June 5, 2023 Monday

ഐക്യത്തിന്റെ കരുത്തുകാട്ടി നിയമസഭയുടെ പ്രത്യേക സമ്മേളനം

Janayugom Webdesk
January 1, 2020 10:16 pm

എ കെ ബാലൻ 
                            പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി

2019ലെ അവസാന ദിനമായ ഡിസംബർ 31ന് ചേർന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം രാഷ്ട്രീയകേരളത്തിന്റെ ചരിത്രത്തിൽ അവിസ്മരണീയ സംഭവമായി രേഖപ്പെടുത്തും. 126-ാം ഭരണഘടനാ ഭേദഗതി ബിൽ 10 വർഷത്തേക്കു കൂടി ബാധകമാക്കാനായി പാർലമെൻറ് പാസാക്കിയ ബില്ലിന് അംഗീകാരം നൽകാനുള്ള പ്രമേയമാണ് ആദ്യം മുഖ്യമന്ത്രി അവതരിപ്പിച്ചത്. നിയമനിർമാണ സഭകളിലും സർക്കാർ സർവീസിലും പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കുള്ള സംവരണം 10 വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാണിത്. ഇതുവഴി 2030 ജനുവരി 25 വരെ പട്ടികജാതി പട്ടികവർഗ സംവരണത്തിന് പ്രാബല്യമുണ്ടാകും.

സ്വാതന്ത്യ്രം കിട്ടി 72 വർഷം കഴിഞ്ഞിട്ടും ഇതര സമൂഹത്തോടൊപ്പം ഈ അടിസ്ഥാന വിഭാഗത്തിന് എത്താൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഔദ്യോഗിക സംവിധാനത്തിന്റെ സഹായത്തോടെ ഈ വിഭാഗത്തിനെതിരായ ആക്രമണം പൂർവാധികം ശക്തിയായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ആ വിഭാഗങ്ങൾക്കുള്ള സംവരണത്തിന്റെ കാലാവധി ദീർഘിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് നൽകുന്ന സാമൂഹ്യ സാമ്പത്തിക സംവരണങ്ങൾ കേന്ദ്ര സർക്കാർ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ സ്ഥിതി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഏറെ മുന്നോട്ടു പോയിട്ടുണ്ടെങ്കിലും മറ്റ് ഇതര സമൂഹത്തോടൊപ്പം എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. സുസ്ഥിര വികസനം ഉറപ്പുനൽകുന്ന ശ്രദ്ധേയമായ ഒട്ടേറെ പരിപാടികൾക്ക് പിണറായി ഗവണ്മെന്റ് രൂപം കൊടുത്തു എന്നത് ഈ മേഖലയിൽ വലിയ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ പാസാക്കിയ ബില്ലിന് ഭൂരിപക്ഷം സംസ്ഥാനങ്ങളും അനുകൂലമായി പ്രമേയം പാസാക്കണമെന്നത് ഭരണഘടനാ വ്യവസ്ഥയാണ്. അതാണ് ഇവിടെ നിർവഹിച്ചത്. ഭരണ‑പ്രതിപക്ഷഭേദമെന്യേ ഏകകണ്ഠമായാണ് പ്രമേയം അംഗീകരിച്ചത്.

ആംഗ്ലോ-ഇന്ത്യൻ വിഭാഗത്തിന് നാളിതുവരെ ലഭിച്ചിരുന്ന പ്രാതിനിധ്യം ഇല്ലാതാക്കിയ കേന്ദ്ര സർക്കാറിന്റെ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതായിരുന്നു രണ്ടാമത്തെ പ്രമേയം. ഇത് ന്യൂനപക്ഷ വിഭാഗത്തോടുള്ള ബിജെപി ഗവണ്മെന്റിന്റെ സമീപനത്തിന്റെ ഭാഗമാണ്. ഈ പ്രതിഷേധ പ്രമേയവും ഏകകണ്ഠമായി അംഗീകരിച്ചു.

ജനവിരുദ്ധവും ജനാധിപത്യ‑മതനിരപേക്ഷ മൂല്യങ്ങൾ തകർക്കുന്നതുമായ ദേശീയ പൗരത്വ ഭേദഗതി ബിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു മൂന്നാമത്തെ പ്ര­മേയം. ഈ പ്രമേയവും ഏകകണ്ഠമായാണ് പാസാക്കിയത്. ബിജെപി അംഗം വോട്ടിംഗ് സമയത്ത് പ്രമേയത്തിന് എതിരായി വോട്ട് ചെയ്തില്ല എന്നത് ഏറെ ശ്രദ്ധേയമായിരുന്നു. ഈ മൂന്നു ബില്ലും അവതരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രമേയത്തിന്റെ ചർച്ചയിൽ മുഖ്യമന്ത്രിയടക്കം 20 പേരാണ് പങ്കെടുത്തത്. പ്രമേയം അവതരിപ്പിച്ചും ചർച്ചക്ക് മറുപടി പറഞ്ഞും മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങൾ ശ്രദ്ധേയമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗിലെ ഡോ. എം കെ മുനീറും നടത്തിയ പ്രസംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മറ്റംഗങ്ങൾ നടത്തിയ പ്രസംഗങ്ങളുടെ ഉള്ളടക്കവും കേരള നിയമസഭാ ചരിത്രത്തിലെ അത്യപൂർവ അനുഭവമായി.

