പ്രൊഫ. കെ അരവിന്ദാക്ഷൻ

January 21, 2020, 5:30 am

മതനിരപേക്ഷതക്കും ആസാദിക്കും യോജിച്ച സമരം അനിവാര്യം

Janayugom Online

ഒരുവശത്ത് ഇന്ത്യന്‍ ആഭ്യന്തര വകുപ്പു മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ അഹങ്കാരവും മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിവരക്കേടും ഉളുപ്പില്ലായ്മയും ചേര്‍ന്നപ്പോള്‍ ഇന്ത്യയുടെ പൗരത്വ നിര്‍ണയ പ്രക്രിയ മതനിരപേക്ഷ ഇന്ത്യയുടെ ഭരണഘടനയെയും ജനാധിപത്യവ്യവസ്ഥയെയും ലോക രാജ്യങ്ങള്‍ക്കിടയില്‍ അപഹാസ്യമാക്കി എന്നതാണ് ഇന്നത്തെ അവസ്ഥ. പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള മാനദണ്ഡമായി പ്രധാനമന്ത്രി മോഡിയുടെ അഭിപ്രായത്തില്‍ അതിലേക്കായി പരിഗണിക്കപ്പെടുന്ന വ്യക്തിയുടെ വസ്ത്രധാരണ രീതി നോക്കിയാല്‍ മതിയാകുമെന്നാണ്. ഇത്തരമൊരു അഭിപ്രായ പ്രകടനത്തില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു? ഏതായാലും മോഡിയോട് ഇക്കാര്യത്തില്‍ ഒരു മറുചോദ്യവുമായി ബംഗളുരു നഗരത്തിലെ ഒരുകൂട്ടം യുവജനങ്ങള്‍ പര്‍ദ്ദയണിഞ്ഞ് പൊട്ടുതൊട്ട് സിഎഎക്കെതിരായി സമരരംഗത്തുവരുകയുണ്ടായി. വസ്ത്രധാരണം കൊണ്ട് ഞങ്ങളെ താങ്കള്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ? ഇതായിരുന്നു ചോദ്യം.

അമ്പേ പരാജയപ്പെട്ട ഡിമോണറ്റൈസേഷന്‍ പരിഷ്കാരത്തിന് അദ്ദേഹം ഉപദേശം തേടിയത് പൂന ആസ്ഥാനമായി പ്രവര്‍ത്തനം നടത്തിവരുന്ന ‘അ‍(ന)ര്‍ത്ഥക്രാന്തി സന്‍സ്ഥാന്‍’ എന്നൊരു സ്ഥാപനത്തെ ആയിരുന്നല്ലോ. ഇന്നിപ്പോളിതാ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി രൂപാന്തരപ്പെടുത്താന്‍ ലക്ഷ്യമിട്ട് മതനിരപേക്ഷതയില്‍ അധിഷ്ഠിതമായ രാജ്യത്തിന്റെ ഭരണഘടനയെ ഇല്ലാതാക്കുന്നതിലേയ്ക്ക് നയിക്കുന്നൊരു പ്രക്രിയക്കാണ് മോഡി-അമിത് ഷാ സഖ്യം ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഭേദഗതി ചെയ്യപ്പെട്ട ഇന്ത്യന്‍ പൗരത്വ നിയമത്തെ ന്യായീകരിക്കാന്‍ പ്രധാനമന്ത്രി ഉദ്ധരിക്കുന്നത്, കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഈ ഷാ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ ആത്മീയ മേധാവി സദ്ഗുരു ജഗ്ഗിവാസുദേവ് എന്ന വ്യക്തിയുടെ അഭിപ്രായമാണ്. ആഭ്യന്തര വകുപ്പുമന്ത്രി അമിത് ഷാ ഒരുപക്ഷെ സ്വപ്നത്തില്‍പോലും സങ്കല്‍പിച്ചിട്ടില്ലാത്തൊരു വിലയിരുത്തലാണ് ഈ ആത്മീയ ‘ആചാര്യന്‍’ സിഎഎ പറ്റി നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ നിയമം നടപ്പിലായാല്‍ മുസ്‌ലിം ജനതയ്ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് പ്രചരിപ്പിക്കുന്നതു സര്‍വകലാശാല വിദ്യാര്‍ത്ഥികളും അധ്യാപകരും രാഷ്ട്രീയ മുതലെടുപ്പിനായി ദുഷ്‌പ്രചരണം നടത്തിവരുന്ന ഏതാനും നേതാക്കളുമാണെന്നാണ്.

