Web Desk

January 04, 2020, 10:02 pm

പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണമാകും

Janayugom Online

കെ പി രാജേന്ദ്രൻ ജനറൽ സെക്രട്ടറി, എഐടിയുസി

കേന്ദ്ര തൊഴിലാളി സംഘടനകള്‍ ജനുവരി എട്ടി­ന് പ്രഖ്യാപിച്ച 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണമായിരിക്കും. തൊഴിലാളികളും കേന്ദ്ര‑സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരും അധ്യാപകരും സംഘടിത‑അസംഘടിത മേഖലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും മുഴുവന്‍ തൊഴിലാളികളും ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാകുകയാണ്. കേരളത്തിലെ പത്ര‑മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരും തൊഴിലാളികളും എല്ലാം ഇതിനകം തന്നെ പണിമുടക്ക് സമരത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കേന്ദ്ര ട്രേഡ് യൂണിയനുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന യൂണിയനുകളും ചേര്‍ന്ന 21 തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കേന്ദ്ര‑സംസ്ഥാന ഗവ­ണ്‍മെന്റ് ജീവനക്കാരുടെ എല്ലാ സംഘടനകളും (ബിജെപിയോട് ചായ്‌വ് പുലര്‍ത്തുന്ന ചില ചെറിയ സംഘടനകള്‍ ഒഴിച്ച്) പണിമുടക്കിന്‌‍ നോട്ടീസ് കൊടുത്തു. ബസ്, എല്‍ഐസി, ഇന്‍ഷുറന്‍സ്, പിഎഫ്, ഇഎസ്ഐ തുടങ്ങിയ സ്ഥാപനങ്ങളിലെ സംഘടനകളും പണിമുടക്കിനുള്ള തയാറെടുപ്പിലാണ്.

ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 30ന് പാര്‍ലമെന്റ് വീഥിയില്‍ നടന്ന പൊതു തൊഴിലാളി കണ്‍വന്‍ഷനാണ് 13 ആവശ്യങ്ങള്‍ പൊതു പണിമുടക്കിന് ആധാരമായി മുന്നോട്ടുവച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുക, രാജ്യത്തെ മുഴുവന്‍ ജീവനക്കാരുടെയും മിനിമം കൂലി 21000 രൂപ (പ്രതിദിനം 700 രൂപയാക്കുക, റയില്‍വേ സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക, സാര്‍വത്രിക സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക, പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാതിരിക്കുക, തൊഴിലെടുക്കുന്നവര്‍ക്ക് മിനിമം 9000 രൂപ പെന്‍ഷന്‍ നല്‍കുക, വിലക്കയറ്റം നിയന്ത്രിക്കുക, തൊഴിലവസരം വര്‍ധിപ്പിക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുക, സ്ഥിരം തൊഴില്‍ ലഭ്യമായ മേഖലയില്‍ കോണ്‍ട്രാക്ട് തൊഴില്‍ രീതി അവസാനിപ്പിക്കുക, എല്ലാവര്‍ക്കും ശമ്പളത്തിന്റെ ആനുപാതികമായി ബോണസ് നല്‍കുക, തൊഴില്‍ സംഘടനയ്ക്ക് അംഗീകാരം നല്‍കുവാന്‍ 45 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തയാറാവുക, തൊഴില്‍ നിയമങ്ങള്‍ ഏകപക്ഷീയമായി ഭേദഗതി ചെയ്യരുത് എന്നിവയാണ് പണിമുടക്കിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ.

കഴിഞ്ഞ മൂന്നുമാസമായി തൊഴിലാളി സംഘടനകള്‍ പണിമുടക്ക് വിജയിപ്പിക്കുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടത്തിവരുന്നു. മേഖല ജാഥകൾക്കുശേഷം പ്രാദേശിക തല ജാഥകൾ‍ പൂർത്തീകരിച്ചു. തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതുള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയും സഹകരണവും ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പണിമുടക്ക് ദിവസം മുഴുവന്‍ തൊഴിലാളികളും ജീവനക്കാരും കുടുംബമായി നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ അണിനിരക്കും. രാവിലെ മുതല്‍ വെെകുന്നേരം വരെ തെരുവുകളെ സജീവമാക്കിക്കൊണ്ട് പണിമുടക്ക് സമരം ഏറ്റവും ശക്തവും ഉജ്ജ്വലവുമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മുന്‍ പണിമുടക്കുകളില്‍ പങ്കെടുക്കാതിരുന്ന ഒരു വലിയ വിഭാഗം ജീവനക്കാരും തൊഴിലാളികളും പണിമുടക്കില്‍ പങ്കാളികളാകുന്നു എന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ബിഎംഎസ് ഔദ്യോഗികമായി സംയുക്ത പ്രക്ഷോഭത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നുണ്ട്. എന്നാലും അവരോടൊപ്പമുള്ള മുഴുവന്‍ തൊഴിലാളികളും പണിമുടക്കും എന്നുറപ്പാണ്.

ട്രേഡ്‌യൂണിയന്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നിര്‍ദിഷ്ട പൗരത്വ നിയമ ഭേദഗതികള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വളര്‍ന്നുവരുന്ന ജനകീയ മുന്നേറ്റത്തോടൊപ്പം തൊഴിലാളികളും കെെകോര്‍ക്കുകയാണ്. പണിമുടക്കിനോടൊപ്പം തൊഴിലാളി സംഘടനകള്‍ യോജിച്ച് ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തികൊണ്ടുവരുന്നു. ഈ പ്രക്ഷോഭം ദേശാഭിമാനപരമാണ്. രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്. ഈ സാഹചര്യത്തില്‍ പണിമുടക്ക് ഐതിഹാസികമാകുമെന്നുറപ്പാണ്. ഇന്ത്യയിലെ മുഴുവന്‍ കൃഷിക്കാരും പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിടുണ്ട്. ഡല്‍ഹിയില്‍ ചേര്‍ന്ന 220 കര്‍ഷക സംഘടനകളുടെ കണ്‍വന്‍ഷന്‍ ഗ്രാമീണ കര്‍ഷക ബന്ദിനും ആഹ്വാനം ചെയ്തിരിക്കുകയാണ്. തൊഴിലാളി-കര്‍ഷക ഐക്യവും യോജിപ്പും വലിയൊരു ബഹുജന മുന്നേറ്റത്തിന്റെ പ്രകടനമാകും.