ആർഎസ്എസ് ‑സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളികളെ ആഴത്തിൽ അപഗ്രഥിച്ച് പഠിച്ച് അവതരിപ്പിക്കപ്പെട്ട ഈ രൂപത്തിലുള്ള ഒരു രംഗം നിയമസഭയിൽ ഇന്നേവരെ ഉണ്ടായിട്ടില്ല. 2019 ഡിസംബർ 31 നു നടന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം അക്ഷരാർത്ഥത്തിൽ നിയമനിർമാണ വേദിയിൽ ഇന്ത്യക്കു മാതൃക സൃഷ്ടിച്ചു. ഒരു മതരാഷ്ട്ര സൃഷ്ടിക്കു വേണ്ടി ആർഎസ്എസ് എങ്ങനെയാണ് ഇന്ത്യയെ രൂപപ്പെടുത്തുന്നതെന്നതിന്റെ വ്യക്തമായ ചിത്രങ്ങളായിരുന്നു ഓരോ പ്രസംഗവും. ആർഎസ്എസിന്റെ ഒളിപ്പിച്ചുവച്ച അജണ്ട ബിജെപി നടപ്പാക്കുന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെയായിരുന്നുവെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ച് പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്ലിൽ നിന്ന് വ്യക്തമാണ്. ഇത് കേവലം ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലിങ്ങൾക്കെതിരായ നീക്കം മാത്രമല്ല. നാളെ ക്രിസ്ത്യൻ സമൂഹത്തിനും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർക്കുമെതിരായ ഉന്മൂലനപദ്ധതിയുടെ ഭാഗമായി ഇത് മാറിയേക്കാം. ഈ വിഭാഗങ്ങൾ മാത്രമല്ല, രാജ്യത്തെ സകല ജനാധിപത്യ‑മതനിരപേക്ഷ വിഭാഗങ്ങൾക്കുമെതിരായ കടന്നാക്രമണത്തിന്റെ തുടക്കം കൂടിയാണിത്.

ഇന്ത്യൻ ഭരണഘടനയുടെ പൊതുസ്വഭാവത്തിനും മൗലികാവകാശവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 13,14,15 എന്നിവക്കുമെതിരായ കോടാലിയാണ് പൗരത്വ ഭേദഗതി ബിൽ. ഇത് വ്യക്തമാക്കുന്നതായിരുന്നു വി ഡി സതീശൻ, ഷാഫി പറമ്പിൽ, എം സ്വരാജ്, ജെയിംസ് മാത്യു, എ എൻ ഷംസീർ തുടങ്ങിയവരുടെ പ്രസംഗങ്ങൾ. ഇതുകേട്ട് ശ്വാസംമുട്ടുന്ന അവസ്ഥയിലായിരുന്നു ബിജെപി പ്രതിനിധി ഒ രാജഗോപാൽ.

മുസ്ലിം ജനവിഭാഗത്തെ ബോധപൂർവം ഒഴിവാക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ നയമാണ്.പൗരത്വ ഭേദഗതി നിയമത്തിനു പിന്നാലെ സർക്കാർ അവതരിപ്പിക്കാൻ പോകുന്ന പൗരത്വ രജിസ്ട്രേഷൻ ബിൽ നിയമമായാൽ അത് എങ്ങനെ മുസ്ലിം ജനവിഭാഗത്തെ ബാധിക്കുമെന്ന്വ്യക്തമാണ്. ഇതിന്റെ ഭാഗമായി നടക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്ററും ഉന്നം വയ്ക്കുന്നത് എന്താണെന്നും വ്യക്തം. ഇതൊരു അജണ്ടയാണ്. ബാബറി മസ്ജിദ് പ്രശ്നത്തിന് ശേഷം നടന്ന ഗുജറാത്ത് കൂട്ടക്കൊലയും ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതും മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതും പൗരത്വ ഭേദഗതി ബില്ലും ക്രമാനുഗതമായ ദുഷിച്ച ഒരു ബോധത്തിന്റെ സ്വാഭാവിക പരിണാമമാണ്. ഈ പരിണാമം ഏതു ദിശയിലേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കുമെന്ന ആശങ്കയിൽ രൂപപ്പെട്ട നല്ല മനസുകളുടെ കൂട്ടായ്മയാണ് ഭരണ‑പ്രതിപക്ഷ ഭേദമെന്യേ യോജിപ്പിനുള്ള അന്തരീക്ഷം കേരളത്തിൽ സൃഷ്ടിച്ചത്. അത് ഇന്ത്യക്കു മാതൃകയാവുകയും ചെയ്തു.