ഇത്തരമൊരു അബദ്ധ പ്രസ്താവന വീഡിയോവില്‍ വന്നയുടനെ സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരായി പരിഹാസ പ്രതികരണത്തിന്റെ ഒരു കുത്തൊഴുക്കാണുണ്ടായത്. ഒടുവില്‍ സദ്ഗുരു പ്രസ്താവന പിന്‍വലിച്ച് രക്ഷപ്പെടുകയാണുണ്ടായത്. എന്നാല്‍, അദ്ദേഹം ഒരു കാര്യം ഏറ്റുപറഞ്ഞു. ഞാന്‍ ഇതുവരെ നിയമം വായിച്ചിട്ടില്ലെന്നും പത്രറിപ്പോര്‍ട്ടുകള്‍ മാത്രമേ താന്‍ കണ്ടിട്ടുള്ളൂവെന്നും സമ്മതിക്കാനുള്ള മാന്യതയെങ്കിലും അദ്ദേഹം കാണിച്ചു. നമ്മുടെ പ്രധാനമന്ത്രിയാണെങ്കില്‍ ഇതൊന്നും കേട്ടഭാവം നടിക്കുകയോ താന്‍ ചെയ്തതും പറഞ്ഞതും ശുദ്ധ അബദ്ധമായിരുന്നു എന്ന് ഏറ്റുപറയുകയോ ഉണ്ടായിട്ടില്ല. നരേന്ദ്രമോഡിയുടെ ഈ നിലപാട് നമ്മെ അനുസ്മരിപ്പിക്കുന്നത് ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു വാക്യമാണ് — ‘ദി കിങ്ങ് കാൻ ‍ ഡു നോ റോങ്ങ്’ — അതായത് ‘രാജാവിന് ഒരിക്കലും തെറ്റുചെയ്യാനാവില്ല’. ഫോര്‍സ്റ്റാര്‍ പദവിയോടെ ഇന്ത്യന്‍ സര്‍വ സൈന്യാധിപനായി നിയമനം ലഭിക്കുന്നതിനും തലേന്നാള്‍ സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും നേര്‍വഴിക്കല്ലാ നയിക്കുന്നതെന്ന് അഭിപ്രായപ്പെട്ട വിപിന്‍ റാവത്ത് തന്റെ ഔദ്യോഗിക സ്ഥാനത്തിന് ചേര്‍ന്നൊരു പ്രസ്താവനയല്ലാ നടത്തിയതെങ്കിലും അത് മോഡി — അമിത് ഷാ — സംഘപരിവാര്‍ പ്രഭൃതികള്‍ക്ക് പ്രിയങ്കരമായതിനാല്‍ ഇവരാരും തന്നെ റാവത്തിനെതിരെ ‘കമാ’ എന്ന് ഉരിയാടിയില്ല.

മോഡി സര്‍ക്കാരിനും പൗരത്വനിയമത്തിനും എതിരായി ശബ്ദിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുകയും അവരെ പാകിസ്ഥാനിലേയ്ക്ക് അയക്കാന്‍ വെമ്പല്‍ക്കൊള്ളുകയും ചെയ്യുക മാത്രമല്ല, കൊച്ചിയില്‍ സിഎഎ വിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുത്ത യുവ സിനിമാ നടന്മാരെയും സാംസ്കാരിക, സാഹിത്യ പ്രവര്‍ത്തകരെയും ഐടി എന്‍ഫോഴ്സമെന്റ് ഉദ്യോഗസ്ഥരുടെ റെയ്ഡുകളുടെ പേരില്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘപരിവാര്‍ മാധ്യമ വക്താക്കള്‍ സന്ദീപ് വാര്യരും ബി ഗോപാലകൃഷ്ണനും മറ്റും വിപിന്‍ റാവത്തിന്റെയും സുരേഷ്ഗോപിയുടെയും പേരുകള്‍ ചാനൽ ചര്‍ച്ചകള്‍ക്കിടെ ഉയര്‍ന്നപ്പോള്‍ മറുപടിക്കായി വാക്കുകള്‍ കിട്ടാതെ കുഴങ്ങിപ്പോയതും നമുക്കറിയാം. ജമ്മു കശ്മീരിലെ കേന്ദ്ര ഇടപെടലിനെതിരായി പരസ്യപ്രസ്താവനകള്‍ നടത്തിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും യുവാവുമായ കണ്ണന്‍ ഗോപിനാഥിനെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കസ്റ്റഡിയിലാക്കിയത് ജനാധിപത്യത്തിന്റെ കാതലായ മൗലീകാവകാശത്തിന്റെ ലംഘനമാണ്. പിന്നീട് അദ്ദേഹം വിട്ടയക്കപ്പെട്ടു. ഏതായാലും ഒരു കാര്യം വ്യക്തമാണ്. പൗരത്വഭേദഗതി നിയമത്തിനെതിരായ പോരാട്ടം തുടരുകതന്നെ ചെയ്യും.

