പ്രബുദ്ധ മലയാളിയുടെ വിചിത്ര മനസ്

ദേവിക
Posted on January 14, 2020, 8:16 am

പ്രബുദ്ധ കേരളം എന്ന് നെറ്റിയില്‍ എഴുതിയൊട്ടിച്ച് നടക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. പക്ഷെ നമുക്കെല്ലാമുള്ളത് വിചിത്ര മനസുകളാണെന്ന കാര്യം നാം മറക്കുന്നു. ചക്രവാളത്തോളം വലുതായിരുന്ന നമ്മുടെ ഹൃദയങ്ങള്‍ കോഴിക്കുഞ്ഞിന്റെ ഹൃദയംപോലെ പലപ്പോഴും ചുരുങ്ങിപ്പോകുന്നു. നിരത്തുവക്കില്‍ കിടന്ന് കൈകാലിട്ടടിക്കുന്ന ഒരു യുവാവിനെ കാണാന്‍ അയാള്‍ക്കുചുറ്റും നാം ജനസഞ്ചയത്തിന്റെ ഒരു വലയം തന്നെ ചമയ്ക്കുന്നു. വെള്ളമടിച്ച് പാമ്പായിപ്പോയതാണെന്ന് ജനക്കൂട്ടം അഭിപ്രായം പാസാക്കും. ഹൃദ്രോഹം മൂലം തളര്‍ന്നുവീണതാകാം. ആ പാവമെങ്കിലും അങ്ങനെയൊരു സംശയം ഒരാള്‍പോലും ഉയര്‍ത്തിയില്ലെന്നു വരാം. മദ്യപിച്ചായാലും ഹൃദ്രോഗം മൂലമായാലും അയാളെ ആശുപത്രിയിലെത്തിക്കാനും ആരുമുണ്ടാവില്ല. സാമൂഹ്യപ്രവര്‍ത്തകര്‍ ചമഞ്ഞുനടക്കുന്നവര്‍ പോലും ആ ദുരന്തദൃശ്യം കണ്ണുനിറയെ, മനംനിറയെ ആസ്വദിച്ചശേഷം മടങ്ങുന്ന നമ്മള്‍. വിശ്വത്തോളം വളര്‍‍ന്ന മലയാളി ഹൃദയം അതീവ സങ്കുചിതമാവുന്ന ദൃശ്യങ്ങള്‍. മരടിലും നാം മലയാളിയുടെ ഈ വിചിത്ര മനസു കണ്ടു.

അംബര ചുംബികളല്ലെങ്കിലും പല നിലകളിലായി ആകാശത്തേയ്ക്ക് പടര്‍ന്ന നാലു ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ നിലംപൊത്തിയപ്പോള്‍ അതു കാണാനെത്തിയത് പതിനായിരങ്ങളാണ്. പൊതിച്ചോറും ഭാണ്ഡക്കെട്ടുമായി കളിയിക്കാവിള മുതല്‍ കാസര്‍കോടുവരെയും മലയോരങ്ങള്‍ മുതല്‍ കടലോരങ്ങള്‍ വരെയുമുള്ള പ്രദേശങ്ങളില്‍ നിന്ന് ഫ്ലാറ്റ് സംഹാരദൃശ്യം കണ്‍കുളിർക്കെ കാണാനെത്തിയവര്‍. ഒരു ചാനലിലെ വര്‍ത്തയനുസരിച്ച് ഫ്ലാറ്റ് നിര്‍മാര്‍ജ്ജനോത്സവം കാണാന്‍ എത്തിയവരില്‍ 95 ശതമാനവും മദ്യപിച്ചിട്ടുണ്ടായിരുന്നു. സംഹാരവും നമുക്ക് ഒരു ലഹരിയാവുംവിധം സങ്കുചിതമായിപ്പോയ മലയാളി മനസ്. സൃഷ്ടിക്കു പിന്നില്‍ ഒരു ഈറ്റുനോവുണ്ട്. സംഹാരം കാണൽ ഒരു ലഹരിയും. നാലു ഫ്ലാറ്റുകള്‍ മരടില്‍ നാലു കോണ്‍ക്രീറ്റ് കൂനകളായപ്പോള്‍ 343 കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് നിലംപൊത്തിയത്. അവരുടെ സ്വപ്നക്കൂടുകളായിരുന്നു അവ. ജനിമൃതികള്‍ക്ക് സാക്ഷ്യം വഹിച്ച സ്വപ്നക്കൂടുകള്‍. മോഹങ്ങള്‍ നെയ്തും ദുഃഖങ്ങള്‍ മറന്നും അവര്‍ അവിടെ ദിനരാത്രങ്ങള്‍ തള്ളിനീക്കി. ഇപ്പോള്‍ അവര്‍ ആകാശമേലാപ്പിനു കീഴേ ഭവനരഹിതര്‍. നിര്‍മ്മാണം കരിമരുന്നിന്റെ കരുത്തില്‍ നിര്‍മ്മാര്‍ജനമായപ്പോള്‍ സ്ഫോടക വിദഗ്ധരെയും അവരുടെ കമ്പനികളെയും നാം വാഴ്ത്തിപ്പാടി. പക്ഷേ, സംഹാരരുദ്രതയുടെ ആ നിമിഷങ്ങള്‍ക്കു പിന്നിലെ കറുത്ത ഇടപാടുകള്‍ നാം കാണാതെപോയി.

