തട്ടമിട്ടതിന് വിദ്യാര്‍ഥിനിയെ സ്കൂളില്‍ നിന്നും ടിസി നല്‍കി പുറത്താക്കി

Web Desk
Posted on June 12, 2019, 9:11 am

തിരുവനന്തപുരം: തട്ടമിട്ടതിന് വിദ്യാര്‍ഥിനിക്ക് സ്‌കൂളില്‍ നിന്ന് ടിസി നല്‍കിയെന്ന് ആരോപണം. തിരുവനന്തപുരം മേനങ്കുളത്തെ ജ്യോതി നിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജ്യോതി നിലയം പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷംഹാന ഷാജഹാനെയാണ് പുറത്താക്കിയത്. തട്ടം ഒഴിവാക്കിയാല്‍ മാത്രമേ സ്കൂളില്‍ തുടരാന്‍ കഴിയൂവെന്നും തട്ടമിട്ട് ഈ കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു പുറത്താക്കിയതെന്നു ഷംഹാന പറയുന്നു.

കവടിയാറിലെ നിര്‍മ്മലാ ഭവനിലായിരുന്നു ഏഴാം ക്ലാസുവരെ ഷംഹാന പഠിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം കുടുംബം കണിയാപുരത്തിനടുത്തുള്ള കഠിനംകുളത്തേക്ക് താമസം മാറിയതിനാല്‍ ജ്യോതി നിലയം സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ ലഭിച്ചത്.

അഞ്ചാം ക്ലാസ് മുതല്‍ തട്ടമിടാറുണ്ടെന്നും അഡ്മിഷന് പോയ സമയത്തും ഇന്റര്‍വ്യൂവിന് പോയ സമയത്തും തലയില്‍ ഷാള്‍ ധരിച്ചിരുന്നു. അപ്പോഴൊന്നും അവര്‍ ഈ സ്‌കൂളില്‍ തട്ടമിടാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നും മാതാവ് ഷാമില പറയുന്നു.

അതേസമയം, തട്ടവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും സ്‌കൂളിലെ സൗകര്യങ്ങള്‍ തൃപ്തിയല്ലാത്തതുകൊണ്ടാണ് വിദ്യാര്‍ഥിനി ടി സി വാങ്ങിയതെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

You May Also Like This: