Thursday
12 Dec 2019

പവര്‍ബൈക്കുകളോടിക്കുന്ന ഇന്ത്യയുടെ ദേശീയദയനീയത

By: Web Desk | Friday 13 July 2018 12:53 PM IST


ഹരികുറിശേരി

ബൈക്കില്‍ നിറയെ പവറും തലയില്‍നിറയെ അഹന്തയുമായി നിരത്ത് കൊലക്കളമാക്കുന്ന പവര്‍ബൈക്ക് റേസര്‍മാര്‍ സ്വൈര ജീവിതത്തിന് ഭീഷണിയായിട്ടും അധികൃതര്‍ നോക്കിനില്‍ക്കുകയാണ്. നിരത്തിലെ തിരക്കുകണ്ട് പതറിനില്‍ക്കുന്നവന്റെ നേരേ വെടിയുണ്ടപോലെ പാഞ്ഞുവരികയാണ് ഇത്തരക്കാര്‍. സ്വൈര ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ജീവിക്കാന്‍ ഒരവകാശവുമില്ലേ, അതോ ഈ പാഞ്ഞുവരുന്നവന്റെ അഭ്യാസമികവിന്റെ അടിസ്ഥാനത്തിലാണോ പാവപ്പെട്ടവന്റെ ജീവിതം.

ബൈക്ക് റേസര്‍മാര്‍ക്ക് ഹരംകേറുന്ന വെള്ളയമ്പലം- കവടിയാര്‍ റോഡില്‍ അപകടം പതിവാണ്. തിരുവനന്തപുരത്ത് കവടിയാര്‍- അമ്പലംമുക്ക് റോഡില്‍ കഴിഞ്ഞ ദിവസവും ഒരു വീട്ടമ്മയുടെ ജീവിതം പൊലിഞ്ഞു. കരമന സ്വദേശിനി ജ്യോതിലക്ഷ്മിയാണ് മരിച്ചത്. പരിക്കേറ്റ രണ്ടു വഴിയാത്രക്കാരും ബൈക്ക് യാത്രക്കാരനും ഇനി ആശുപത്രിയിലുണ്ട്. നിത്യേനെയെന്നോണം കേരളത്തില്‍ നടക്കുന്ന ബൈക്കപകടങ്ങളില്‍ ജീവിതം തുലയുന്നവരും ജീവശവമാക്കപ്പെടുന്നവരും അനവധിയാണ്.

കേരളത്തിലെ ഒരുകോടി പത്തുലക്ഷം വാഹനങ്ങളില്‍ 60 ലക്ഷമെങ്കിലും ബൈക്കുകളാണത്രേ. ബൈക്ക് ഇടിച്ചു പരിക്കേറ്റ് ആശുപത്രിയില്‍ പോകുന്നത് വലിയ വാര്‍ത്തയാവില്ല. ഏറെനാള്‍ നരകിച്ച് മരിക്കുന്നവരിലേറെയും സാധുവഴിയാത്രക്കാരാകും. സാദാ ഇരുചക്രവാഹനയാത്രക്കാരും ഇത്തരം മരണപ്പാച്ചിലിന് ഇരയാക്കപ്പെടുകയാണ്.