ഇത്തരം നിര്‍മ്മാണങ്ങള്‍ ഉദ്യോഗസ്ഥ‑രാഷ്ട്രീയ കൂട്ടുകെട്ടിലുണ്ടായ അവിഹിത ഗര്‍ഭങ്ങളാണെന്ന കാര്യവും നാം അറിയാതെപോയി. മരട് മുനിസിപ്പാലിറ്റി മുമ്പ് മരടു പഞ്ചായത്തായിരുന്നപ്പോഴുണ്ടായ അവിഹിതഗര്‍ഭമാണ് ശനിയാഴ്ചയും ഞായറാഴ്ചയുമായി സ്ഫോടനത്തിലൂടെ അലസിപ്പിച്ചത്. നിയമത്തിലെ പഴുതുകളും കോഴപ്പണ്ടാരങ്ങളായ ചില രാഷ്ട്രീയക്കാരുടെ ഒത്താശയുമുണ്ടായാല്‍ ഏതു നിയമവും തങ്ങള്‍ക്കുവേണ്ടി വഴിമാറിത്തരുമെന്ന ഫ്ലാറ്റ് മാഫിയകളുടെ ഹുങ്കാണ് മരടില്‍ തകര്‍ന്നുവീണടിഞ്ഞത്. നിര്‍ഭയ കേസിലെ പ്രതികള്‍ കൊലമരച്ചോട്ടിലേയ്ക്കുള്ള അകലം കൂട്ടിക്കൊണ്ടുവരാന്‍ നടത്തിയ അതേ തന്ത്രങ്ങളാണ് നിര്‍മ്മാണ മാഫിയകളും എന്നും പയറ്റുന്നത്. വേമ്പനാട്ടു കായലിലെ നെടിയ തുരുത്ത് ദ്വീപില്‍ തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ചു നിര്‍മ്മിച്ച ‘കാപികോ’ എന്ന സപ്ത നക്ഷത്ര ഹോട്ടല്‍ പൊളിച്ചുകളയാന്‍ രാജ്യത്തെ പരമോന്നത നീതിപീഠം ഉത്തരവിട്ടിട്ട് ഏഴുവര്‍ഷം കഴിയുന്നു. പക്ഷേ, പൊളിക്കല്‍ മാത്രം നടന്നില്ല. കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ഒരു സിപിഐ പ്രവര്‍ത്തകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി ഏറെക്കാലം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. എന്നാല്‍ മരടിലെ പൊളിക്കലിനിടയില്‍ കാപികോയും തകര്‍ക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു. അതിനി എന്നു നടപ്പാവുമെന്ന് അറിയാന്‍ നമുക്ക് കാത്തിരിക്കാം. കേരളത്തില്‍ അറുന്നൂറോളം ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയമം ലംഘിച്ചു തല ഉയര്‍ത്തിനില്‍ക്കുന്നുവെന്ന കാര്യവും നമ്മെ ആശങ്കയിലാഴ്ത്തുന്നു. ഇവയും പൊളിക്കാന്‍ ഉത്തരവിടുന്നതിന് സുപ്രീംകോടതി ബാധ്യസ്ഥം. അതോടെ കേരളം ഫ്ലാറ്റുകളുടെ ഒരു ശവപ്പറമ്പാകുന്നത് ഓര്‍ക്കാന്‍ പോലുമാവുന്നില്ല. അവിടെയും മലയാളി ഒത്തുകൂടും. സംഹാരത്തിന്റെ ഉത്സവം ആഘോഷിക്കും. മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുവെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഇനിയെത്ര റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടിവരുമെന്ന് ഒരൂഹവുമില്ല.

കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ അലകും പിടിയും മാറണമെന്നും തീരദേശ പരിപാലന നിയമത്തില്‍ ഐകരൂപ്യമുണ്ടാകണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ മരടുകള്‍ എങ്ങനെയുണ്ടാകുന്നുവെന്നു മാത്രം നമുക്കു ചര്‍ച്ചയില്ല. ഉണ്ടെങ്കില്‍ത്തന്നെ പതിഞ്ഞ ചര്‍ച്ച. മരടില്‍ അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കിയ പഞ്ചായത്ത് മുന്‍ പ്രസിഡ‍ന്റിന്റെ രോമത്തില്‍പ്പോലും തൊട്ടിട്ടില്ല. അയാള്‍ക്കൊപ്പം നിയമലംഘനത്തിന് ഒത്താശ നല്‍കിയ ഉദ്യോഗസ്ഥരും ഇനിയും അസ്‌പൃശ്യര്‍. ഇതെല്ലാം ഒപ്പിച്ചെടുത്ത് ഭവനരഹിതരായ നിരപരാധികളെ പിഴിഞ്ഞ ഫ്ലാറ്റ് മാഫിയയും സുരക്ഷിതര്‍. ഇത്തരമൊരുവസ്ഥ കണ്ടിട്ടാകാം ഞങ്ങളുടെ നാട്ടിലെ ഹുസൈനിക്കാ പ്രതികള്‍ രക്ഷപ്പെടുന്ന ഭരണസംവിധാനത്തെ ‘ഇതെഞ്ഞ് സര്‍ക്കാരെടാ മൈതീനേ’ എന്ന് ആശ്ചര്യം കൂറിയത്. എല്ലാ നിയമലംഘന നിര്‍മ്മാണങ്ങളുടെയും പ്രഭവസ്ഥാനങ്ങളെക്കുറിച്ചും അവയ്ക്കു പിന്നിലെ കറുത്ത ഇടപാടുകളെയും കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക കോടതി തന്നെ രൂപീകരിക്കുന്നതാവും കരണീയം. അത്തരമൊരു പരിസ്ഥിതി സംരക്ഷണ കോടതിയുണ്ടായില്ലെങ്കില്‍ ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന പഴമ്പാട്ടും പാടി നമുക്കു നടക്കാം.… മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ മണ്ണാടുചേരുന്നതിനിടെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍സെയ്ദിനെ ഓര്‍ത്തുപോവുന്നു. ചേരമാന്‍ പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഒമാനിലെ സലാല പള്ളി മലയാളികള്‍ക്ക് എന്നും ദീപ്തമായ സ്മരണയാണ്. രാജ്യഭരണം നേരെയല്ല പിതാവു നടത്തുന്നതെന്ന ബോധ്യത്തില്‍ 49 വര്‍ഷം മുമ്പ് പിതാവിനെ സ്ഥാനഭ്രഷ്ടനാക്കി ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസാണ് ആധുനിക ഒമാന്റെ ശില്പി. ലാളിത്യമാര്‍ന്ന പരുക്കന്‍ വസ്ത്രങ്ങള്‍ ധരിച്ചിരുന്ന സുല്‍ത്താന് മലയാളികളോട് ഏറെ ഇഷ്ടമായിരുന്നു. മറ്റേതൊരു പ്രവാസി സമൂഹത്തേയുമപേക്ഷിച്ച് മലയാളി പ്രവാസികളുടെ ക്ഷേമത്തില്‍ തല്പരനായിരുന്ന അദ്ദേഹം ഭരണകാര്യങ്ങളില്‍ കര്‍ക്കശനിലപാടുകാരനായിരുന്നു. ഒരിക്കല്‍ സുല്‍ത്താന്‍ ഖാബൂസ് കാറില്‍ യാത്ര ചെയ്യുമ്പോള്‍ വഴിവക്കില്‍ നിയമം ലംഘിച്ച് ഉയര്‍ന്ന ഒരു കൊട്ടാരം കാണാനിടയായി. ആരുടേതാണ് ഈ മണിമന്ദിരം എന്നന്വേഷിച്ചപ്പോള്‍ അത് തന്റെ മന്ത്രിസഭയിലെ ഒരു പ്രമുഖ അംഗത്തിന്റേതാണെന്നു ബോധ്യമായി. സുല്‍ത്താന്‍ തന്റെ കാര്‍ തിരിച്ചുവിടാന്‍ ആജ്ഞാപിച്ചു. വീട്ടിലെത്തിയ ഉടന്‍ ആദ്യം പുറപ്പെടുവിച്ച ഉത്തരവ് മന്ത്രിയെ പിരിച്ചുവിടാനായിരുന്നു. പിറ്റേന്നുതന്നെ മന്ത്രിയുടെ നിയമംലംഘിച്ചു നിര്‍മ്മിച്ച കൊട്ടാരം നിലംപൊത്തി. അനധികൃത നിര്‍മ്മാണങ്ങള്‍ തുടക്കത്തില്‍ത്തന്നെ തടയാന്‍ നമുക്കും സുല്‍ത്താന്‍ മാതൃകയില്‍ ഒരു സംവിധാനം വേണ്ടേ?

