭാവിയിൽ നൂറ് ശതമാനമാകും.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഈ ബിസിനസ് മാതൃകയ്ക്ക് തുടക്കമിട്ടത് യുപിഎ സർക്കാർ ആയിരുന്നെങ്കിലും ഇടത് പാർട്ടികൾ ഉൾപ്പെടെയുള്ളവരുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. എന്നാൽ 2014 ൽ അധികാരത്തിലെത്തിയ മോഡി സർക്കാർ ഈ കച്ചവടവൽക്കരണം പൂർണവ്യാപ്തിയിൽ നടപ്പാക്കുന്നു. ഉന്നത വിദ്യാഭ്യാസം ഒരു ആഢംബരമാണ് (ലക്ഷുറി) എന്ന മുകേഷ് അംബാനി, കുമാരമംഗളം ബിർള എന്നിവർ 2000ത്തിൽ വാജ്പേയ് സർക്കാരിന് സമർപ്പിച്ച നിർദ്ദേശങ്ങൾ മോഡി സർക്കാർ ഇപ്പോൾ നടപ്പാക്കുന്നു. 2005ൽ നടന്ന ലോക വ്യാപാര സംഘടനയുടെ ഉച്ചകോടിയിൽ അന്നത്തെ യുപിഎ സർക്കാർ ഉന്നത വിദ്യാഭ്യാസത്തെ ഒരു കച്ചവടചരക്കായി അവതരിപ്പിച്ചു. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസ കച്ചവടം തുടങ്ങിയാൽ ഗ്രാന്റുകൾ വാരിക്കോരി നൽകാമെന്നായിരുന്നു അന്നത്തെ യുപിഎ സർക്കാർ നിലപാടെടുത്തത്. വിദ്യാർത്ഥി സംഘടനാ, യൂണിയൻ പ്രവർത്തനങ്ങൾക്ക് പോലും നിരോധനം ഏർപ്പെടുത്തുന്ന നിർദ്ദേശങ്ങളാണ് ഉച്ചകോടിയിൽ ഉയർന്നത്. യുപിഎ സർക്കാർ അത് അപ്പാടെ വിഴുങ്ങി. എന്നാൽ ഇടത് വിദ്യാർഥി സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും ഈ നീക്കങ്ങൾക്കതിരെ ശക്തമായി പ്രതിഷേധിച്ചു. തുടർന്നാണ് ഇത് നടപ്പാക്കാൻ യുപിഎ സർക്കാരിന് കഴിയാതിരുന്നത്. 2014ൽ മോഡി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ഈ നയങ്ങളൊക്കെ അതിവേഗം നടപ്പാക്കുന്നു. ഇതിന് തുടക്കമിട്ട കോൺഗ്രസാകട്ടെ പ്രതികരിക്കാൻ പോലും ശേഷിയില്ലാതെ ചത്തതിനൊപ്പമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലും.
2009 മുതൽ ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കുന്ന നിരവധി കരാറുകളാണ് അമേരിക്ക ഉൾപ്പടെയുള്ള മുതലാളിത്ത രാജ്യങ്ങളുമായി കേന്ദ്ര സർക്കാർ ഒപ്പിട്ടത്. ഇതിന്റെ ഭാഗമായാണ് സെമസ്റ്റർ സംവിധാനം നിലവിൽ വരുന്നത്. ഇന്ന് രാജ്യത്തെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം കിട്ടാക്കനിയാകുന്നതിന് കാരണമാകുന്ന ഫീസ് വർധനയും ഈ കരാറുകളുടെ തുടർച്ചയാണ്. ഈ നെറികെട്ട നിർദ്ദേശങ്ങൾക്ക് 2014 മുതൽ മോഡി സർക്കാർ നിയമ സാധുത നൽകി. ഇതിനായി യുജിസി നിയമങ്ങൾ പലതവണയാണ് ഭേദഗതി ചെയ്തത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനക്കെതിരെ ആഗോള തലത്തിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ തുടരുന്നു. ചില രാജ്യങ്ങൾ ഫീസ് വർധന ഉപേക്ഷിച്ചു. ഇന്ത്യയിൽ കോർപ്പറേറ്റ് യജമാന്മാരുടെ താല്പര്യങ്ങൾക്ക് വഴങ്ങുന്നു. പൊതുമേഖലയിലെ ഉന്നത വിദ്യാഭ്യാസം രാജ്യത്തെ പൗരൻമാരുടെ ശാക്തീകരണത്തിന് അനിവാര്യമായ ഘടകമെന്നാണ് 1948ലെ ഡോ. എസ് രാധാകൃഷ്ണൻ കമ്മിഷനും 1964ലെ കോത്താരി കമ്മിഷനും വിപക്ഷിച്ചത്. കേന്ദ്ര ബജറ്റിന്റെ ആറ് ശതമാനമെങ്കിലും വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കണമെന്ന നിർദ്ദേശവും മുന്നോട്ടുവച്ചു. മോഡി സർക്കാർ തുടരുന്ന കച്ചവടവൽക്കരണ നയങ്ങൾക്കെതിരെ പ്രതികരിക്കുന്ന വിദ്യാർത്ഥികളെ സംഘപരിവാർ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുന്നു. ഗുരുതരമായ കുറ്റങ്ങൾ ചുമത്തി കേസുകൾ രജിസ്റ്റർ ചെയ്യുന്നു. ഇന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണം ഉൾപ്പടെയുള്ള അപചയങ്ങളിൽ കോൺഗ്രസിന്റെ മുതലക്കണ്ണീർ എന്ന് മാത്രമേ കാണാൻ കഴിയൂ. പുതിയ അവസ്ഥയിൽ അവർക്കതിൽ തിരിച്ചറിവുണ്ടായിരിക്കുന്നത് ശ്രദ്ധേയവും. പൊതുസമൂഹം ഉണരണം- അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരിക്കൽ കൂടി ഇരുണ്ടയുഗം തിരിച്ചുവരാതിരിക്കാൻ.
English summary: The state that fears knowledge
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.