Site iconSite icon Janayugom Online

അണക്കെട്ടുകളുടെ സംഭരണ ശേഷി കുറഞ്ഞു; കണ്ടെത്തല്‍ വൈദ്യുതി ബോര്‍ഡിന്റെ സര്‍വേയില്‍

വിവിധ അണക്കെട്ടുകളുടെ സംഭരണ ശേഷിയില്‍ കാര്യമായ കുറവുണ്ടായതായി സൂചന. വൈദ്യുതി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. കമ്മിഷന്‍ ചെയ്ത ശേഷം അണക്കെട്ടുകളുടെ സംഭരണ ശേഷി എത്ര മാത്രം കുറഞ്ഞു എന്ന് കണ്ടെത്തുകയാണ് സര്‍വേയുടെ ലക്ഷ്യം. റിപ്പോര്‍ട്ട് നാല് മാസത്തിനുള്ളില്‍ വൈദ്യുതി ബോര്‍ഡിനു കൈമാറും. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുകളിലും സംഭരണിയില്‍ ചെളിയും മണലും വന്നടിഞ്ഞതായാണ് നിഗമനം.

1967ല്‍ കമ്മിഷന്‍ ചെയ്ത ശബരിഗിരി പദ്ധതിയുടെ കൊച്ചുപമ്പ സംഭരണിയിലും 1999ല്‍ കമ്മിഷന്‍ ചെയ്ത കക്കാട് പദ്ധതിയുടെ മൂഴിയാര്‍ അണക്കെട്ടിലും സംഭരണ ശേഷിയില്‍ കാതലായ കുറവ് വന്നിട്ടുണ്ട്. 200 ഹെക്ടറിലായി വ്യാപിച്ച് കിടക്കുന്ന കൊച്ചുപമ്പ സംഭരണിയില്‍ ഏകദേശം 39 ദശലക്ഷം ഘനമീറ്റര്‍ വെള്ളവും മൂഴിയാറില്‍ ഏകദേശം 1.5 ദശലക്ഷം ഘനമീറ്റര്‍ വെള്ളവുമാണ് സംഭരിക്കാന്‍ കഴിയുന്നത്. വര്‍ഷ കാലത്ത് കൂടുതല്‍ സമയം അണക്കെട്ടുകള്‍ തുറന്നു വിടേണ്ട സാഹചര്യവും വന്നിരുന്നു. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് സംഭരണ ശേഷി കുറവ് വന്നോ എന്ന് പഠിക്കാന്‍ വൈദ്യുതി ബോര്‍ഡ് തയാറായത്.

ഡിപ്പ് പദ്ധതിയുടെ ഭാഗമായി സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂഴിയാര്‍, കൊച്ചുപമ്പ എന്നീ അണക്കെട്ടുകളുടെ ജല സംഭരണികളിലാണ് സര്‍വേ നടന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കരാര്‍ എടുത്തത്. ഹൈഡ്രോഗ്രാഫിക്ക് സര്‍വേ സംവിധാനത്തിലൂടെയാണ് സംഭരണ ശേഷിയുടെ അളവ് നിശ്ചയിക്കുന്നത്. അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ അടങ്ങിയ പ്രത്യേക ബോട്ടില്‍ സംഭരണിയില്‍ സഞ്ചരിച്ചാണ് സര്‍വേ നടത്തിയത്. അണക്കെട്ട് സുരക്ഷാ വിഭാഗം ചീഫ് എന്‍ജിനീയര്‍ എസ് സുപ്രിയ, കക്കാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം എസ് പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വേ നടപടികള്‍.

Eng­lish summary;The stor­age capac­i­ty of the dams has been reduced

you may also like this video;

Exit mobile version