നിയമത്തെ സാധൂകരിക്കാന്‍ ഗൃഹ സന്ദര്‍ശനത്തിന് തിരിച്ച അമിത് ഷാക്ക് ഡല്‍ഹിയില്‍ ബിജെപിയുടെ ശക്തികേന്ദ്രമായ ലജ്പത് നഗറില്‍പോലും പരസ്യ പ്രതിഷേധം നേരിടേണ്ടിവരിക മാത്രമല്ല, അമിത് ഷായുടെ ആജ്ഞാനുവര്‍ത്തികളായ ഡല്‍ഹിയിലെ പൊലീസുകാര്‍ നോക്കിനില്‍ക്കേ എബിവിപി ‑സംഘപരിവാര്‍ ഗുണ്ടകളെന്ന് കരുതപ്പെടുന്ന നൂറോളം മുഖംമൂടി ധാരികള്‍ ജെഎന്‍യുവില്‍ ജനുവരി 5ന് രാത്രിയില്‍ അതിക്രമിച്ചു കയറുകയും ഹോസ്റ്റലുകളിലും ഗ്രന്ഥശാലകളിലും നിന്നിരുന്ന പെണ്‍കുട്ടികളെയും ജെഎന്‍യു യൂണിയന്‍ ഭാരവാഹികളായവരെ അതിക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കിയ രംഗങ്ങളും മാധ്യമങ്ങളില്‍ നാം കാണുകയുണ്ടായല്ലോ. ഗുരുതരമായ പരിക്കുകളോടെ സഫ്ദര്‍ ജങ്ങ് ആശുപത്രിയിലും എഐഐഎംഎസിലും ചികിത്സയിലായവരുടെ കൂട്ടത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റ് ഐഷിഘോഷ് ഉള്‍പ്പെടെയുള്ളവര്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കപ്പെടുകയായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ യോഗേന്ദ്ര യാദവ് പൊലീസ് മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികളുടെ രക്ഷകനായി എത്തിയതിനെ തുടര്‍ന്ന് പൊലീസ് നോക്കിനില്‍ക്കെ ഗുണ്ടകളുടെ ആക്രമണത്തിനിരയാവുകയും ചെയ്തു. ഗായത്രി ബാലുഷ എന്ന ജെഎന്‍യു വിദ്യാര്‍ത്ഥിനി ദൃശ്യമാധ്യമ ചര്‍ച്ചയില്‍ തുറന്നടിച്ചു പറഞ്ഞതെന്തെന്നോ? ജെഎന്‍യുവിലെ സബര്‍മതി ഹോസ്റ്റലിലെ അന്തേവാസികളായിരുന്ന കശ്മീരില്‍ നിന്നുള്ളവരുടെ മുറികള്‍ പ്രത്യേകം തെരഞ്ഞെടുത്ത് ആക്രമിക്കുകയായിരുന്നു എന്നാണ്.

