29 March 2024, Friday

Related news

March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 20, 2024

രാജ്യം മുതലാളിത്തത്തിന് അടിമപ്പെടാതിരിക്കാനുള്ള പോരാട്ടം

Janayugom Webdesk
തിരുവനന്തപുരം
May 1, 2022 12:05 am

സർവലോക തൊഴിലാളികൾ നാളിതുവരെ നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് മേയ് ദിനം ആഘോഷിക്കുകയാണ്. കോവിഡ് മഹാമാരി വിട്ടൊഴിയുമെന്ന പ്രത്യാശയിൽ തൊഴിലിടങ്ങൾ സജീവമാകാൻ തുടങ്ങുന്ന സന്ദർഭം. എങ്കിലും പുതിയ വർത്തമാനങ്ങൾ കോവിഡിന്റെ തിരിച്ചുവരവ് തൊഴിൽ സാധ്യതകളെ വീണ്ടും വിഴുങ്ങുമോ എന്ന ഭീതിയും ഇല്ലാതില്ല. ഏത് പ്രതിസന്ധികളുടെയും പശ്ചാത്തലത്തിൽ ലോക തൊഴിലാളി ദിനം അത്യാവേശത്തോടെ കൊണ്ടാടുക എന്നത് തൊഴിലാളികളുടെ അടങ്ങാത്ത ആഗ്രഹമാണ്.
ഈ മേയ് ദിനത്തിൽ ലോകം യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. ഉക്രെയ്ൻ‑റഷ്യ യുദ്ധം ചെറുതായൊന്നുമല്ല, ലോകത്തെ വിവിധ രാജ്യങ്ങളെ ബാധിച്ചിരിക്കുന്നത്. അതും തൊഴിലാളികളെയും തൊഴിലിടങ്ങളെയും. കഴിഞ്ഞ വർഷം കോവിഡാണ് തൊഴിലാളികളെ ഏറെ ബാധിച്ചത്. സമാനതകളില്ലാത്ത ഈ പ്രതിസന്ധികൾക്കു മുന്നിൽ ഏറെ പകച്ചുനിൽക്കുകയാണ് തൊഴിലാളിലോകം. പലരാജ്യങ്ങളിലും തൊഴിൽരഹിത വേതനത്തിന് അനേകായിരങ്ങൾ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
ഇന്ത്യയിലെ തൊഴിലാളി വർഗം രാജ്യത്തിന്റെ കൂടി നിലനില്പിനുള്ള പോരാട്ടത്തിലാണ്. രണ്ട് ദിവസം നീണ്ട ദേശീയ പണിമുടക്ക് അതിനുദാഹരണമായിരുന്നു. കഴി‍ഞ്ഞ മാർച്ച് 28, 29 തീയതികളിലായിരുന്നു തൊഴിലാളികളും കർഷകരും കൈകോർത്ത ഐതിഹാസിക പണിമുടക്ക്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി മുതൽ തുടങ്ങിയ നിരന്തര സമരങ്ങളുടെയും അത് പരിഹരിക്കാൻ നടന്ന ചർച്ചകളുടെയും ഫലമായാണ് തൊഴിലാളിക്ക് അന്തസോടെയും ചൂഷണങ്ങൾക്ക് ഇരയാകാതെയും തൊഴിൽ ചെയ്യാനുള്ള നിയമ പരിരക്ഷ നേടാനായത്. കഴിഞ്ഞ പത്ത് വർഷമായി രണ്ടാം സാമ്പത്തിക പരിഷ്കാരങ്ങൾക്കായി വാദിക്കുന്നവർ, തൊഴിൽ മേഖലയെ പൂർണമായും സ്വതന്ത്രം ആക്കുന്നതിനാണ് ശ്രമിക്കുന്നത്. 1991ലെ പുതിയ സാമ്പത്തിക നയങ്ങളിൽ തൊഴിൽ നിയമങ്ങളിലെ ഭേദഗതി പരമ പ്രധാന അജണ്ട ആയിരുന്നു. ഇതിനെത്തുടർന്ന്, സ്ഥിരം തൊഴിൽ എന്ന ആശയം സ്വകാര്യ മേഖലയിൽ പതുക്കെ പതുക്കെ ഇല്ലാതായി. സർക്കാർ മേഖലയിലും താല്ക്കാലിക നിയമനങ്ങൾ സ്ഥിരനിയമനങ്ങൾക്ക് വഴിമാറുന്ന സാഹചര്യം നിലനിൽക്കുന്നു.
രാജ്യത്തെ തൊഴിൽ, വ്യവസായ ബന്ധനിയമങ്ങളിൽ സമൂലമാറ്റത്തിന് ഒന്നാം മോഡി മന്ത്രിസഭ തന്നെ ഇക്കാര്യത്തിൽ ചില നടപടികൾ ആരംഭിച്ചിരുന്നു. കേന്ദ്ര ട്രേഡ് യൂണിയനുകൾ ഉയർത്തിയ ശക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നീക്കങ്ങൾ മരവിപ്പിച്ചു. എന്നാൽ, അധികാരത്തുടർച്ച ലഭിച്ചതോടെ കോർപറേറ്റ് സേവ മറയില്ലാതെ നടപ്പാക്കാൻ സർക്കാർ തുനിഞ്ഞു. ഇന്ത്യയിലെ 44 പ്രധാന തൊഴിൽനിയമം സമന്വയിപ്പിച്ച് നാല് കോഡാക്കുക എന്ന സൂത്രവിദ്യയിലൂടെയാണ് കേന്ദ്രം തൊഴിലാളികളുടെ മേൽ കൈവയ്ക്കുന്നത്. വേതന വ്യവസ്ഥകൾ, വ്യാവസായിക ബന്ധങ്ങൾ, സാമൂഹ്യ സുരക്ഷ, സുരക്ഷിതത്വവും തൊഴിൽ വ്യവസ്ഥകളും എന്നിവയാണത്. ഇതിനെതിരെയുള്ള പോരാട്ടം രാജ്യം വീണ്ടും മുതലാളിത്തത്തിന് അടിമപ്പെടാതിരിക്കാനുള്ള പോരാട്ടമായി തന്നെ കരുതാം.

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.