എന്താണീ പവര്‍ബൈക്കുകളുടെ വിളയാട്ടത്തിന് നിയന്ത്രണമില്ലാതെ പോകുന്നത്. പ്രത്യേകിച്ച് പൊലീസും മോട്ടോര്‍ വാഹനവകുപ്പും സിസി ടിവി ക്യാമറകളും മിഴിതുറന്നിരിക്കുന്ന നഗരനിരത്തുകളില്‍പോലും ഇവര്‍ക്ക് ഇത്ര കൂസലില്ലാതെ പായാന്‍ ശക്തിപകരുന്നത് ആരാണ്. നിരത്തിലൂടെ ഒരാള്‍ വടിവാളുമായി നടന്നുപോയാല്‍ പിന്നാലെ ചെന്ന് അറസ്റ്റുചെയ്യാന്‍ വകുപ്പുണ്ട്. എന്നാല്‍ നട്ടെല്ലുതരിക്കുന്ന ശബ്ദത്തോടെ തിരക്കേറിയ നിരത്തില്‍ ഇടംവലം വെട്ടിച്ച് പായുന്നവനെ കിട്ടിയാല്‍ കയ്യോടെ പിടികൂടുകയും ഒരുമാസമെങ്കിലും തടവിലിടുകയും ചെയ്യാന്‍ നിയമം വേണമെന്ന മുറവിളി സോഷ്യല്‍മീഡിയയില്‍ ഒതുങ്ങുന്നു. ബൈക്ക് റേസിങ് ഗെയിമുകളില്‍ ആകര്‍ഷിക്കപ്പെട്ട് വളര്‍ന്നവരാണ് പിന്നീട് വല്ലാതെ ഈ യന്ത്രത്തെ പ്രണയിച്ച് അത് സ്വന്തമാക്കുകയും എവിടെയെങ്കിലും തല്ലിവീണ് തീരാദു:ഖമാവുകയും ചെയ്യുന്നത്.

ബൈക്കില്‍ സ്വാഭാവികമായും പിന്നിലിരിക്കുന്ന ആളാണ് കൂടുതല്‍ അപകടത്തിനിരയാവുക, പിന്നിലിരിക്കുന്ന ആള്‍തെറിച്ച് പറന്നുപോകുന്ന തരത്തിലാണ് പിന്നിലെ സീറ്റുകളിപ്പോള്‍. പ്രത്യേക പരിചയമില്ലാത്തവര്‍ക്ക് ബൈക്കില്‍ കയറാന്‍പോലും കഴിയാത്തനില. പൂനയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (അറേയ്) യാണ് ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇറങ്ങുന്ന വാഹനങ്ങളുടെ ഡിസൈനുകള്‍ക്ക് അനുമതി നല്‍കുക. ഇന്ത്യന്‍ നിരത്തിന് യോജിക്കാത്ത ഇത്തരം വാഹനങ്ങളെ നിരോധിക്കാന്‍ വകുപ്പില്ലെന്നല്ല കോര്‍പ്പറേറ്റ് പ്രേമത്തില്‍ അത്‌ നടപ്പാക്കാതെ പോകുന്നതാണ് പ്രശ്‌നം. പവര്‍ബൈക്കുകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജനസുരക്ഷക്ക് വിലകല്‍പ്പിക്കുന്ന ചില ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ എങ്ങുമെത്തിയിട്ടില്ല. പുതിയ പുതിയ മോഡലുകളില്‍ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പവര്‍ബൈക്കുകള്‍ ഇറക്കിക്കൊണ്ടേയിരിക്കുന്നു.

നമ്മുടെ യുവത്വത്തെ ഇത്തരത്തില്‍ നശിപ്പിക്കാന്‍ ആരാണിവര്‍ക്ക് ഈ അധികാരം നല്‍കിയത്. മര്യാദക്കാര്‍ക്കും വീട്ടില്‍ ചൊല്ലുംവിളിയുമുള്ള ആണ്‍കുട്ടികള്‍ക്കും വാങ്ങാന്‍പറ്റിയ ഒരുബൈക്കുപോലും ഇന്ന് ലഭ്യമല്ലെന്ന് പരാതിയുണ്ട്. അത്ര കടുത്ത ഫാഷന്‍ ജ്വരമാണ് ഈ കമ്പനികള്‍ യുവത്വത്തിനുനേരെ പടര്‍ത്തിവിട്ടിരിക്കുന്നത്. ഏതെങ്കിലും വാഹനത്തെ തടയാന്‍ അധികൃതര്‍ക്കിന്നു കരുത്തില്ല. വാഹനനിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) പ്രധാനമായും ലക്ഷ്യമിടുന്നത് ഇത്തരം പ്രതിരോധങ്ങള്‍ക്കാണ്. മുമ്പൊക്കെ നട്ടെല്ലു നിവര്‍ത്തിനിന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ ഇത്തരം സംഘങ്ങള്‍ക്കുമുന്നില്‍ നട്ടെല്ലുവളച്ചാണ് നില്‍ക്കുക.