എബിവിപി — ഹിന്ദു രക്ഷാദള്‍ ഗുണ്ടകള്‍ക്ക് ഈ മുറികള്‍ കണ്ടെത്താന്‍ ഹോസ്റ്റലിന്റെ ചുമതലക്കാരനായ പ്രോക്ടര്‍ ധനഞ്ജയ്സിങ്ങ് അവരെ സഹായിച്ചിരിക്കാമെന്നാണ് വിദ്യാര്‍ത്ഥി നേതാക്കളുടെ ശരിയായ നിഗമനം. ഇതിനൊക്കെ പ്രേരണയും പ്രോത്സാഹനവും നല്‍കിയത് ജെഎന്‍യു വൈസ് ചാന്‍സലര്‍ ഡോ. ജഗ്ദീശ് കുമാര്‍ തന്നെയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ ഉറച്ചുവിശ്വസിക്കുന്നത്. ഈ വി സിയുടെ ജെഎന്‍യുവില്‍ ഭൂരിപക്ഷ പിന്തുണയുള്ള മതനിരപേക്ഷ – ഇടതു വിദ്യാര്‍ത്ഥികള്‍ക്കെതിരായ മനോഭാവവും നയസമീപനങ്ങളും പൊടുന്നനെ ഉണ്ടായിരുന്നതല്ല. മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായ കനയ്യകുമാറിനെതിരായ സംഘപരിവാര്‍ ശക്തികളുടെയും അവരെ പിന്തുണച്ചിരുന്ന അഭിഭാഷകരുടെയും ബിജെപിയുടെ ആജ്ഞാനുവര്‍ത്തികളായ പൊലീസുകാരുടെയും വൈരനിര്യാതന ബുദ്ധിയോടെയുള്ള മര്‍ദ്ദനമുറകള്‍തന്നെ സാക്ഷ്യം വഹിക്കുന്നു. അന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായിരുന്ന (മനു) സ്മൃതി ഇറാനിയുടെ സഹായത്തോടെയാണ് ജെഎന്‍യുവിലെ വി സിയും രജിസ്റ്റാറും മറ്റും ഡ‍ല്‍ഹി പൊലീസുമായി ഗൂഢാലോചന നടത്തി കനയ്യകുമാര്‍ അടക്കമുള്ള നേതാക്കളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി വകവരുത്താന്‍ ശ്രമിച്ചത് ചരിത്രത്തിന്റെ ഭാഗമാണിന്ന്.

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും കനയ്യകുമാറിനും കൂട്ടര്‍ക്കും എതിരായി ഒരു എഫ്ഐആര്‍ തയ്യാറാക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. അന്നും ജെഎന്‍യു വി സി അടക്കമുള്ള അധികാരികള്‍ അക്രമികളായ എബിവിപി ഗുണ്ടകളെയും സംഘപരിവാറുകാരെയും രക്ഷിച്ചെടുക്കാനുള്ള വ്യഗ്രതയാണ് കാട്ടിയിരുന്നത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ജെഎന്‍യു വി സിയെ വിദ്യാര്‍ത്ഥികള്‍ ‘ആര്‍എസ്എസ് മുഖ്യന്‍’ എന്ന് വിശേഷിപ്പിക്കുന്നത്. സംഘപരിവാറുകാര്‍ പല പേരുകളിലാണല്ലോ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം നടത്തിവരുന്നത്. ഡല്‍ഹി ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ച് പൊലീസ് സംഘം നോക്കിനില്‍ക്കെ അന്‍പതോ അതിലധികമോ ഗുണ്ടകള്‍ ജെഎന്‍യു ഹോസ്റ്റലുകളില്‍ അതിക്രമിച്ചെത്തുകയും യൂണിയന്‍ ഭാരവാഹികളെ മാത്രമല്ല, സീനിയര്‍ പ്രൊഫസറായ ഡോ. സുചിത്രാ സെന്നിനെയും അതിക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്. ഈ ഗുണ്ടായിസത്തിനാവശ്യമായ നേതൃത്വവും ഒത്താശയും ചെയ്തുകൊടുത്തതും അതില്‍ പങ്കാളികളായതുമായ, തിരിച്ചറിയാന്‍ കഴിയുന്ന എബിവിപിക്കാരെ രക്ഷിച്ചെടുക്കാനായി ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റ് രംഗത്തെത്തിയിരിക്കുന്നത് യു പി മുഖ്യന്‍ ആദിത്യനാഥിന്റെ കൂടി പിന്തുണയോടെ ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്ന ഈ വിശ്വഹിന്ദു പരിഷത്തിന്റെ ആശയത്തില്‍ രൂപമെടുക്കുന്നതുമായ ഹിന്ദു രക്ഷാദള്‍ എന്ന തീവ്ര ഹിന്ദു സംഘടനയും അതിന്റെ അധ്യക്ഷന്‍ പിങ്കി ചൗധരിയുമാണ്.

