ഗിഫു മേലാറ്റൂർ

January 12, 2021, 5:52 am

കറുത്ത വജ്രത്തിന്റെ കഥ

Janayugom Online

സസ്യാവശിഷ്ടങ്ങളിൽ നിന്ന് ഭൗതിക‑രാസപ്രക്രിയ മൂലം ഉണ്ടാകുന്നതും കറുത്തിരുണ്ടതും, ജ്വലനസ്വഭാവമുള്ളതുമായ ഊർജസ്രോതസായ ശിലാസ്തരങ്ങളെയാണ് കൽക്കരി എന്നു വിളിക്കുന്നത്. ഏകദേശം 35 കോടി വർഷങ്ങൾക്കു മുമ്പാണ് ആദ്യത്തെ കൽക്കരി അടരുകൾ രൂപം കൊണ്ടത് എന്ന് ശാസ്ത്രജ്ഞന്മാർ അനുമാനിക്കുന്നു. ഇത് കത്തിച്ച് നീരാവി ഉണ്ടാക്കുവാനും വൈദ്യുതോല്പാദന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുവാനും ഉരുക്കുനിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. കറുത്ത വജ്രം (Black Dia­mond), കുഴിച്ചുമൂടപ്പെട്ട വെയിൽ (Buried­Sun­shine) എന്നിങ്ങനെയൊക്കെ വിശേഷിപ്പിക്കാറുള്ള കൽക്കരിയെക്കുറിച്ച് കൂടുതൽ അറിയാം.

രൂപപ്പെടുന്നത്

കൽക്കരി ലോകത്തിന്റെ പലഭാഗത്തും ഭൂമിയുടെ ഉപരിതലത്തിലും ആഴങ്ങളിലും കണ്ടുവരുന്നു. ആയുസ്സൊടുങ്ങിയും പ്രകൃതിക്ഷോഭങ്ങളിൽപ്പെട്ടും ചതുപ്പുകളിൽ തകർന്നടിഞ്ഞ സസ്യാവശിഷ്ടങ്ങൾ രാസപ്രക്രിയമൂലം മരമണ്ണ് ആയി രൂപാന്തരം പ്രാപിക്കുന്നു. പ്രാണവായു കൂടാതെതന്നെ പ്രവർത്തിക്കാൻ ശേഷിയുളള ബാക്ടീരിയ മുഖേന ഇവയെ കറുത്തിരുണ്ടതും ഘടനാരഹിതവും കാർബൺ യൗഗികങ്ങളുടെ ആധിക്യമുള്ളതുമായ സപ്രോപൽ (Sapropa1) നിക്ഷേപങ്ങളാക്കി മാറ്റുന്നു. അവസാദ ശിലാസ്തരങ്ങൾക്കടിയിൽപെട്ടു പോകുന്ന ജൈവാവശിഷ്ടം ഉയർന്നമർദത്തിനും താപനിലയ്ക്കും വിധേയമാകുമ്പോഴാണ് ലിഗ്നൈറ്റ് ആയി രൂപാന്തരം പ്രാപിക്കുന്നത്. ഇതിൽ കാർബണിന്റെ അളവ് കൂടുന്നു. അങ്ങനെ ബിറ്റുമിനീയ കൽക്കരി ഉണ്ടാകുന്നു. അവസാദ ശിലാക്രമങ്ങളിൽപ്പെടുന്ന കൽക്കരിസ്തരങ്ങൾ അധികമർദം മൂലം കാഠിന്യമേറിയ ആന്ത്രസൈറ്റ് ആയി മാറുന്നു. ഇതിൽനിന്നും ഗ്രാഫൈറ്റ് രൂപംകൊള്ളുന്നു.

കൽക്കരിയിനങ്ങൾ

രൂപീകരണത്തെ ആസ്പദമാക്കി കൽക്കരിയുടെ വിഭജനം ഇങ്ങനെയാണ്

ലിഗ്നൈറ്റ്: കൽക്കരിയിനങ്ങളിൽ ഏറ്റവും മൂല്യം കുറഞ്ഞതും ഇരുണ്ട് തവിട്ടു നിറത്തിലുള്ളതും. നിർജലാവസ്ഥയിൽ 60–75 ശതമാനം കാർബൺ അടങ്ങിയിരിക്കുന്നു.

സബ് ബിറ്റുമിനസ് കൽക്കരി: ലിഗ് നെറ്റിലുള്ളതിനേക്കാൾ കൂടുതൽ കാർബണും കുറച്ച് ബാഷ്പശീലപദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു.

