പോരാട്ടം തുടരണം

Web Desk
Posted on October 12, 2019, 11:30 pm

രാജ്യത്തിന്റെ സമ്പദ്‌വ്യസ്ഥയുടെ തിളക്കമെല്ലാം മറഞ്ഞ് മൂകമായ അവസ്ഥയിലാണ്. ഉപഭോക്തൃ ച്വേദനത്തിലുള്ള കുറവ് ഇതിനുള്ള പ്രകടമായ തെളിവാണ്. തൊഴിലില്ലായ്മയാണ് പ്രതിസന്ധി രൂക്ഷമാക്കാനുള്ള മറ്റൊരു സുപ്രധാനകാരണം. ഇതിന്റെ ഭാഗമായി സാധനങ്ങള്‍ വാങ്ങാനുള്ള ജനങ്ങളുടെ ശേഷിയില്‍ ഗണ്യമായ കുറവാണുണ്ടായത്. അവശ്യസാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയാതെ ജനങ്ങളുടെ ജീവിത ഗുണനിലവാരം പ്രതിസന്ധിയിലായി. ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയില്‍ ജനങ്ങള്‍ എത്തുന്നു. ഭക്ഷണ സാധനങ്ങളുടെ ലഭ്യതയിലുള്ള കുറവല്ല ഇതിനുള്ള കാരണം, മറിച്ച് അത് വാങ്ങാനുള്ള പണം ജനങ്ങളുടെ കൈകളിലില്ല. ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യുന്നവരുടെ അവസ്ഥയും മറിച്ചല്ല. അവരും പട്ടിണിയിലാണ്. ഭക്ഷ്യധാന്യങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. ഇടനിലക്കാര്‍ പറയുന്ന വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ വില്‍ക്കേണ്ട അവസ്ഥയിലാണ്. അവര്‍ ചെലവാക്കിയ തുകപോലും ലഭിക്കുന്നില്ല. കൃഷി ചെയ്യുന്നതിനായി വാങ്ങിയ വായ്പയും പലിശയും കുമിഞ്ഞുകൂടുന്നു. ഇതിന്റെ ഭാഗമായി കാര്‍ഷിക വൃത്തി ഉപേക്ഷിച്ച് ഇവര്‍ മറ്റ് തൊഴിലുകള്‍ തേടുന്നു. കാര്‍ഷിക മേഖലയിലെ വരുമാന കുറവ് നഗരങ്ങളിലേയ്ക്ക് തൊഴിലിനായി പലായനം ചെയ്യേണ്ട അവസ്ഥ സൃഷ്ടിക്കുന്നു.

കാര്‍ഷികേതര മേഖലകളും ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തില്‍ സര്‍ക്കാരിന്റെ മൂലധനചെലവ് 30 ശതമാനം കുറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ഇല്ലാത്തവിധം മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥതന്നെ ആകെ അവതാളത്തിലായ അവസ്ഥയിലെത്തി. ഓരോ സംസ്ഥാനത്തിന്റെയും സാമ്പത്തിക വരുമാന സ്രോതസുകള്‍ വ്യത്യസ്ഥമാണ്. അതുകൊണ്ടുതന്നെ തൊഴിലില്ലായ്മയും ഓരോ സംസ്ഥാനത്തും വ്യത്യസ്ഥമായ അവസ്ഥകളിലാണ്.

ഉല്‍പ്പാദനമേഖലയിലെ ബിഹാറിന്റെ പങ്ക് എട്ട് ശതമാനമായി കുറഞ്ഞു. ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം ഇത് 33 ശതമാനമായി പരിമിതപ്പെട്ടു. ഉല്‍പ്പാദന മേഖലയില്‍ തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ ബിഹാറിന്റെ പങ്ക് കേവലം ഒമ്പത് ശതമാനവും ഗുജറാത്തിന്റേത് 20 ശതമാനവുമായി നിജപ്പെട്ടു. തൊഴില്‍ നല്‍കുന്നതിനുള്ള ഈ കുറവ് വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചതായി വ്യവസായങ്ങളുമായി ബന്ധപ്പെട്ട വാര്‍ഷിക സര്‍വേ വ്യക്തമാക്കുന്നു. ഉല്‍പ്പാദനം, തൊഴില്‍ എന്നിവയുടെ കാര്യത്തില്‍ ഗുജറാത്ത്, മഹാരാഷ്ട്ര,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ പങ്ക് 30 ശതമാനമാണ്. നിക്ഷേപം ഗണ്യമായി കുറയുന്നതാണ് ഉല്‍പ്പാദന മേഖലയുടെ തകര്‍ച്ചയ്ക്കുള്ള മുഖ്യകാരണം. സമീപഭാവിയില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസം ഉല്‍പ്പാദന മേഖലയ്ക്ക് നഷ്ടമായി.

ഉല്‍പ്പാദനമേഖലയിലെ പ്രതിസന്ധി അടുത്തകാലത്ത് പരിഹരിക്കപ്പെടില്ലെന്ന അഭിപ്രായമാണ് ആര്‍ബിഐ നടത്തിയ സര്‍വേയില്‍ ഉല്‍പ്പാദന സ്ഥാപനങ്ങളുടെ മേധാവികള്‍ പ്രകടിപ്പിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന പദ്ധതികള്‍ പാതിവഴിയിലായി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിട്ട പദ്ധതികളുടെ അവസ്ഥയും മറ്റൊന്നല്ല. പണത്തിന്റെ ദൗര്‍ലഭ്യതയാണ് ഭൂരിഭാഗം പദ്ധതികളും പാതിവഴിയിലാകാനുള്ള കാരണം.

2008ല്‍ ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ധനികരുടെ പട്ടികയില്‍ റിലയന്‍സ് അധ്യക്ഷന്‍ അനില്‍ അംബാനിയുടെ പേര് ആറാം സ്ഥാനത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കമ്പനി പൂര്‍ണമായും തകര്‍ന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്ന സ്ഥാപനത്തില്‍ ആരംഭിച്ച പ്രതിസന്ധി റിലയന്‍സ് പവര്‍, റിലയന്‍സ് ഡിഫന്‍സ് എന്നീ കമ്പനികളെ ബാധിച്ചു. എസ്സാര്‍, സീ, ജയ്പീ, റാന്‍ബാക്‌സി, ജെറ്റ് എയര്‍വെയ്‌സ്, വീഡിയോകോണ്‍ എന്നീ കമ്പനികളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായി.  പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിധത്തിലുള്ള ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. നവഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതികളില്‍ പെട്ടപ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് പൊതുമേഖലാ ബാങ്കുകളായിരുന്നു. എന്നാല്‍ ഇന്ന് അതൊക്കെ സ്വകാര്യവല്‍ക്കരണത്തിന്റെ വക്കിലാണ്.

ഇപ്പോള്‍ രാജ്യം നേരിടുന്ന സാമ്പത്തിക വിനാശം തടയേണ്ടതാണ്. നേരത്തെ ഇത്തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ ശക്തമായി പ്രതികരിച്ച മഹത്തായ പാരമ്പര്യമാണ് ഇടതുപാര്‍ട്ടികള്‍ക്കും ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുമുള്ളത്. നേരത്തെയുണ്ടായിരുന്ന വിഷാദവും നൈരാശ്യവും വീണ്ടും എത്തുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ പോലെ പൊതുമേഖലാ ബാങ്കുകളും കടുത്ത ഭീഷണി നേരിടുന്നു. മഹത്തായതെല്ലാം പ്രതിസന്ധിയിലായ അവസ്ഥ.