രണ്ടു കുടിയൊഴിപ്പിക്കലുകളിലെ ഇരകളുടെ പോരാട്ടം

പ്രത്യേക ലേഖകൻ
Posted on September 17, 2020, 3:44 am

പ്രത്യേക ലേഖകൻ

ർമദാതീരങ്ങളിൽ ഇപ്പോഴും പ്രക്ഷോഭമാണ്. സമരകലുഷിതമായ നർമദ ബച്ചാവോ ആന്ദോളനെ നാം മറക്കാറുമായിട്ടില്ല. ജലത്തിൽ മുങ്ങിപ്പോയേക്കാവുന്ന തങ്ങളുടെ കുടിലുകളെയും കൃഷിയിടങ്ങളെയും തിരിച്ചുപിടിക്കാൻ ഒരു ജനത നടത്തിയ, ഇപ്പോഴും തുടരുന്ന പ്രക്ഷോഭത്തിന്റെ പേരാണ് അത്. ആദിവാസികളും ദരിദ്ര വിഭാഗങ്ങളിൽപ്പെട്ടവരുമായ ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്നതിനെതിരെ രാജ്യത്തിനകത്തെ മാത്രമല്ല പുറത്തുനിന്നുമുള്ള പരിസ്ഥിതിപ്രവർത്തകരും ഐക്യദാർഢ്യവുമായെത്തിയ ലോകശ്രദ്ധയാകർഷിച്ച ജനകീയപോരാട്ടമായിരുന്നു അത്. ഒരുപക്ഷേ രാജ്യത്തെ ഏറ്റവും ബൃഹത്തായ പരിസ്ഥിതിസംരക്ഷണ സമരങ്ങളിൽ ഒന്ന്. അതിന് പിന്നീടാണ് രാജ്യം പരിസ്ഥിതി സാക്ഷരതയിലേക്ക് കൂടുതൽ അടുത്തതെന്ന് പറ‍ഞ്ഞാലും തെറ്റാവില്ല.

വർഷങ്ങൾക്ക് മുമ്പ് നർമദയിൽ നിലനില്പിനായി ഒരു ജനത നടത്തിയ സമരത്തിന്റെ ഓർമ്മകളിലേയ്ക്ക് പോകണം. നാടു മുങ്ങിത്തീരാതിരിക്കാൻ ജലത്തിൽ മുങ്ങി നിന്നായിരുന്നു അവരുടെ ഒരു സമരരീതി. ജലസമാധി, അനിശ്ചിതകാല നിരാഹാരം എന്നിങ്ങനെ പന്തൽ കെട്ടിയും കെട്ടിയ പന്തലുകൾ അധികൃതർ പൊളിച്ചു നീക്കിയപ്പോൾ പന്തലുകളില്ലാതെ പൊരിവെയിലോ കൊടും മഴയോ കനത്ത മഞ്ഞോ വകവയ്ക്കാതെ അവർ സമരം തുടരുകയായിരുന്നു. അന്ന് ആ സമരത്തെ പരിഹസിച്ചവർ ഇപ്പോൾ മധ്യപ്രദേശിൽ നർമദയുടെ തീരങ്ങളിൽ ചെല്ലണം. അക്ഷരാർത്ഥത്തിൽ മുങ്ങിപ്പോയൊരു ജനതയായി, ആ മനുഷ്യ നിർമ്മിത പ്രളയ ജലത്തിലും സമരമിരിക്കുന്ന പോരാളികളായി ആദിവാസികളും അവശ വിഭാഗങ്ങളിൽപ്പെട്ടവരുമായ ആ നാട്ടുകാരെ കാണാം.

സംഭരണ ശേഷിയായ 137 മീറ്ററിൽ ജലം എത്തിയതിനെ തുടർന്ന് ഇപ്പോൾ വെള്ളത്തിലാണ്ടുപോയിരിക്കുകയാണ്. ജനജീവിതത്തെയും കൃഷിയെയും വെള്ളപ്പൊക്കം ബാധിച്ചു. ബർവാനി നഗരത്തിൽ ജനങ്ങൾ 16 ദിവസവും ആവാൽഡ വില്ലേജിൽ 14 ദിവസവും പട്ടിണിസമരം നടത്തി. പിച്ചോടിയിൽജനങ്ങൾ തെരുവിലിറങ്ങുകയും ചെയ്തു. ഓരോ വർഷവും വിവിധ വില്ലേജുകളെ ബാധിക്കുന്നതിനാൽ ജനങ്ങൾ വലിയ ദുരിതമാണ് നേരിടുന്നത്.