വിദേശത്ത് പവര്‍ബൈക്കുകളെന്നു പറയുമ്പോള്‍ അതിന് ഇവിടുത്തെ പവര്‍ബൈക്കിന്റെ അഞ്ചുമടങ്ങ് കരുത്തും നിയന്ത്രണവുമുണ്ട്. ഇവിടെ ഇത് ആളെക്കൊല്ലാന്‍ മാത്രമുള്ള രൂപഘടനയാണ്. വിദേശത്ത് ഇത്തരം ബൈക്കുകളോടിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണം. ഇവിടെ എം-80 ഓടിച്ചുകാണിച്ച് ലൈസന്‍സ് നേടിയവന് മാതാപിതാക്കള്‍ ലോണെടുത്ത് വാങ്ങിനല്‍കുന്നത് ഡ്യൂക്കാണ്. മാതാപിതാക്കളുടെ അറിവില്ലായ്മയെയാണ് അധികൃതര്‍ പഴിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ വാങ്ങിനല്‍കാതിരിക്കുകയോ യുവാക്കള്‍ അത്തരം അപകട പ്രവണതകളില്‍നിന്നും പിന്നാക്കം പോവുകയോ വേണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, വാഹനം വാങ്ങിനല്‍കിയില്ലെങ്കിലും അപകട സാധ്യത സുഹൃത്തിന്റെ വാഹനമായി തലക്കുമുകളിലുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു. ഈ പ്രവണതക്കുതന്നെ അടപ്പിട്ടുകെട്ടുകയാണ് വേണ്ടത്. പൊതുനിരത്തുകളില്‍ ഇത്തരം ബൈക്കുകള്‍ കൊണ്ടിറങ്ങാനാവാത്ത തരത്തില്‍ നിയമം വരണമെന്ന് അവര്‍പറയുന്നു.

ഇന്ത്യന്‍ നിരത്തിലേക്ക് കണ്ണുതുറന്നുനോക്കിയാലറിയാം. ഭാര്യക്കും മുതിര്‍ന്ന മക്കള്‍ക്കും ഒപ്പം ഒരു ഗൃഹനാഥന് പോകാന്‍ പറ്റിയ ഒരു ബൈക്ക് നിരത്തിലിറക്കാന്‍ ഒരു കമ്പനിക്ക് കഴിഞ്ഞിട്ടില്ല. അതിന് അധികൃതര്‍ സമ്മതിച്ചിട്ടുമില്ല. എങ്കിലും ബുദ്ധിമുട്ടിയാണ് ചെറുകുടുംബങ്ങള്‍ പോകുന്നത്. ഗ്രാമീണര്‍ക്കുവേണ്ടി ഭട്ഭട് വണ്ടികള്‍ നല്‍കിയ എന്‍ഫീല്‍ഡും രാജ്്ദൂതുമൊക്കെ കളത്തിന് പുറത്തായി.
മാതാവിന്റെ ജഡം പിന്നില്‍വച്ചുകെട്ടി പോകാനുതകുന്ന ഒരു ബൈക്കാണ് ഇന്ത്യന്‍ ദേശീയദയനീയതക്ക് ഈ നൂറ്റാണ്ടിലും ഉതകുന്നതെന്ന് കഴിഞ്ഞദിവസം മധ്യപ്രദേശില്‍ നടന്ന സംഭവം വെളിവാക്കുന്നു. ഇപ്പോഴത്തെ പവര്‍ബൈക്കുകളില്‍ ഇത് അസൗകര്യമാണെന്നെങ്കിലും ഈ അറേയ്- സിയാം കൂട്ടുകെട്ടുകളെ ആരാണ് ഒന്ന് ഓര്‍മ്മിപ്പിക്കുക.

Related News