എങ്കില്‍ പൊളിക്കലിന്റെ കെട്ടുകാഴ്ചകളൊരുക്കാന്‍ മരടിലെപ്പോലെ ഏഡിഫൈസിനെയും ജെറ്റ് ഡിമോളിഷനേയും നമുക്ക് ആനയിക്കേണ്ടിവരുമായിന്നോ! എന്നാല്‍ ഈ കമ്പനികളെയൊന്നും വിളിക്കാതെ മരട് ഫ്ലാറ്റ് തകര്‍ക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ വിളിക്കരുതായിരുന്നോ എന്ന് ദേവികയ്ക്ക് മുഖ്യമന്ത്രി പിണറായിയോട് എളിയ ഒരു ചോദ്യമുണ്ട്! അതിശക്തമായിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ക്ഷണനേരം കൊണ്ട് പപ്പടംപോലെ പൊടിച്ച് മാലോകരുടെ കയ്യില്‍തന്ന നിര്‍മ്മല അമ്മാളുടെ പരിചയ സമ്പത്തിനെയെങ്കിലും നമുക്കു മുതലാക്കാമായിരുന്നില്ലേ. ഇനിയും വരുന്നുണ്ട് കാപികോ സപ്ത നക്ഷത്ര റിസോര്‍ട്ട്. പിന്നീട് അറുന്നൂറോളം ഫ്ലാറ്റ് സമുച്ചയങ്ങള്‍. ഇവയെല്ലാം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെപ്പോലെ കണ്ണിമ വെട്ടുന്ന സമയത്തിനുള്ളില്‍ പൊളിച്ചടുക്കാനുള്ള കരാര്‍ നിര്‍മ്മല സീതാരാമന് അടങ്കല്‍ നല്‍കണമെന്ന് അപേക്ഷയുണ്ട്. ആരാന്റെ കുട്ടിയുടെ പിതൃത്വം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ ഏറ്റെടുക്കുന്ന ചിലരുണ്ട്. അവരൊക്കെ സാദാ മനുഷ്യരുമായിരിക്കും. എന്നാല്‍ സെലിബ്രിറ്റികളും എട്ടുകാലി മമ്മൂഞ്ഞുമാരായാല്‍ യഥാര്‍ത്ഥ തന്തമാര്‍ ചുറ്റിപ്പോവുകയേയുള്ളു. ഏഷ്യാനെറ്റിന്റെ ‘ബിഗ് ബോസ്’ എന്ന ജനപ്രിയ പരിപാടി നയിക്കുന്നത് മെഗാസ്റ്റാറും പത്മശ്രീയും ഒക്കെയായ സാക്ഷാല്‍ മോഹന്‍ലാല്‍. ഈ പരിപാടിയിലെ ഒരു എപ്പിസോഡില്‍ നടന്‍ ധര്‍മ്മജന്‍ ‘മാതളത്തേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യകുയിലാളെ’ എന്ന പാട്ടുപാടുന്നു, എന്നിട്ട് മോഹന്‍ലാല്‍ ഒരു ചോദ്യം; ഈ പാട്ട് പാടിയതാരാണെന്നു ധര്‍മ്മനറിയാമോ? ഇല്ലെന്നു ധര്‍മ്മജന്‍. ഇതു ഞാന്‍ പാടിയ പാട്ടാണെന്നു മോഹന്‍ലാല്‍ പറഞ്ഞതോടെ സദസില്‍ നിന്ന് കനത്ത കയ്യടി. യഥാര്‍ത്ഥത്തില്‍ ആ പാട്ടു പാടിയത് പ്രശസ്ത ഗായകന്‍ വി ടി മുരളിയാണ്. ഇതു കേട്ട മുരളി പ്രതികരിച്ചത് ‘പാവപ്പെട്ട ഒരു പാട്ടുകാരന്റെ പിച്ചച്ചട്ടിയില്‍ മോഹന്‍ലാല്‍ കയ്യിട്ടു വാരരുതേ’ എന്നായിരുന്നു. ലാലിനെ എട്ടുകാലി മമ്മൂഞ്ഞെന്ന് മുരളി വിളിക്കാത്തത് അദ്ദേഹത്തിന്റെ മാന്യതകൊണ്ടാവാം. എങ്കിലും കാര്യമറിയാവുന്ന പ്രേക്ഷകര്‍ ഇനി വിളിക്കും, എട്ടുകാലിലാലേ എന്ന്!

Eng­lish sum­ma­ry: The strange mind of the enlight­ened Malay­ali