പല കുടുംബങ്ങളും തകരം കൊണ്ടുണ്ടാക്കിയ വീടുകളിലേക്ക് താമസം മാറ്റേണ്ടി വന്നു. സർദാർ സരോവർ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് ജലത്തിലാണ്ടുപോയ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് നല്കിയ പല വാഗ്ദാനങ്ങളും ഇതുവരെയും അധികൃതർ പൂർത്തീകരിച്ചിട്ടില്ല. ബർവാനി ജില്ലയിൽ 65 വില്ലേജുകളെയാണ് പദ്ധതി ബാധിച്ചത്. താമസസ്ഥലം മാത്രമല്ല കാർഷിക ഭൂമിയുൾപ്പെടെ കയ്യൊഴിയേണ്ടിവന്നു. എന്നാൽ മതിയായ കൃഷിഭൂമിയോ നഷ്ടപരിഹാരമോ ഇതുവരെയും പല വില്ലേജുകളിലെയും ജനങ്ങൾക്ക് ലഭിച്ചിട്ടില്ല. പല വില്ലേജുകളിലും ജലനിരപ്പ് സംബന്ധിച്ച പരിശോധന പോലും ഇതുവരെ നടത്തിയിട്ടില്ല. പകരം പണിയാൻ തുടങ്ങിയ വീടുകൾക്കുള്ള നിർമ്മാണത്തുക നല്കാത്തതിനാൽ പലതും പാതിവഴിയിലാണ്.

കവാത്തി വില്ലേജിൽ കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെട്ട 27 ഗ്രാമീണർ സുപ്രീംകോടതി വരെ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ എല്ലാവർക്കുമായി 60 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചുവെങ്കിലും ഇപ്പോഴും അതിനായി കാത്തിരിക്കുകയാണ്. ഒരു ഗ്രാമത്തിലെ 50 ഏക്കറോളം ഭൂമി വെള്ളത്തിലായെന്ന് റവന്യു വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയെങ്കിലും അവിടെതാമസിച്ചിരുന്നവർക്ക് ഇതുവരെ പുനരധിവാസം സാധ്യമായിട്ടില്ല. രാജ്ഘട്ടിലെ ഒന്നര ഏക്കർ വിസ്തൃതിയുള്ള ദ്വീപിൽ 17 കുടുംബങ്ങൾ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോഴും. അവരുടെ കന്നുകാലികളും അവിടെയാണുള്ളത്. പ്രളയ വഴികളിലൂടെ ജീവൻ‍ പണയം വച്ച് സഞ്ചരിച്ചാണ് ഇവർ കന്നുകാലികൾക്കുള്ള തീറ്റ സമാഹരിക്കുന്നത്.

ജലനിരപ്പ് 132 മീറ്ററായി ഉയർന്നപ്പോൾ മധ്യപ്രദേശിലെ നാലു ജില്ലകളിൽപ്പെട്ട 192 വില്ലേജുകളിലെയും ഗുജറാത്തിലെ മൂന്ന് ജില്ലകളിൽപ്പെട്ട 175 വില്ലേജുകളിലെയും 2.5 ലക്ഷം ജനങ്ങളെയാണ് അവരുടെ മണ്ണിൽ നിന്ന് പുനരധിവാസം നല്കാതെ പറിച്ചെറിഞ്ഞത്. 30,000ത്തിലധികം പേർ ഇപ്പോഴും താല്ക്കാലിക ക്യാമ്പുകളിൽതന്നെ താമസിക്കുകയാണ്.

