പ്രത്യേക ലേഖകൻ

ന്യൂഡൽഹി

June 13, 2020, 9:46 pm

സിഎഎ പ്രതിഷേധം; മുസ്‌ലിങ്ങളെ കേസിൽ കുടുക്കുന്ന തന്ത്രം തുടരുന്നു

Janayugom Online

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ മുസ്‌ലിങ്ങളെ കേസിൽ കുടുക്കുന്ന മോഡി സർക്കാരിന്റെ തന്ത്രം തുടരുന്നു. വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന് മുസ്‌ലിങ്ങളാണ് ഉത്തരവാദികൾ എന്ന് ചിത്രീകരിക്കുന്ന വിധത്തിലുള്ള കുറ്റപത്രങ്ങളാണ് ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം കോടതിയിൽ സമർപ്പിച്ചത്. രാജ്യത്തിന്റെ മതേതര സ്വഭാവം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രത്യേക മതവിഭാഗമാണ് കലാപങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ഡൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കൊലപാതകത്തിൽ 17 മുസ്‌ലിങ്ങളെയാണ് പ്രതിയാക്കിയിട്ടുള്ളത്. കലാപത്തിനിടെ നടന്ന ഷഹീദ് എന്ന യുവാവിന്റെ കൊലപാതകത്തിൽ ആറ് മുസ്‌ലിങ്ങളെ പ്രതിയാക്കിയതാണ് രണ്ടാമത്തെ കുറ്റപത്രം. മറൂഫ് അലി എന്ന മുസ്‌ലിം യുവാവിന്റെ കൊലപാതകത്തിൽ ആറ് ഹിന്ദുക്കൾക്കെതിരെയാണ് കുറ്റപത്രം.

അജയ് ഗോസ്വാമി വധശ്രമ കേസിൽ എഎപി നേതാവായ താഹിർ ഹുസൈൻ ഉൾപ്പെടെ എട്ട് മുസ്‌ലിങ്ങളെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതു മുതലുള്ള സംഭവങ്ങളിൽ മുസ്‌ലിങ്ങളെ പഴിചാരുന്ന വിധത്തിലുള്ള വിവരണങ്ങളാണ് കുറ്റപത്രങ്ങളിൽ ഡൽഹി പൊലീസ് ഉൾപ്പെടുത്തിയിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളുടെ മറവിലാണ് കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ ബിജെപി നേതാവായ കപിൽ മിശ്രയുടെ കൊലവെറി പ്രസംഗത്തെ വെള്ളപൂശാനും ഡൽഹി പൊലീസ് മറന്നില്ല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനെ തുടർന്നുള്ള കലാപത്തിലാണ് രത്തൻ ലാൽ കൊല്ലപ്പെട്ടത്.

തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് ശക്തമായ പ്രതിഷേധവും ഗതാഗത തടസവും ഉണ്ടായി. ഇതാണ് വർഗീയ കലാപത്തിന് കാരണമായത്. ഷഹീദ് എന്ന യുവാവിന്റെ കൊലപാതകത്തിൽ ആറ് മുസ്‌ലിങ്ങൾക്കെതിരെ കൊലപാതകം, ലഹളയുണ്ടാക്കൽ, ക്രിമിനൽ ഗൂഢാലോചന, ആയുധ നിയമം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കലാപകാരികളിൽ ഉൾപ്പെട്ട ഷഹീദ് സ്വന്തം ആൾക്കാർ നടത്തിയ അക്രമത്തിലാണ് കൊല്ലപ്പെട്ടത്. പ്രതിഷേധ സ്ഥലത്തിനടുത്തുള്ള വസീരാബാദ് റോഡിലെ സപ്തർഷി കെട്ടിടത്തിൽ അക്രമികൾ ഇരച്ചുകയറി. പിന്നീട് കെട്ടിടത്തിന്റെ ടെറസിൽ നിന്നും നിറയൊഴിച്ചു.

ഇതിലാണ് ഷഹീദ് കൊല്ലപ്പെട്ടതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ജനക്കൂട്ടത്തിനിടയിൽ നിന്നാണ് ഷഹീദിന് വെടിയേറ്റതെന്ന സാക്ഷി മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എഎപി നേതാവായിരുന്ന താഹിർ ഹുസൈന്റെ ആഹ്വാനപ്രകാരം നടന്ന വെടിവയ്പ്പിലാണ് അജയ് ഗോസ്വാമിക്ക് പരിക്കേറ്റത്. താഹിർ ഹുസൈന്റെ വീട്ടിന്റെ പുറത്തുനിന്നാണ് ഗോസ്വാമിക്ക് വെടിയേറ്റത്. ഗുൾഫാം, തൻവീർ എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് ഗോസ്വാമി മൊഴി നൽകിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. വെടിയുണ്ടകൾ വാങ്ങുന്നതിന് താഹിർ ഹുസൈൻ 15,000 രൂപ നൽകി. ഈ പണം ഉപയോഗിച്ച് ഗുൾഫാം 100 റൗണ്ട് വെടിയുണ്ടകൾ വാങ്ങി. നേരത്തെയുണ്ടായിരുന്ന നൂറ് റൗണ്ടുകൾ ഉൾപ്പെടെ 197 റൗണ്ടുകളാണ് ഗുൾഫാം ലഹളയ്ക്കിടെ ഉപയോഗിച്ചത്.

ബാക്കിയുള്ള ഏഴ് റൗണ്ടുകൾ ഗുൾഫാമിന്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. താഹിർ ഹുസൈന്റെ നേതൃത്വത്തിൽ വൻതോതിലുള്ള ലഹളകൾക്കാണ് മുസ്‌ലിം വിഭാഗം ആസൂത്രണം ചെയ്തതെന്ന് വരുത്തി തീർക്കുന്നതാണ് കഴിഞ്ഞ ആഴ്ച കോടതിയിൽ സമർപ്പിച്ച കുറ്റപത്രം. യു എസ് പ്രസിഡന്റ് ട്രംപിന്റെ സന്ദർശത്തിനിടെ ബോധപൂർവം ലഹളകൾ സൃഷ്ടിക്കാൻ മുസ്‌ലിങ്ങൾ ശ്രമിച്ചുവെന്ന് വരുത്തി തീർക്കുന്നതാണ് കുറ്റപത്രം.

Eng­lish sum­ma­ry; The strat­e­gy of pros­e­cut­ing Mus­lims continues

you may also like this video;