1938 ലാണ് ആർഎസ്എസിന്റെ ദാർശനിക പ്രമുഖൻ എം എസ് ഗോൾവാൾക്കർ പൗരത്വത്തെ സംബന്ധിച്ച് സൂചിപ്പിച്ചത്. അത് ഇങ്ങനെയായിരുന്നു, ‘The non-Hin­du in Hin­dus­tan must either adopt the Hin­du reli­gion or may stay in the coun­try whol­ly sub­or­di­nate to the Hin­du Nation claim­ing noth­ing ‘deserv­ing no pre­vileges’ far less and pref­er­en­tial treat­ment not even cit­i­zen’s right’. ‘നാം അഥവാ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു’ (We or our Nation hood defined) എന്ന ഈ പുസ്തകമാണ് ആർഎസ്എസിന്റെ അടിസ്ഥാന ആശയം രൂപപ്പെടുത്തിയത്. ഇതാണ് പൗരത്വത്തിന് അടിസ്ഥാനമെന്ന് വ്യക്തമാക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ.

ഈ ബില്ലുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി സമിതിയുടെ മുമ്പാകെ മുൻ ലോക്‌സഭാ സെക്രട്ടറിയും ഭരണഘടനാ വിദഗ്ധനുമായ സുഭാഷ് കശ്യപ് ഒരു നിർദേശം മുന്നോട്ടുവെച്ചിരുന്നു. ഭേദഗതി ബില്ലിൽ ഹിന്ദു, സിഖ്, പാഴ്സി തുടങ്ങിയ ഒരു തരത്തിലുള്ള മത പരാമർശവും നടത്താതെ, ‘മതപീഡനത്തെ തുടർന്ന് നാടുവിടേണ്ടിവന്നവർക്ക്’ എന്ന് മാത്രം മതിയെന്നായിരുന്നു കശ്യപ് നിർദേശിച്ചിരുന്നത്. ഈ വ്യവസ്ഥ അംഗീകരിച്ചിരുന്നുവെങ്കിൽ മതവിവേചനമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന വിധത്തിൽ അർഹതപ്പെട്ടവർക്ക് സംരക്ഷണം ലഭിക്കുമായിരുന്നു.

മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഇടപെടലാണ് ഇതിനു വഴിയൊരുക്കിയത്. ഡിസംബർ 16 നു രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ഭരണ‑പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും യോജിച്ചു നടത്തിയ സത്യഗ്രഹമാണ് തുടക്കമായത്. ഇതിന്റെ തുടർച്ചയായി രാഷ്ട്രീയപാർട്ടി നേതാക്കൾ, മത മേലധ്യക്ഷർ, വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികൾ എന്നിവരുടെ യോഗം ഡിസംബർ 29 ന് മസ്കറ്റ് ഹോട്ടലിൽ നടന്നു. തുടർന്നാണ് ഡിസംബർ 31 ന്റെ പ്രത്യേക നിയമസഭാ സമ്മേളനം ചേർന്നത്.

ഇതിനൊരു മറുപുറം കൂടിയുണ്ട്. പൗരത്വ ഭേദഗതി ബിൽ അടക്കമുള്ള കാര്യങ്ങൾ, ഹിന്ദുക്കളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണെന്ന തെറ്റായ ഒരു പ്രചാരണം നടക്കുന്നു. ഇത് മുസ്ലിം സമുദായത്തിനെതിരായി മാത്രമുള്ളതാണെന്ന പ്രചാരണവുമുണ്ട്. ഈ രണ്ടു വിഭാഗത്തിലെയും തീവ്രവാദ സ്വഭാവമുള്ള സംഘടനകളും അതിനൊപ്പം നിൽക്കുന്ന പ്രവർത്തകരും ഈ പൊതുവികാരത്തെ മറ്റൊരു തരത്തിൽ വഴിതെറ്റിക്കാൻ ശ്രമിക്കും. ആ അപകടവും നല്ല വിധത്തിൽ തിരിച്ചറിയേണ്ടതുണ്ട്. ഈ സന്ദേശത്തോടുകൂടിയാണ് പ്രത്യേക നിയമസഭാ സമ്മേളനം പിരിഞ്ഞത്; അത് ചരിത്രത്തിന്റെ ഭാഗമായതും.

Eng­lish sum­ma­ry: The strong­hold of uni­ty Spe­cial assembly

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.