ഇത് ഉജ്ജ്വലമായ ചെറുത്തുനില്പുണ്ടായിട്ടും കുടിയിറങ്ങേണ്ടി വന്നൊരു ജനതയുടെ ദുരിതമാണെങ്കിൽ കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് വിധേയത്വം കുടിയിറക്കാൻ പോകുന്ന ആയിരത്തോളം ആദിവാസികളുടെ ദുരിതജീവിതത്തെക്കുറിച്ചുള്ളതാണ് മറ്റൊരു വാർത്ത. അതിന് സർദാർ സരോവറിന്റെ തീരങ്ങളിൽ നിന്ന് നാം ഒഡിഷയിലെത്തണം. ഏത് വൻ വികസനവും ആദ്യം ബാധിക്കുന്നത് ആദിവാസികളെയും അധഃസ്ഥിതരെയുമാണെന്ന വർത്തമാനകാല യാഥാർത്ഥ്യം തന്നെയാണ് ഒഡിഷയിലെ സുന്ദർഗഡ് ജില്ലയിലും ആവർത്തിക്കുന്നത്. അഡാനിയെന്ന കോർപ്പറേറ്റ് ഭീമന്റെ ഖനിയിൽ നിന്ന് തുറമുഖത്തേയ്ക്ക് കൽക്കരി കൊണ്ടുപോകുന്നതിനുള്ള രണ്ടാം തീവണ്ടിപ്പാത ഒരുക്കുന്നതിനാണ് കുടിയിറക്കലിന്റെ അടുത്ത ഘട്ടം ആരംഭിക്കുവാൻ പോകുന്നത്.

ഒഡിഷയിലെ സുന്ദർഗഡ് ജില്ലയിൽ ബിസ്ര — ബിർക്കേര താലൂക്കിൽ ഉൾപ്പെടുന്ന റൂർഖേല സ്റ്റീൽ പ്ലാന്റിൽ നിന്ന് 50 കിലോമീറ്റർ വടക്കു പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന ബർഹാബൻസ് വില്ലേജിലാണ് പുതിയകുടിയൊഴിപ്പിക്കലിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബർ മൂന്നിന് ഉച്ചകഴിഞ്ഞ നേരം വൻ പൊലീസ് സംഘം ഇവിടെയെത്തി. തെക്ക് കിഴക്കൻ റയിൽവേയിലെ ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു പൊലീസ് സംഘമെത്തിയത്. ധംമ്ര തുറമുഖത്തുനിന്ന് ഝാർഖണ്ഡിലെ ഗോഡ്ഡയിലേയ്ക്ക് പുതിയ തീവണ്ടിപ്പാത പണിയുകയാണ് ലക്ഷ്യം. അഡാനിയുടെ ഊർജ്ജ പ്ലാന്റിലേയ്ക്കുള്ളതാണ് പാത. ബർഹാബൻസിൽ 700ലധികം ആദിവാസി കുടുംബങ്ങളെ കുടിയിറക്കി അഡാനിക്കുവേണ്ടിയുള്ള തീവണ്ടിപ്പാതയുടെ നിർമ്മാണത്തിന് വഴിയൊരുക്കാനാണ് ശ്രമിക്കുന്നത്. പൊലീസും റയിൽവേ ജീവനക്കാരുമെത്തിയപ്പോൾ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ആദിവാസികളും പ്രദേശവാസികളും തടിച്ചുകൂടിയത് സംഘർഷത്തിന് കാരണമാവുകയും ചെയ്തു. ആഞ്ചലിക് സുരക്ഷാസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജില്ലാ കളക്ടറെത്തി നല്കിയ ഉറപ്പിനെ തുടർന്ന് അന്ന് സംഘർഷം തണുത്തുവെങ്കിലും ഒരാഴ്ചകഴിഞ്ഞ് സെപ്റ്റംബർ പത്തിന് വൻ പൊലീസ് സംഘത്തിന്റെ സംരക്ഷണയിൽ വീണ്ടും റയിൽവേ ഉദ്യോഗസ്ഥരെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ഏത് പ്രവൃത്തിയും ആരംഭിക്കുന്നതിന് മുമ്പ് മതിയായ നഷ്ടപരിഹാരവും പുനരധിവാസ സംവിധാനവുമൊരുക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം. റൂർഖേല സ്റ്റീൽ പ്ലാന്റിനായി പാതപണിയുന്നതിന് നേരത്തെ കുടിയാഴിപ്പിക്കപ്പെട്ടതിന് തൊട്ടടുത്ത സ്ഥലമാണ് ഇപ്പോൾ വീണ്ടും ഏറ്റെടുക്കുന്നതിന് നീക്കം നടക്കുന്നത്. 40,000 ഏക്കർ ഭൂമിയാണ് റൂർഖേല പ്ലാന്റിനും അനുബന്ധ സൗകര്യമൊരുക്കുന്നതിനുമായി നേരത്തേ ഏറ്റെടുത്തിരുന്നത്. എന്നാൽ ഇതിൽ 11,000 ഏക്കർ ഭൂമി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഇതിൽവലിയൊരു ഭാഗം പിന്നീട് മറ്റ് ഏജൻസികൾക്കും സംരംഭങ്ങൾക്കുമായി കൈമാറുകയും കുറേയധികം ഭൂമി ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുകയും ചെയ്യുകയാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.