ആം ആദ്മി നേതാവ് പ്രശാന്ത് ഭൂൂഷണെ യുപിയില്‍ വച്ച് ആക്രമിച്ച കേസിലും ഗാസിയാ ബാദ് കൗശംബിയിലെ ആ പാര്‍ട്ടിയുടെ ഓഫീസ് തച്ചുതകര്‍ത്ത കേസിലും ഈ ചൗധരി പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ജെഎന്‍യു കമ്മ്യൂണിസ്റ്റുകാരുടെ കൂടാരമാണെന്നും ഇത്തരം കൂടാരങ്ങളെല്ലാം രാജ്യദ്രോഹികളുടെ അഭയകേന്ദ്രങ്ങളാണെന്നും അവയെ അടിച്ചുതകര്‍ക്കുമെന്നും ഈ ഹിന്ദു ഗുണ്ടാ നേതാവ് ട്വിറ്റർ വീഡിയോയില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ട് ഭീഷണി മുഴക്കിയിട്ടും പൊലീസിന് അനക്കമില്ല. മറ്റൊരു ഹിന്ദു രക്ഷാദള്‍ നേതാവ് ഭൂപേന്ദ്ര തോമര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോവില്‍ അഭിപ്രായപ്പെട്ടതും ജെഎന്‍യു അടക്കമുള്ള എല്ലാ സര്‍വകലാശാലകളും അവയുടെ ഹിന്ദുവിരുദ്ധ, രാഷ്ട്രവിരുദ്ധ നിലപാടുകള്‍ തുടര്‍ന്നാല്‍ തകര്‍ത്തുകളയുമെന്നാണ്. അവര്‍ പ്രതികളെ തേടി സമയം പാഴാക്കുകയാണിപ്പോഴും. എന്നാല്‍, ഇതിനിടെ അവ­ര്‍ ഒരു കാര്യം ചെയ്യാന്‍ മറന്നില്ല. ഗുണ്ടാ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിനും 19 പേര്‍ക്കുമെതിരായി കേസ് ചാര്‍ജ് ചെയ്തിരിക്കുകയാണ്. 2020 ജനുവരി 4ന് ക്യാമ്പസിലെ സര്‍വർ റൂം അലങ്കോലപ്പെടുത്തിയെന്നും വാര്‍ഡനെ ആക്രമിച്ചു എന്നുമാണത്രെ കുറ്റങ്ങള്‍. ആഭ്യന്തര വകുപ്പുമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അനുവാദത്തോടെ രാജ്യ തലസ്ഥാനത്ത് ജെഎന്‍യുവിലും ജാമിയ മിലിയയിലും അലിഗഡിലും ബനാറസിലും സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ജാതി-മത‑പ്രാദേശിക വ്യത്യാസമില്ലാതെ പൗരത്വ നിയമത്തിനെതിരെ നടത്തിവരുന്ന പോരാട്ടം അടിച്ചമര്‍ത്താന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ നടത്തിവരുന്ന അക്രമങ്ങള്‍ക്കെതിരെ രോഷം പ്രകടിപ്പിക്കുന്നതോടൊപ്പം ജെഎന്‍യുവിലെ പ്രൊഫസര്‍ ഡോ. സി പി ചന്ദ്രശേഖര്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്നും രാജി സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു.