ബിറ്റുമിനസ് കൽക്കരി: പുകയില്ലാതെ കത്തുന്ന, ഇരുണ്ട നിറത്തിലുള്ള ഒരിനംകൽക്കരി. 15–20 ശതമാനം ബാഷ്പശീല പദാർത്ഥങ്ങൾ ഉൾക്കൊള്ളുന്നു. മൃദുലകൽക്കരിയെന്നും പേരുണ്ട്.

സെമി-ബിറ്റുമിനസ് കൽക്കരി: (മെറ്റാബിറ്റുമിനസ്) താരതമ്യേന കടുപ്പമേറിയതുംസഞ്ചയികശേഷിയില്ലാത്തതും പുകയില്ലാതെ കത്തുന്നതുമായ കൽക്കരിയിനം. 89–92 ശതമാനം കാർബൺ ഉൾക്കൊള്ളുന്നു.

ആൻഥ്രസൈറ്റ്: കറുത്തിരുണ്ട് കടുപ്പമേറിയതും ദ്യുതിയുള്ളതും ആയ ഇനം. സ്ഥിരകാർബൺ. ശതമാനം 86 മുതൽ 98 വരെ.

ഭൗതിക‑രാസഗുണങ്ങൾ

ബ്രിട്ടനിൽ നിലവിലിരുന്നതും വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നതും ആയ സമ്പ്രദായപ്രകാരം കൽക്കരി, മിറ്റ്‌രയ്ൻ, ക്ലാരയ്ൻ, ഡുറയ്ൻ, ഫ്യൂസയ്ൻ എന്നീ ലിതോടൈപ്പുകളുടെ സഞ്ചയമാണ്. യുഎസിൽ അംഗീകൃതമായിട്ടുള്ള സൂക്ഷ്മദർശീയ സമ്പ്രദായപ്രകാരം കൽക്കരി സൂക്ഷ്മദർശിയിലൂടെ മാത്രം നിർവചിക്കാവുന്ന സസ്യജന്യ ഘടകങ്ങളുടെ സഞ്ചയമാണ്. കൽക്കരിയുടെ ഭൗതികസ്വഭാവം മൗലികഘടനയെ ആശ്രയിച്ചാണ്. സാധാരണയായി കൽക്കരിയിലെ രന്ധ്രങ്ങൾക്ക് 500 മുതൽ 15 ആങ്സ്ട്രം വരെ വലിപ്പമാണുള്ളത്. കൽക്കരിയിലെ ധാതുഘടകങ്ങൾ, സാധാരണയായി കളിമൺ ധാതുക്കൾ, ക്വാർട്ട്സ്, ഫെൽസ്പാർ, ഗാർനെറ്റ്, ഹോൺ ബെൻഡ്, അപ്ടൈറ്റ്, സിർക്കൺ, മസ്ക്വൈറ്റ്, ബയോടൈറ്റ്, എപിടോട്ട്, ആഗെെറ്റ്, കയണെെറ്റ്, റൂട്ടൈൽ, സ്റ്റാറ്റാലൈറ്റ്, ടോപാസ്, ടുർമലിൻ, ക്ലോറൈറ്റ് എന്നിവയാണ്.

കൽക്കരിഖനനം ഇന്ത്യയിൽ

റാണി ഗഞ്ച് (പശ്ചിമ ബംഗാൾ), ബൊക്കാറോ, ഝാരിയ (ബിഹാർ), നെയ്‌വേലി (തമിഴ്‌നാട്) എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ പ്രധാനകൽക്കരി ഖനികൾ. മധ്യപ്രദേശ്, മഹാരാഷ്ട്ര, അസം, രാജസ്ഥാൻ, ജമ്മു-കശ്മീർ എന്നീ സംസ്ഥാനങ്ങളിലും ചെറിയതോതിൽ കൽക്കരി ഖനനം ചെയ്തുവരുന്നു. കേരളത്തിലും ലിഗ്നെറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ കൽക്കരി സ്തരങ്ങളുടെ കൂടുതൽ ഭാഗവും ഷെൽ (Shale), മണൽക്കല്ല് (sand­stone) എന്നീ അവസാദ ശിലാസ്തരങ്ങളുമായി ചേർന്നാണ് കണ്ടുവരുന്നത്.

കോൾ ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയാണ് രാജ്യത്തെ കൽക്കരിയുല്പാദനത്തിൽ പ്രഥമസ്ഥാനം വഹിക്കുന്നത്. മറ്റുള്ളവ ഈസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ്, ഭാരത് കോക്കിങ് കോൾ ലിമിറ്റഡ്, സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡ്, വെസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ്, കോൾ മെെൻസ് പ്ലാനിങ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട്, സിങ്ഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ് എന്നിവയാണ്.