കുടിയൊഴിപ്പിക്കുന്നവർക്കായി 2008 ൽ ഒഡിഷസർക്കാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള സംവിധാനങ്ങൾ ലഭ്യമാക്കണമെന്നാണ് ഇരകൾ ആവശ്യപ്പെടുന്നത്. ജലസേചന സൗകര്യമുള്ള രണ്ട് ഏക്കർ അല്ലെങ്കിൽ ജലസേചനമില്ലാത്ത അഞ്ച്ഏക്കർ ഭൂമി പകരമായി നല്കണം, മതിയായ പുനരധിവാസം ഉറപ്പാക്കുന്നതുവരെ ആദിവാസികളെ കുടിയൊഴിപ്പിക്കരുത് എന്നിങ്ങനെയുള്ള ഉപാധികളാണ് ഭൂമി ഏറ്റെടുക്കുന്നതിന് സർക്കുലർ മുന്നോട്ടുവച്ചിരിക്കുന്നത്. പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കി മാത്രമേ കുടിയൊഴിപ്പിക്കൽ പാടുള്ളൂ എന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്.

ഈ രണ്ട് കുടിയൊഴിപ്പിക്കലുകളുടെയും ഇരകളായി മാറിയത് ആദിവാസികളും ചെറുകിടകർഷകരുമാണ്. സർദാർസരോവറിൽ സ്വന്തം ഭൂമി വിട്ടുനല്കിയവരുടെ പ്രക്ഷോഭമാണ് തുടരുന്നത്. ജനിച്ചു വളർന്ന കുടിലുകളും നട്ടു നനച്ച കൃഷിയിടങ്ങളും ഉപേക്ഷിച്ചുപോയ ഒരു ജനത വാഗ്ദാനം നല്കപ്പെട്ട പുനരധിവാസവും പകരം ഭൂമിയും ലഭിക്കാതെയാണ് പ്രക്ഷോഭത്തിൽ തുടരുന്നത്. അപ്പോഴാണ് ഒരു പുനരധിവാസപദ്ധതിയും പ്രഖ്യാപിക്കാതെ ഗൗതം അഡാനിയെന്ന പുത്തൻകോർപ്പറേറ്റിന്റെ സംരംഭത്തിന് വഴിയൊരുക്കുന്നതിന് ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഒഡിഷയിലെ ഗ്രാമങ്ങളിൽ നടക്കുന്നത്.

ഒഡിഷയിൽ തന്നെയാണ് ജഗത്‌സിങ്പൂർ ജില്ലയിൽസിപിഐ നേതാവ് അഭയ്സാഹുവിന്റെ നേതൃത്വത്തിൽ കുടിയിറക്കത്തിനെതിരെ പോസ്കോ കമ്പനിക്കെതിരായ ഉജ്ജ്വല പ്രക്ഷോഭം നടന്നത്. അത്തരമൊരു സമരത്തിന് വഴിയൊരുങ്ങുകയാണ് ബർഹാബൻസിൽ. എല്ലാ വികസനത്തിന്റെയും ആത്യന്തിക ഇരകളാകുന്നവരുടെ പ്രക്ഷോഭങ്ങളാണ് പലയിടങ്ങളിലും. അവർ നിലനില്പിനായുള്ള പോരാട്ടത്തിലാണെന്നും വികസനത്തിന്റെ വിരോധികളല്ലെന്നും തിരിച്ചറിയാൻ ഭരണകൂടങ്ങൾക്ക് സാധിക്കുന്നില്ലെന്നതാണ് നമ്മുടെ വ്യവസ്ഥയുടെ ദുര്യോഗം.