താന്‍ ചെയ്തുവരുന്ന ജോലിയില്‍ സത്യസന്ധമായ നിലപാടുകളെടുക്കാന്‍ മോഡി ഭരണത്തിനുകീഴില്‍ സാധ്യമല്ലെന്ന ചിന്ത കുറേയേറെ നാളുകളായി തന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്നതാണെന്നും, സ്വന്തം അക്കാദമിക്ക് സ്ഥാപനത്തില്‍ ഈയിടെ അരങ്ങേറിയ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇനിയും ഈ സര്‍ക്കാരുമായി പരോക്ഷമായ ബന്ധം പുലര്‍ത്തുന്നതുപോലും തെറ്റാണെന്ന് തോന്നിയതിനാലാണ് തന്റെ നടപടിയെന്ന് ഡോ. ചന്ദ്രശേഖര്‍ വ്യക്തമാക്കുകയുമാണ്. ജെഎന്‍യുവില്‍ അതിക്രമങ്ങള്‍ കാട്ടിയ ഗുണ്ടകളെ സമൂഹത്തില്‍ അഴിഞ്ഞാടാന്‍ വിടുകയും പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്കതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയ നടപടിയെ ആക്റ്റിവിസ്റ്റ് ജാവേദ് അക്തര്‍ ശക്തമായി അപലപിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോള്‍ പ്രമുഖ ബോളിവുഡ് നടി ദീപിക പദുകോണ്‍ ജെഎന്‍യുവില്‍ നേരിട്ടെത്തി, തന്റെ അനുഭാവം പ്രകടിപ്പിക്കുകയുമാണുണ്ടായിരിക്കുന്നത്. കണ്ണന്‍ ഗോപിനാഥനോടൊപ്പം മോഡി ഭരണത്തിന്റെ കശ്മീര്‍ നയം അടക്കമുള്ള ജനാധിപത്യവിരുദ്ധ മതനിരപേക്ഷ വിരുദ്ധ നടപടികളില്‍ മനംനൊന്ത് തമിഴ്‌നാട് കാഡര്‍ ഐഎഎസ് വൃന്ദത്തില്‍ നിന്നും രാജിവച്ച ശശികാന്ത് സെന്തില്‍, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി രൂപാന്തരപ്പെടുത്താനുള്ള മോഡി — അമിത് ഷാ കൂട്ടുകെട്ടിനെതിരായി രംഗത്തുവന്നിട്ടുള്ള മുഴുവന്‍ പ്രസ്ഥാനങ്ങള്‍ക്കും തന്റെ പിന്തുണ പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്.

മോഡി സര്‍ക്കാര്‍ ജയിലിലടച്ചാലും പൗരത്വം തെളിയിക്കുന്നതിനാവശ്യപ്പെടുന്ന രേഖകളൊന്നും ഹാജരാക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഈ യുവാവ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരരംഗത്തുണ്ടായിരുന്ന ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലാക്കിയ പൊലീസ് രോഗബാധിതനായ അദ്ദേഹത്തിന് വൈദ്യസഹായം നിഷേധിക്കുന്ന ഘട്ടമെത്തിയപ്പോള്‍ കോടതി ഇടപെടലുണ്ടാവുകയും ആള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണിപ്പോള്‍. രക്തം കട്ടിയാകുന്ന ‘പോളിസൈമീനിയ’ എന്ന മാരകമായ രോഗമാണ് ആസാദിനെ അടിയന്തര ശുശ്രൂഷയ്ക്കായി എയിംസ് ആശുപത്രിയിലാക്കിയിരിക്കുന്നത്. സിഎഎക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ സംഘപരിവാര്‍ എന്തു ഹീനകൃത്യത്തിനും തയ്യാറാകുമെന്നതിനുള്ള ദൃഷ്ടാന്തമാണ് ചന്ദ്രശേഖര്‍ ആസാദിന്റേത്. ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ഗൃഹസന്ദര്‍ശനത്തിനെത്തിയ ആഭ്യന്തര വകുപ്പു മന്ത്രി അമിത് ഷാക്കെതിരെ മുദ്രാവാക്യം മുഴക്കാന്‍ ധൈര്യം കാട്ടിയ മലയാളി അഭിഭാഷക സൂര്യ രാജപ്പനും സുഹൃത്തായ യുവതിക്കും വന്‍ ഭീഷണിയാണ് നേരിടേണ്ടിവന്നിരിക്കുന്നത്. വാടക വീട്ടില്‍ നിന്നും നിര്‍ബന്ധിച്ച് ഇറക്കിവിട്ടതിനു ശേഷമാണ് ഈ ഭീഷണി തുടരുന്നതെന്നും ഓര്‍ക്കുക. (അവസാനിക്കുന്നില്ല)